അസംഘടിത മേഘലയോടുള്ളത് തൊഴിലാളി സ്നേഹം തന്നെയോ?

നരേന്ദ്ര മോദി സര്‍ക്കാര്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിന് ഏറെ കൈയ്യടി കിട്ടിയിരുന്നു. വോട്ടില്‍ നോട്ടമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങള്‍. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വാരിക്കോരി നല്‍കി. രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നു. പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ പദ്ധതി. മോദി സര്‍ക്കാരിന് പാവപ്പെട്ടവരോടുള്ള കരുതലിന്‍റെ ഉദാഹരണമെന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി. ശരിക്കും ഇതിന് പിന്നില്‍ തൊഴിലാളി സ്നേഹം തന്നെയാണോ? അതോ മറ്റെന്തെങ്കിലും നിഗൂഢ ലക്ഷ്യങ്ങളുണ്ടോ?

രാജ്യാന്തര തൊഴില്‍ സംഘടന അഥവാ െഎഎല്‍ഒയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരില്‍ തൊണ്ണൂറ്റിരണ്ട് ശതമാനവും അസംഘടിതമേഖലയിലാണ്. സ്ഥിര വരുമാനമില്ലാത്തവര്‍. തൊഴില്‍ സുരക്ഷിതത്വമില്ലാത്തവര്‍. തുച്ഛമായ പണം കൊണ്ട് ജീവിതം മുന്നോട്ട് വലിച്ചുകൊണ്ടുപോകുന്നവര്‍. അവരില്‍ വഴിയോരക്കച്ചവടക്കാരുണ്ട്. വീട്ടുജോലിക്കാരുണ്ട്. കര്‍ഷകത്തൊഴിലാളികളുണ്ട്. കെട്ടിട നിര്‍മാണം, ബീഡി, കൈത്തറി, തുകല്‍, ചൂള തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്നവരുണ്ട്. റിക്ഷവലിക്കുന്നവരുണ്ട്. 

രാജ്യത്തെ തൊഴിലെടുക്കുന്നവരില്‍ മഹാഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളുന്ന മേഖല. പക്ഷെ അസംഘടികമേഖലയിലെ അരക്ഷിതരെ കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ അവഗണിച്ചു. നോട്ട് നിരോധനം അസംഘടിത മേഖലയുടെ നടുവൊടിച്ചു. ഗ്രാമീണമേഖലയില്‍ പട്ടിണി പുകഞ്ഞു. തൊഴില്‍ നഷ്ടമായി നിരവധി പേര്‍ ജീവിതത്തിനും ആത്മഹത്യയ്ക്കും ഇടയില്‍ നീറി നീറി മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ കൂടിയാണ് അസംഘിതമേഖലയിലെ തൊഴിലാളികള്‍ പെന്‍ഷന്‍ പ്രഖ്യാപിച്ച് പിയൂഷ് ഗോയല്‍ ഹീറോയായത്.

പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ പദ്ധതി നടപ്പാക്കാനുള്ള വിജ്ഞാപനം ഫെബ്രുവരി 7നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയത്. പെന്‍ഷന്‍ പദ്ധതിയില്‍ 40 കഴിഞ്ഞവര്‍ക്ക് ചേരാന്‍ കഴിയില്ല എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 18 മുതല്‍ 40വരെയാണ് പ്രായപരിധി. മറ്റു പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായവരെയും ആദായ നികുതി നല്‍കുന്നവരെയും ഒഴിവാക്കി.

ഭാര്യയ്ക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും നോമിനിയാക്കാം. കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും നോമിനിയാക്കാന്‍ പറ്റില്ല. തൊഴിലാളി മരിച്ചാല്‍ മക്കള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഒരു മാസം 15,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ചേരാന്‍ കഴിയില്ല. അംഗമാകുന്നവര്‍ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ 3000 രൂപ പെന്‍ഷന്‍ പ്രതിമാസം ലഭിക്കും. എന്‍പിഎസ്, ഇഎസ്െഎ, ഇപിഎഫ് എന്നിവയില്‍ അംഗമായവര്‍ക്ക് ചേരാനാവില്ല. 

പെന്‍ഷന്‍ പദ്ധതിയില്‍ തൊഴിലാളി നിശ്ചിത തുക അടയ്ക്കുമ്പോള്‍ അത്രയും തുക സര്‍ക്കാരും അടയ്ക്കും. 18 വയസു മുതല്‍ 40 വയസുവരെ ഒാരോ പ്രായത്തിലുള്ളവരും അടയ്ക്കേണ്ട തുകയില്‍ മാറ്റമുണ്ട്. 18 വയസുള്ള തൊഴിലാളി ചേരുമ്പോള്‍ 55 രൂപയാണ് അടയ്ക്കേണ്ട വിഹിതം. സര്‍ക്കാരും 55 രൂപ അടയ്ക്കും. 30 വയസുകാരന് 105 രൂപ. 40 വയസുള്ള തൊഴിലാളി അടയ്ക്കേണ്ട തുക 200 രൂപയാണ്. 200 രൂപ സര്‍ക്കാരും അടയ്ക്കും. 

നാല്‍പത് വയസുള്ള തൊഴിലാളിക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ഇരുപത് വര്‍ഷം കാത്തിരിക്കണം. തീര്‍ത്തും ദുരിത പൂര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളി അറുപത് വയസുവരെ ജീവിച്ചിരിക്കുമോയെന്നത് നിശ്ചയമില്ല. പ്രതിമാസം ഇരുനൂറ് രൂപയെന്നത് മെച്ചപ്പെട്ട ജീവിത സാഹചര്യവും, ഉയര്‍ന്ന വേതനവുമെല്ലാമുള്ള കേരളത്തിലുള്ളവരെ സംബന്ധിച്ച് അത്രയൊന്നും വലിയ തുകയല്ലായിരിക്കാം. എന്നാല്‍ ഇന്ത്യയിലെ മറ്റിടങ്ങളിലെ കാര്യം അങ്ങിനെയല്ല. ഗ്രാമങ്ങളില്‍ 22 രൂപ 40 പൈസയും നഗരങ്ങളില്‍ 28 രൂപ 65 പൈസയും ദിവസ വരുമാനമുള്ളവര്‍ ദാരിദ്രരേഖയ്ക്ക് മുകളിലാണെന്ന മാനദണ്ഡം നിശ്ചയിച്ചിട്ടും ബഹുഭൂരിപക്ഷം ദാരിദ്രരേഖയ്ക്ക് കീഴേയാണെന്നതാണ് നമ്മുടെ നാടിന്‍റെ യാഥാര്‍ഥ്യം. 

ചുരുക്കിപ്പറഞ്ഞാല്‍ ഇരുപത് വര്‍ഷം കഴിഞ്ഞ് യാഥാര്‍ഥ്യമാകാനിരിക്കുന്ന പദ്ധതിക്കാണ് ഇത്രയെല്ലാം വീമ്പുപറച്ചില്‍. 40 വയസ് എന്ന പരിധി നിശ്ചയിച്ചതോടെ ചെറുതല്ലാത്തൊരുവിഭാഗം തൊഴിലാളികള്‍ക്കും പദ്ധതി അപ്രാപ്യമായി. പ്രതിമാസ വിഹിതം അടയ്ക്കുന്നതിനു മുടക്കം വന്നാല്‍ കുടിശിക പലിശ സഹിതം പാവപ്പെട്ട തൊഴിലാളി അടയ്ക്കണം. പദ്ധതിയിലെ അംഗം മരിച്ചാല്‍ നോമിനിക്ക് തുടര്‍ന്നും വിഹിതം അടയ്ക്കാനും എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ വരുമാനം നിലച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്ന അനാഥമായ കുടുംബത്തിന് പെന്‍ഷന്‍ തുക അടയ്ക്കോ അതോ വിശപ്പടക്കാന്‍ ശ്രമിക്കണോ?പെന്‍ഷന്‍ ലഭിക്കുന്ന അംഗം മരിച്ചാല്‍ നോമിനിക്ക് പകുതി പെന്‍ഷനേ ലഭിക്കൂ. 

വ്യവസ്ഥകളിലും പെന്‍ഷന്‍ തുകയിലും മാറ്റം വേണമെന്ന ആവശ്യം ബിഎംഎസ് തന്നെ പങ്കുവെയ്ക്കുന്നുണ്ട്. 

പെന്‍ഷന്‍ പദ്ധതിയെ പൂര്‍ണമായും തള്ളിപ്പറയുകയല്ല. പക്ഷെ, തൊഴിലാളികളുടെ യഥാര്‍ഥ ജീവിതാവസ്ഥയെയും അവരുടെ ആവശ്യങ്ങളെയും ആത്മാര്‍ഥമായി പരിഗണിക്കണം. പരിഷ്ക്കരിക്കണം. വന്‍കിട മുതലാളിമാര്‍ കോടികളുടെ തട്ടിപ്പുനടത്തി വിദേശത്ത് സസുഖം വാഴുന്ന ജനാധിപത്യമാണ് നമ്മുടേത് എന്നുകൂടി ഒാര്‍ക്കണം. തിരഞ്ഞെടുപ്പ് ജൂമ്‍ലയ്ക്ക് അഥവാ തട്ടിപ്പ് അപ്പുറമുള്ള താങ്ങും തണലുമാണ് തൊഴിലാളികള്‍ക്ക് ആവശ്യം.