സര്‍വതന്ത്ര സ്വതന്ത്രനായ മന്ത്രി ജലീലും സ്വതന്ത്ര വ്യക്തിയായ ബിനീഷും

മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരുന്നു. സ്വര്‍ണക്കടത്ത് കേസിന് ഇത്രയധികം നെഞ്ചിടിപ്പുയര്‍ത്താന്‍ കഴിയുമെന്ന് കേരളം കരുതിയില്ല. പക്ഷേ നെഞ്ചിടിപ്പ് കൂടുമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയൊഴികെ മറ്റെല്ലാവരെയും സംശയിച്ചവര്‍ക്കാണ് തെറ്റു

പറ്റിയത്. പാര്‍ട്ടിയുമായി ബന്ധമുള്ളവരാരെങ്കിലും ആരോപണവിധേയരായോ എന്ന് നാഴികയ്ക്കു നാല്‍പതുവട്ടം വെല്ലുവിളിച്ച സി.പി.എം നേതാക്കളോടെങ്കിലും മുഖ്യമന്ത്രിക്ക് സത്യം തുറന്നു പറയാമായിരുന്നു. കേരളത്തിന്റെ ഒരു മന്ത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങള്‍ക്കു മുന്നിലിരിക്കുന്നു.  പാര്‍ട്ടിക്കും പൊളിറ്റിക്സിനും അപ്പുറം ബിനീഷ് കോടിയേരിയുടെ സാമ്പത്തികഇടപാടുകള്‍ കേരളത്തിനു മുന്നിലുയര്‍ത്തുന്ന ചോദ്യങ്ങള്‍ അതിഗുരുതരമാണ്. അപമാനകരമാണ്. അവിശ്വസനീയമാണ്, ഇടതുപക്ഷത്തിന്റെയും ഇടതുസര്‍ക്കാരിന്റെയും അവസ്ഥ. 

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു മന്ത്രിയാണ് നമ്മളെ ഭരിക്കുന്നത് എന്നതില്‍ കേരളത്തിന് അഭിമാനിക്കാം. കാരണം അതും ഒരു ചരിത്രനേട്ടമാണ്. മുഖ്യമന്ത്രി അവസാനം വരെ മന്ത്രി ജലീലിനെ സംരക്ഷിക്കണം. പ്രതിപക്ഷം നാണക്കേടെന്നൊക്കെ പറയും. പക്ഷേ സ്വര്‍ണക്കടത്തു കേസ് വന്നതിനു ശേഷം രാഷ്ട്രീയധാര്‍മികത, ഭരണപരമായ ഉത്തരവാദിത്തം എന്നീ വാക്കുകള്‍ ഇടതുരാഷ്ട്രീയത്തില്‍ നിന്ന് നീക്കം ചെയ്തുവെന്നതാണ് മുഖ്യമന്ത്രി സ്വീകരിച്ച ഏറ്റവും പ്രധാന നടപടി. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ മകന്‍ സ്വര്‍ണക്കടത്ത് –മയക്കുമരുന്നു കേസില്‍ അന്വേഷണം നേരിടുമ്പോഴാണ് വെറും ചട്ടലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ചെയ്യുന്നത്. ഇടതുപക്ഷം പഴയ ഇടതുപക്ഷമല്ലെന്നു പ്രതിപക്ഷം മാത്രമല്ല, ജനവും തിരിച്ചറിയേണ്ടതുണ്ട്. 

പക്ഷേ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തതോടെ കഥ മാറി. ബിനീഷ് കോടിയേരി ഒരു സ്വതന്ത്രവ്യക്തിയാണ്. വ്യക്തിപരമായ ആരോപണം വ്യക്തികള്‍ തന്നെ നേരിടും. സി.പി.എമ്മിന് ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ബാധ്യതയില്ല. പക്ഷേ  ബിനീഷ് കോടിയേരി എന്ന പേരുച്ചരിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പോലും സി.പി.എം പ്രതിനിധികള്‍ പങ്കെടുക്കില്ല. സ്വതന്ത്രവ്യക്തിയാണെങ്കില്‍ അനില്‍ നമ്പ്യാരെക്കുറിച്ചും ഹരിരാജിനെക്കുറിച്ചും റമീസിനെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തതുപോലെ ബിനീഷ് കോടിയേരിയെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിക്കാന്‍ എന്താണ് പ്രശ്നം? അതു പറ്റില്ല. ഇത് ഒരു പ്രത്യേകതരം സ്വാതന്ത്ര്യമാണ്.  സി.പി.എമ്മിന്റെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ദയനീയം എന്ന വാക്കും തികയില്ല.  

കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കണ്ട എന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല. എല്ലാ കുറ്റവും ശിക്ഷിക്കപ്പെടാറില്ല. പക്ഷേ ശിക്ഷിക്കപ്പെടാത്തതുകൊണ്ടു കുറ്റം ചെയ്തില്ല എന്നര്‍ഥവുമില്ല. ഉന്നതസ്വാധീനമുള്ള എത്ര പേര്‍ കള്ളപ്പണക്കേസുകളില്‍ സത്യസന്ധമായ അന്വേഷണം പോലും നേരിട്ടിട്ടുണ്ട് എന്നത് ചരിത്രം. രാഷ്ട്രീയമായ ഒത്തുതീര്‍പ്പുകള്‍ ലംഘിക്കപ്പെടുമ്പോഴല്ലാതെ ഒരു നേതാവും ശിക്ഷിക്കപ്പെടുന്നതു പോയിട്ട് അന്വേഷണം പോലും നേരിട്ടിട്ടില്ല. അതുകൊണ്ട് നിയമത്തെയും നടപടിയെയുമൊന്നും പേടിക്കേണ്ട കാര്യം സി.പി.എമ്മിനില്ല. പക്ഷേ മാധ്യമങ്ങളുണ്ടാക്കിയ പുകമറ, വേട്ടയാടല്‍ എന്നീ പ്രചാരണങ്ങള്‍ കൊണ്ട് മറച്ചു പിടിക്കാവുന്നതിലുമപ്പുറത്തേക്ക് വസ്തുതകള്‍  വന്നുകൊണ്ടേയിരിക്കുകയാണ്. ന്യായീകരണത്തിന്റെ അസാധ്യ പതിപ്പുകള്‍ പരിചയപ്പെടാനായി എന്നതാണ് സ്വര്‍ണക്കടത്തു കേസില്‍ കേരളത്തിനുണ്ടായ നേട്ടം.

കള്ളം പറഞ്ഞ ശേഷം സത്യത്തിന്റെ ശക്തിയെക്കുറിച്ചു പേടിപ്പിക്കുന്ന മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുടെ സ്വതന്ത്രവ്യക്തിയായ മകനും ഗുരുതരമായ ചോദ്യങ്ങളിലേക്ക് കേരളത്തെ എത്തിച്ചിരിക്കുന്നു.  ഈ പുതിയ ഇടതു ന്യായീകരണ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍, രാഷ്ട്രീയമര്യാദയുണ്ടെങ്കില്‍ എന്നൊക്കെ പ്രതിപക്ഷം ബഹളം വച്ചിട്ട് ഒരു കാര്യവുമില്ല. തല്‍ക്കാലം എല്ലാ ചോദ്യങ്ങളെയും മറികടക്കുന്ന ശബ്ദത്തില്‍  മുസ്‍ലിം ലീഗ് എം.എല്‍.എയുടെ നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് ശബ്ദമുയര്‍ത്തി സി.പി.എം ഒഴിഞ്ഞുമാറും. അതിനിടയില്‍ മാവോയിസ്റ്റുകളെന്നു മുദ്ര കുത്തി പിണറായി സര്‍ക്കാര്‍ ജയിലിലടച്ച യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ചോദ്യങ്ങളും ഇടതുരാഷ്ട്രീയത്താകെ നാണം കെടുത്തിയാലും സി.പി.എം അവഗണിക്കും. . ധാര്‍മികതയുടെ, നീതിബോധത്തിന്റെ ഒരു ചോദ്യവും കേരളത്തിലെ സി.പി.എമ്മിന് ഇന്നു ബാധകമല്ലെന്ന് ആ കോടതിവിധി ഓര്‍മിപ്പിക്കുന്നുണ്ട്. 

ഇടതുപക്ഷരാഷ്്ട്രീയം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയെ ശരിയായി മനസിലാക്കാന്‍ ഈ കേട്ട വാക്കുകള്‍ ഓര്‍ത്താല്‍ മതി. വിദ്യാര്‍ഥികളെ 

മാവോയിസ്റ്റാക്കുന്ന സി.പി.എമ്മിന്റെ മുഖ്യമന്ത്രി. മനുഷ്യരായി കാണണമെന്നു തിരുത്തുന്ന കോടതി. കാഴ്ചപ്പാടുകള്‍ പ്രധാനമാണ്. കൂടുതല്‍ നീതിയുക്തമായ സമൂഹവും വ്യവസ്ഥിതിയും വരണമെന്നു വിശ്വസിച്ച യുവാക്കളെ കരിനിയമം ചുമത്തി തുറുങ്കലില്‍ അടച്ച മുഖ്യമന്ത്രിയും അതിനെ ന്യായീകരിച്ച പാര്‍ട്ടിയും. അതേ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന രാജ്യവിരുദ്ധ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന ആരോപണം ഒരു പ്രശ്നമേയല്ല. ന്യായീകരിച്ചു ന്യായീകരിച്ചു പാര്‍ട്ടി നേതാക്കള്‍ ക്ഷീണിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറയുന്നതിനപ്പുറം ഒരു ചോദ്യമില്ലെന്ന അവസ്ഥ ഇടതുപക്ഷത്തെയാകെ വലിയ ഒരു പ്രതിസന്ധിയിലേക്കു തള്ളിയിട്ടിരിക്കുന്നു. തെറ്റു പറ്റിയതെവിടെയെന്നു തിരയാന്‍ ഒരു ചൂണ്ടുവിരല്‍ പോലും  ഉയരുന്നില്ലെങ്കില്‍  ഏത് ഭരണാധികാരവും ജീര്‍ണിച്ചു 

പോകുമെന്ന് കേരളം അതിന്റെ രാഷ്ട്രീയചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുകയാണ്.