സുനാമി വിഴുങ്ങിയ സുലവേസി

നഷ്ടങ്ങളുടെ നാടാണ് ഇന്തൊനീഷ്യ. ഭൂചലനം, സൂനാമി, അഗ്നിപര്‍വതസ്ഫോടനം തുടങ്ങി അടിയ്ക്കടിയുണ്ടാവുന്ന മഹാദുരന്തങ്ങള്‍ ഈ കൊച്ചുരാജ്യത്തെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു. ഇതില്‍ ഒടുവിലത്തേതാണ് ഇന്തൊനീഷ്യയുടെ കിഴക്കുള്ള സുലവേസി ദ്വീപിനെയാകെ തകര്‍ത്തെറിഞ്ഞ ഭൂചലനവും സൂനാമിയും. ആള്‍നാശമടക്കം സുലവേസിയിലെ നഷ്ടങ്ങള്‍ കണക്കുകള്‍ക്കും എത്രയോ മുകളിലാണ്. 

ഡൊങ്കാല. ഇന്തൊനീഷ്യയുടെ കിഴക്ക് സുലവേസി ദ്വീപിലെ കടലിടുക്കിനോട് ചേര്‍ന്ന് കിടക്കുന്ന മേഖല. മൂന്ന് ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്നു. ഏറെയും മല്‍സ്യതൊഴിലാളികള്‍. ഇവിടെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച വൈകീട്ട് പ്രാദേശികസമയം ആറുമണിയോടെ 7.5 തീവ്രതയില്‍ ഭൂമി കുലുങ്ങിതുടങ്ങി. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഈവര്‍ഷം ഉണ്ടായ ഏറ്റവും തീവ്രമായ ഭൂചലനം.

നിമിഷനേരംകൊണ്ടാണ് ഡൊങ്കാല പൂര്‍ണമായും തകര്‍ന്നടിഞ്ഞത്. രാത്രിയിലേക്ക് പ്രവേശിച്ചതോടെ സമാനതീവ്രതയുള്ള ഭൂചലനം സുലവേസിയിലെ തീരനഗരമായ പാലുവിലും ഉണ്ടായി. കെടിടങ്ങളെല്ലാം നിലംപൊത്തി. റോഡുകള്‍ വിണ്ടുകീറി. രാത്രിയിലും മേഖലയിലാകെ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഭൂചലനത്തിന് പിന്നാലെ സൂനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മീറ്റര്‍വരെ തിരകള്‍ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജിയോ ഫിസിക്സ് ഏജന്‍സിയും പറഞ്ഞെങ്കിലും 30 മിനിറ്റിനുശേഷം മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പാലു തീരത്തേക്ക് സൂനാമി തിരകള്‍ ഇരച്ചുകയറി

ആറ് മീറ്റര്‍വരെ ഉയര്‍ന്ന രാക്ഷസതിരകള്‍ തീരപ്രദേശത്തെ കെട്ടിടങ്ങളെയെല്ലാം വിഴുങ്ങി. ബീച്ച് ഫെസ്റ്റിവലിന് ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങളെ ഒറ്റയടിക്ക് തിരയെടുത്തു. ഓടി രക്ഷപ്പെടാന്‍പോലും ഒരാള്‍ക്കും സമയം ലഭിച്ചില്ല. വഴിയിലെ റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങി. നഗരം പൂര്‍ണമായും ഒറ്റപ്പെട്ടു. ഇരുട്ടിവെളുത്തപ്പോള്‍ നിലവിളിക്കുന്ന ഇന്തൊനീഷ്യയെയാണ് ലോകം കണ്ടത് .പാലുപൂര്‍ണമായും ശ്മശാന ഭൂമിയായിമാറി. റോഡുകളും നഗരത്തിലെ പ്രധാനപാലവും തകര്‍ന്നു.കെട്ടിടങ്ങള്‍ ഒന്നും അവശേഷിച്ചില്ല. ഭൂചലത്തില്‍ തകരാതെ പിടിച്ചുനിന്നവയും തിരകളില്‍ തകര്‍ന്നു.

ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. കൂടുതല്‍ ഭാഗങ്ങളില്‍ സൂനാമി അടിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തികൂട്ടി. നഗരത്തിലെ പ്രധാന ആശുപത്രിയും  തകര്‍ന്നതോടെ പരുക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കാന്‍ ഇടമില്ലാതായി. തെരുവുകള്‍ ടെന്റുകളാല്‍ നിറഞ്ഞു. ജക്കാര്‍ത്തയില്‍ നിന്ന് സൈന്യവും സുലവേസിയിലേക്ക് തിരിച്ചു. പാലുവിലെ ഉള്‍നാടന്‍പ്രദേശമായ പെടോബയിലാണ് ഏറ്റവും വലിയ നാശനഷ്ടം. 

ദുരന്തമുണ്ടായി നാല്ദിവസത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിചേരാന്‍ സാധിച്ചത്. പാലുവില്‍ ബൈബിള്‍ ക്യാംപില്‍ പങ്കെടുത്ത 34 കുട്ടികളും മരിച്ചു. ഇതുവരെ ദുരന്തത്തിന്റെ പൂര്‍ണ ചിത്രം മനസിലാക്കാനായിട്ടില്ല. മരിച്ചവരെയെല്ലാം വലിയ കുഴിമാടങ്ങളില്‍ ഒരുമിച്ച് അടക്കം ചെയ്യുകയാണ്. പതിനഞ്ച് ലക്ഷത്തിലേറെ പേരയാണ് സൂനാമി ബാധിച്ചത്. ഇതില്‍ 60,000ത്തിനടുത്ത് കുട്ടികളാണ്. രാജ്യാന്തരസമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ജോക്കോ വിഡോഡോ.  

മഹാദുരന്തത്തിലേക്ക് ഇന്തൊനീഷ്യയെ തള്ളിവിട്ടത് മുന്നറിയിപ്പ് സംവിധാനങ്ങളില്‍ വന്ന ഗുരുതരമായ പാളിച്ചയാണ്. സൂനാമി മുന്നറിയിപ്പ് നല്‍കി മുപ്പ്ത് മിനിറ്റിനുള്ളില്‍ പിന്‍വലിച്ചു. പല ഉപകരണങ്ങളും വേണ്ടവിധം പ്രവര്‍ത്തിച്ചില്ല. രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. 

ഇന്തൊനീഷ്യയുടെ മെട്രോളജിക്കല്‍ ആന്‍റ് ജിയോഫിസിക്സ് ഏജന്‍സിയായ ബി.എം.കെ.ജി സൂനാമി മുന്നറിയിപ്പ്  നല്‍കിയെങ്കിലും 30 മിനിറ്റിനുശേഷം ഇത് പിന്‍വലിച്ചു. തൊട്ടുപിന്നാലെ സൂനാമി ആഞ്ഞടിച്ചു. തിരകള്‍ കരയില്‍  ആഞ്ഞടിക്കും മുന്‍പ് കടലില്‍ 800 കിലോമീറ്റര്‍ വേഗമാര്‍ജിച്ചിരുന്നു.വിവാദമായതോടെ ടെക്സ്റ്റ് മെസേജുകളായി മുന്നറിയിപ്പ് നല്‍കിയെന്നും ഇത് എല്ലാവരിലും എത്തിക്കാണില്ലെന്നും പറഞ്ഞ് അധികൃതര്‍ കൈയ്യൊഴിഞ്ഞു. സാധാരണ സൂനാമി മുന്നറിയിപ്പുണ്ടെങ്കില്‍ തീരപ്രദേശത്ത് മുഴങ്ങുന്ന സയറണും ഇത്തവണ പ്രവര്‍ത്തിപ്പിച്ചില്ല. 

രണ്ടരലക്ഷത്തിലേറെ ജീവനെടുത്ത 2004ലെ സൂനാമി ദുരന്തത്തെ തുടര്‍ന്ന് ഇന്തൊനീഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേഖലകളിലും വിപുലമായ മുന്നറിയിപ്പ് സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. 

ഭൂചലത്തിന്റെ തോത് നിരന്തരം നിരീക്ഷിക്കാന്‍ 170 സീസ്മിക് ബ്രോഡ് ബാന്റ് സ്റ്റേഷനുകള്‍  270 ആക്സെലറോമീറ്റര്‍ സ്റ്റേഷനുകള്‍,  കടലിലെ ജലനിരപ്പ് അറിയാന്‍ 137 ടൈഡല്‍ ഗെയ്ജുകള് തുടങ്ങിയവ വിവിധമേഖലകളില്‍ സ്ഥാപിച്ചു. എന്നാല്‍ സ്ഥാപിച്ചതല്ലാതെ ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന അന്വേഷിക്കാനും കൂടുതല്‍ മികച്ച മുന്നറിയ്പ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കാനും ഉദ്യോഗസ്ഥരോ ഭരണകൂടമോ ശ്രമിച്ചില്ല. 

തകരാറിലായ ഭൂരിഭാഗം ഉപകരണങ്ങളുടെയും അറ്റകുറ്റപണിക്കുപോലും ബജറ്റില്‍ തുക അനുവദിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും വീഴ്ച സംഭവിച്ചു. പലമേഖലകളും രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് ഏറെ വൈകിയാണ്.