നിതിന്‍ ഗഡ്കരി അടുത്ത പ്രധാനമന്ത്രിയാകുമോ?

നിതിന്‍ ഗഡ്കരി അടുത്ത പ്രധാനമന്ത്രിയാകുമോ? ഇങ്ങിനെയൊരു ചോദ്യം ദേശീയ രാഷ്ട്രീയത്തില്‍ കറങ്ങിത്തിരിയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. പൊട്ടുംപൊടയുംവെച്ചുള്ള ചുമ്മ ഒരു അഭ്യൂഹമല്ല. ചില സൂചനകളും കരുനീക്കങ്ങളുമാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഇന്ധനം പകരുന്നത്. ബിജെപിക്ക് അധികാരത്തുടര്‍ച്ച കിട്ടിയാല്‍ നിതിന്‍ ഗഡ്കരി ഒരു പക്ഷെ പ്രധാനമന്ത്രിയായേക്കാം. സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം. 

നിതിന്‍ ഗഡ്കരിക്ക് ഇതെന്തുപറ്റി? ആവര്‍ത്തിച്ച് ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണിത്. ഗഡ്കരിയുടെ വാചക ബോംബുകളുടെ പ്രഹരശേഷിയില്‍ ഉലയുകയാണ് ബിജെപി രാഷ്ട്രീയം പലപ്പോഴും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേരുന്ന അധികാരമഹാവൃക്ഷത്തിന്‍റെ അടിവേരിനാണ് അടിയേല്‍ക്കുന്നത്. പൊള്ളയായ വാഗ്ദാനം നല്‍കരുത് ജനം പ്രഹരിക്കും. മുംബൈയില്‍ ഗഡ്കരി പറഞ്ഞ ഈ വാക്കുകള്‍ മോദിക്കുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തലുകള്‍. ഇത് ഒറ്റപ്പെട്ടൊരു പ്രസ്താവനയല്ല. ഡിസംബര്‍ മുതല്‍, കൃത്യമായി പറഞ്ഞാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി തോറ്റതുമുതല്‍ ഗഡ്കരി നടത്തിയ പ്രസ്താവനകളെ ഇതിനോട് ചേര്‍ത്തു വായിക്കണം. 2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവന ഗഡ്കരി നേരത്തെ നടത്തിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു മറ്റൊരു ഒളിയമ്പ്. ജയത്തിന് ഒരുപാട് പിതാക്കന്മാരുണ്ടാകും എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല. ഗഡ്കരിയുടെ പ്രഹരം ഇങ്ങിനെ. വക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഗഡ്കരിയും ബിജെപി നേതാക്കളും ആണയിടുന്നു.

പല വ്യാഖ്യാനങ്ങള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും സാധ്യതകളുള്ള രാഷ്ട്രീയപരാമര്‍ശങ്ങള്‍ ഗഡ്കരി നടത്തുന്നത് രാഷ്ട്രീയവേദികളിലല്ല എന്നതാണ് ശ്രദ്ധേയം. ബാങ്ക് ജീവനക്കാരുടെ സമ്മേളനവും, െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരുടെ പരിപാടിയുമൊക്കെയാകും ചൂടന്‍വിമര്‍ശനങ്ങളുടെ വേദി. അതുകൊണ്ടുതന്നെ ഉള്ളില്‍ മറ്റുലക്ഷ്യങ്ങളൊന്നുമില്ലെന്ന ഗഡ്കരിയുടെയും ബിജെപിയുടെയും അവകാശവാദം പേരില്‍ നിലനില്‍ക്കും. എന്നാല്‍ പുറമേയുള്ള യഥാര്‍ഥ്യത്തില്‍ ഒതുങ്ങുന്നതല്ല ബിജെപിയിലെ അധികാര അന്തര്‍നാടകങ്ങള്‍.

2014 ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയില്‍ ഒരു 160 ക്ലബ് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പ്രധാനമന്ത്രി പദവിയിലേയ്ക്കുള്ള മോദിയുടെ പ്രയാണം തടയാന്‍ ആഗ്രഹിക്കുന്ന ബിജെപി നേതാക്കളുടെ കൂട്ടായ്മ. ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍, 160 സീറ്റുകളില്‍ ഒതുങ്ങിപ്പോയാല്‍ മോദി അധികാരത്തിലെത്തുന്നത് തടയാന്‍ സംഘം തുനിഞ്ഞിറങ്ങും. എന്നാല്‍ 160 ക്ലബിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. മോദി അജയ്യനായി.

2014ലെ 160 ക്ലബ് 2019ലും സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് അകത്തെ മോദി വിരുദ്ധ സംഘം. മോദി ഷാ ദ്വന്ദത്തിന്‍റെ സര്‍വാധിപത്യത്തില്‍ അസ്വസ്ഥരായവരുടെ കൂട്ടായ്മ. മോദിയുടെ ജനപ്രീതിയ്ക്ക് ഇടവുണ്ടായത് ഇത്തവണ 160 ക്ലബിന്‍റെ പ്രതീക്ഷക്ക് തിളക്കം നല്‍കുന്നു. ഇവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് നിതിന്‍ ഗഡ്കരിയെന്നാണ് അണിയറ സംസാരം. എന്നാല്‍ മോദിയല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കുന്നില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിലെ ഏറ്റവും പ്രബലനായ മന്ത്രി. റോഡ് ഗതാഗതവും ദേശീയ പാതകളും, കപ്പല്‍ ഗതാഗതം, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജീവനം എന്നീ മന്ത്രാലയങ്ങളുടെ അമരക്കാരന്‍. ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍. വലിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കരിയറില്‍ അവകാശപ്പെടാനില്ല. 1995ല്‍ മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്നു. എക്സ്പ്രസ് ഹൈവേയും മേല്‍പ്പാലങ്ങളും നിര്‍മ്മിച്ച് വികസന പ്രതിച്ഛായ വളര്‍ത്തിയെടുത്തു. 2010ല്‍ ബിജെപി ദേശീയ അധ്യക്ഷനായി. ആരോപണങ്ങളുടെ കളങ്കവുമായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങി. രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് തുടങ്ങി തലയെടുപ്പുള്ള നേതാക്കളുണ്ടായിരുന്നിട്ടും എന്തുകൊണ്ട് നിതിന്‍ ഗഡ്കരി ? കാരണങ്ങള്‍ പലതാണ്. 

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപം കൊണ്ടപ്പോള്‍ സ്വന്തം ഇഷ്ടത്തിന് മന്ത്രാലയം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച നേതാവാണ് നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗങ്ങളില്‍ തിരുവായ്ക്ക് എതിര്‍വായില്ലെന്ന അവസ്ഥയില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന, ആരെയും കൂസാത്ത മന്ത്രി. മോദി സര്‍ക്കാരില്‍ പലര്‍ക്കുമില്ലാത്ത പരിരക്ഷയും പ്രത്യേകതകളും ഗഡ്കരിക്കുണ്ട്. 

നരേന്ദ്ര മോദി സര്‍ക്കാര്‍ ചുമതലയേറ്റ് രണ്ട് മാസം പിന്നിട്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത പുറത്തുവന്നത്. 2014 ജൂലൈ 26ന് സണ്‍ഡേ ഗാര്‍ഡിയന്‍ എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തില്‍. നിതിന്‍ ഗഡ്കരി നിരീക്ഷണ വലയത്തിലാണ്. ഗഡ്കരിയുടെ വസതിയില്‍ നിന്ന് രഹസ്യ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു. മന്ത്രിമാരെയും എംഎല്‍എമാരെയും നിരീക്ഷിക്കാന്‍ നരേന്ദ്ര മോദി നടപ്പാക്കിയ ഗുജറാത്ത് മോഡല്‍ ഡല്‍ഹിയിലും ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ബിജെപി മന്ത്രി നിരീക്ഷണത്തിന് വിധേയനാകുന്നുവെന്ന വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തു. പാര്‍ലമെന്‍റ് തടസപ്പെട്ടു. ഒടുവില്‍ ഗഡ്കരിയെ സ്വന്തം സര്‍ക്കാര്‍ നീരിക്ഷിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് പാര്‍ലമെന്‍റില്‍ വിശദീകരണം നടത്തേണ്ടിവന്നു. 

കല്ലേ പിളര്‍ക്കുന്ന രാജശാസനങ്ങളൊന്നും പലപ്പോഴും നിതിന്‍ ഗഡ്കരിയുടെ അടുത്ത് ചെലവാകാറില്ല. പ്രധാനമന്ത്രിപദ മോഹങ്ങളിലെന്ന് ഗഡ്കരി പ്രതികരിക്കുമ്പോഴും വാസ്തവം അതല്ല.ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുക. ഭൂരിപക്ഷം ഇല്ലാതിരിക്കുക. ഈ സാഹചര്യത്തിലാണ് ഗഡ്കരിയുടെ മോഹങ്ങള്‍ക്ക് പ്രസക്തിവരുന്നത്. 

നിലവില്‍ ബിജെപി പാളത്തിലെ പാര്‍ട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ചന്ദ്രബാബു നായ്ഡുവും ഉപേന്ദ്ര കുശ്‍വാഹയും പാളയം വിട്ടുകഴിഞ്ഞു. ശിവസേന അതൃപ്തരാണ്. ശിരോമണി അകാലി ദളിന്‍റെ പ്രഭാവം മങ്ങി. നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ശിവസേന ഉന്നയിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ കര്‍ഷക നേതാവായ കിഷോര്‍ തിവാരി ഗഡ്കരിക്കായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കത്തയച്ചു. പാര്‍ട്ടിക്ക് അതീതമായി സൗഹൃദങ്ങളുണ്ട് ഗഡ്കരിക്ക്. പ്രതിപക്ഷ നിരയിലും ഇഷ്ടക്കാരുണ്ട്. എന്‍ഡിഎ വിപുലപ്പെടുത്താന്‍ ഗഡ്കരിയുടെ ആശയവിനിമയശേഷി ഗുണം ചെയ്യുമെന്ന് കരുതുന്നവരുണ്ട്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷനിരയിലെ പാര്‍ട്ടികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കാന്‍ ഗഡ്കരിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. മഹാരാഷ്ട്രയില്‍ നിന്ന് പ്രധാനമന്ത്രി വേണമെന്ന ആവശ്യം ശക്തമാണ്. ശിവസേന തലവന്‍ ഉദ്ധവ് താക്കറേ ഇക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. 48 ലോക്സഭാ സീറ്റുകളുള്ള മറാത്ത മണ്ണിലെ കണക്കിന്‍റെ കളികള്‍ ഗഡ്കരിയെ തുണച്ചേക്കാം. ബിജെപിക്കുള്ളിലെ മോദി വിരുദ്ധരുടെ പിന്തുണയും കാര്യങ്ങള്‍ എളുപ്പമാക്കും.

നാഗ്പൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് നിതിന്‍ ജയ്റാം ഗഡ്കരി വരുന്നത്. ഈ മേല്‍വിലാസം തന്നെയാണ് ഗഡ്കരിയുടെ കരുത്ത്. ആര്‍എസ്എസിന്‍റെ ഏറെ പ്രിയപ്പെട്ട പുത്രന്‍. സംഘപരിവാറിനോടുള്ള ആശയപരമായ വിധേയത്വം എപ്പോഴും അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കുടുംബ ബന്ധവുമുണ്ട്.

ആര്‍എസ്എസ് നടത്തിയ ഇളക്കിപ്രതിഷ്ഠയുടെ ഭാഗമായാണ് നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്ന് വിമാനം കയറിയത്. പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത് ഗഡ്കരിക്ക് വീണ്ടും അവസരം നല്‍കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നതിടയിലാണ് ആരോപണങ്ങള്‍ വില്ലനായത്. 2013ല്‍ മോദി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് അശ്വമേധം നടത്തിയപ്പോള്‍ ഗഡ്കരിക്ക് പിന്‍നിരയിലേയ്ക്ക് മാറേണ്ടിവന്നു. മോദി ഗഡ്കരി പോര് ഭരണത്തിന്‍റെ അണിയറയില്‍ നിന്ന് പലപ്പോഴും മറനീക്കി പുറത്തുവന്നു. 2018ല്‍ ഷിക്കോഗോയില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഗഡ്കരിയെ അനുവദിക്കാതിരുന്നത് ഭിന്നതകളുടെ ആഴം കൂട്ടി. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിന്‍റെ പേരുപറഞ്ഞാണ് ഗഡ്കരിയെ പോകാന്‍ അനുവദിക്കാതിരുന്നത്. മോഹന്‍ ഭാഗവതിനൊപ്പം രാജ്യാന്തരവേദിയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രതിനിധിയാകാനുള്ള അവസരം ഗഡ്കരിക്ക് അങ്ങിനെ നഷ്ടമായി. ആര്‍എസ്എസിന്‍റെ കലവറയില്ലാത്ത പിന്തുണയാണ് എല്ലാ കരുനീക്കങ്ങള്‍ക്കും ഗഡ്കരിക്ക് കരുത്താകുന്നത്. ഗഡ്കരിയുടെ വിമര്‍ശനങ്ങള്‍ ഗഡ്കരിയുടെയല്ല നാഗ്പുരില്‍ നിന്ന് മോദിക്കുള്ള മുന്നറിയിപ്പാണെന്ന വിലയിരുത്തലുമുണ്ട്.

പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും മോദി മന്ത്രിസഭയിലെ ആരെ തള്ളിപ്പറഞ്ഞാലും ഗഡ്കരിയെ തള്ളിപ്പറയില്ല. കുരുക്കുകളില്ലാതെ കാര്യങ്ങള്‍ നടക്കും അതുതന്നെ ആകര്‍ഷണം. കേന്ദ്രമന്ത്രിസഭയിലെ മികച്ച ട്രാക് റെക്കോര്‍ഡുള്ള അംഗം എന്ന വിശേഷണം. വ്യവസായരംഗത്തെ പ്രമുഖരുടെ പ്രീതിയും അതുകൊണ്ടുതന്നെ ഗഡ്കരിക്കുണ്ട്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് ഏറെ നിര്‍ണായകവുമാണ്.  

ഒരുവശത്ത് മോദി മറുവശത്ത് മറ്റെല്ലാവരും എന്ന നിലയിലാണ് 2019ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ചിത്രം തെളിയുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ അതീതമാണ് ജനവിധി. ഗഡ്കരിയുടെ ഭാഗ്യനക്ഷത്രം തെളിയുമോയെന്ന് അറിയാന്‍ ജനവിധി പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും.