മെലാനിയയുടെ ആഫ്രിക്കന്‍ സഫാരി

ഭര്‍ത്താവിന്‍റെ നിഴലില്‍ നിന്ന് മാറി സ്വന്തം വ്യക്തിത്വം ലോകമെങ്ങും എത്തിക്കുകയാണ് യുഎസ് പ്രഥമവനിത മെലാനിയ ട്രംപ്. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മെലാനിയ തനിച്ച് സന്ദര്‍ശനം നടത്തുന്നത്. ഭര്‍ത്താവ്‍ ഡോണള്‍ഡ് ട്രംപ് വൃത്തികെട്ടവയെന്ന് വിശേഷിപ്പിച്ച അതേ രാജ്യങ്ങളിലൂടെ മെലാനിയ കടന്നുപോയി 

കറുത്തവര്‍ഗക്കാരോടുള്ള അവജ്ഞ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള ഡോണള്‍ഡ് ട്രംപിന്‍റെ ഭാര്യ തനിച്ചാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഘാനയുടെ പ്രഥമവനിത റബേക്ക അകുഫോ അഡോയുടെ നേതഡത്വത്തില്‍ ഉൗഷ്മളസ്വീകരണമാണ് മെലാനിയക്ക് ലഭിച്ചത്. പരമ്പരാഗത നൃത്തരൂപങ്ങളും അമേരിക്കന്‍ പതാകകളേന്തിയ കുട്ടികളും സ്വീകരണച്ചടങ്ങിനെ വര്‍ണാഭമാക്കി. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ എന്നും തല്‍പരയായ മെലാനിയ ഘാന തലസ്ഥാനമായ അക്രയിലും കണ്ടത് കുട്ടികളെയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. അമ്മമാരോട് സുഖവിവരം തിരക്കി. 

സമ്മാനങ്ങള്‍ നല്‍കിയും കുഞ്ഞുങ്ങളെ താലോലിച്ചും ദിവസം ചിലവിട്ടു മെലാനിയ തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ ഔദ്യോഗികവസതിയില്‍ വിരുന്ന്.  ഗോള്‍ഡ് കോസ്റ്റില്‍ കറുത്തവന്‍റെ അടിമത്തതിന്‍റെ ഓര്‍മകള്‍ പേറുന്ന കേപ് കോസ്റ്റ് കാസിലിലായിരുന്നു അടുത്ത സന്ദര്‍ശനം. കാസില്‍ ചുറ്റിനടന്നുകണ്ട പ്രഥമവനിത ഓരോന്നും ചോദിച്ചുമനസിലാക്കി. സാധാരണ മാധ്യമങ്ങളെ ഒഴിവാക്കുന്ന മെലനിയ ഇക്കുറി ചിരിച്ചുകൊണ്ട് ക്യാമറകള്‍ക്ക് മുന്നിലേക്ക് വന്നു.ക റുത്തവര്‍ഗക്കാരുടെ യാതനകള്‍‍ എക്കാലത്തും വേദനയുളവാക്കുന്നവയാണെന്ന് അവര്‍ അഭിപ്രായപ്പട്ടു. കാസിലിന് പുറത്ത് കൂടിനിന്ന ആരാധകര്‍ ആവേശത്തോടെയാണ് മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനത്തെ വരവേറ്റത്. 

എന്താണ് തനിച്ച് ആഫ്രിക്കന്‍ സവാരിക്കിറങ്ങാന്‍ മെലാനിയ ട്രംപിനെ പ്രേരിപ്പിച്ചത് ? അതും ജഡ്ജ് കവെനോയുടെ ബലാല്‍സംഘക്കേസും ട്രംപിന്‍റെ നികുതിവെട്ടിപ്പുമടക്കം വൈറ്റ്ഹൗസ് അസ്വസ്ഥമായിരിക്കുന്ന ഈ സമയത്ത്. ഭര്‍ത്താവിനെക്കുറിച്ച് നല്ലത് പറയിക്കാനുള്ള പ്രകടനമെന്ന് ചിലര്‍. അതല്ല ആഫ്രിക്കന്‍ രാജ്യങ്ങളെ ഇഷ്ടമല്ലാത്ത, ഒരിക്കലും ആഫ്രിക്ക സന്ദര്‍ശിച്ചിട്ടില്ലാത്ത് പ്രസിഡന്‍റിനെ മര്യാദ പഠിപ്പിക്കാനെന്ന് മറ്റുചിലര്‍. ഏതായാലും കറുത്തവരോടുള്ള ട്രംപിന്‍റെ വിരോധം തന്നെയാണ് ഇതില്‍ മുഖ്യം.  മുന്‍ പ്രസിഡന്‍റ് ബറാക് ഒബായുടെ പോലും ആഫ്രിക്കന്‍ വേരുകള്‍ തോണ്ടിയെടുത്ത് അപമാനിച്ചയാളാണ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ സ്ലൊവേനിയയില്‍ ജനിച്ച മെലാനിയക്ക് ഈ നിലപാടിനോട് യോജിപ്പുണ്ടായിരുന്നില്ല. അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിട്ടുള്ള ടെക്സസിലെ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയയുടെ വേഷം വിവാദമായിരുന്നു. 

മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലനിയ, ടെക്സസിലെ തടങ്കലിൽ എത്തിയപ്പോൾ ധരിച്ച ജാക്കറ്റിലെ എഴുത്താണു വിവാദത്തിലേക്കു നയിച്ചത്. 'ഞാനിതൊട്ടും കാര്യമാക്കുന്നതേയില്ല, നിങ്ങളോ? (I REALLY DON'T CARE.. DO YOU? ) എന്നത് ട്രംപിന്‍റെ ഉന്നം വച്ചാണെന്ന് ചിലരെങ്കിലും വ്യാഖ്യാനിച്ചു. തനിച്ചുള്ള യാത്രയ്ക്ക് മെലാനിയ ആഫ്രിക്ക തിരഞ്ഞെടുത്തതില്‍ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നാണ് വൈറ്റ്ഹൗസ് അവകാശപ്പെടുന്നത്. മുമ്പും പ്രഥമവനിതകള്‍, ഹിലറി ക്ലിന്‍റണ്‍ മുതല്‍ മിഷേല്‍ ഒബാമവരെ തനിച്ച് ആഫ്രിക്കയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ കറുത്തവര്‍ഗക്കാരെ കയ്യിലെടുക്കുകയാണ് മെലാനിയയുടെ ആഫ്രിക്കൻ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്നും ചില നിരീക്ഷകര്‍ പറയുന്നു.