'അസര്‍' സര്‍വേ ആശങ്കപ്പെടുത്തുന്നു

വിദ്യാഭ്യാസം അവകാശമായ രാജ്യമാണ് നമ്മുടേത്. അറിവനുള്ള അവകാശം എത്രത്തോളം പ്രായോഗികമായി നടപ്പാക്കപ്പെടുന്നുണ്ട്. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍, അക്കങ്ങള്‍ എണ്ണിയെടുക്കാന്‍ അതിനെല്ലാം അപ്പുറം മികവിലേയ്ക്ക് ചിറകുകള്‍ വീശിപ്പറന്നുയരാന്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ? വികസനത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളിലും പ്രഥമ പരിഗണന നല്‍കേണ്ടത് വിദ്യാഭ്യാസത്തിന് തന്നെയാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് അസര്‍ സര്‍വേ. പ്രഥം എന്ന സന്നദ്ധ സംഘടനയാണ് സര്‍വേ നടത്തുന്നത്. അസറിന്‍റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തിന്‍റെ ദുരിതപൂര്‍ണമായ മുഖം അനാവരണം ചെയ്യുന്നതാണ്. വിദ്യാഭ്യാസ അവകാശ നിയമം എത്രത്തോളം ഫലപ്രദമായി നടപ്പാക്കപ്പെട്ടുവെന്നാണ് സര്‍വേയില്‍ പരിശോധിക്കുന്നത്. 

2009 ഒാഗസ്റ്റ് നാലിനാണ് വിദ്യാഭ്യാസ അവകാശനിയം പാര്‍ലമെന്‍റ് പാസാക്കിയത്. ഭരണഘടനയുടെ 21ാം അനുച്ഛേദം ഭേദഗതി ചെയ്തു. 2010 ഏപ്രില്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വന്നു. ആറു വയസു മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നതാണ് വിദ്യാഭ്യാസ അവകാശനിയമം.

വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും. അത് ഭരണകൂടത്തിന്‍റെയും അധ്യപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വവും ചുമതലയുമാണ്. പഠനത്തിനാവശ്യമായ ചെലവ് വഹിക്കാന്‍ കുട്ടികള്‍ ബാധ്യസ്ഥനല്ല. മികച്ച ഒരുതലമുറയെ വാര്‍ത്തെടുക്കാനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്. എന്നാല്‍ കാര്യക്ഷമായി അവ നടപ്പാകുന്നില്ലെന്ന് അസര്‍ സര്‍വേ പറയുന്നു. 

സ്കൂളുകള്‍ക്ക് പകരം വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേയാണ് പ്രധാനമായും അസര്‍ റിപ്പോര്‍ട്ടിനായി നടത്തുന്നത്. 596 ജില്ലകളിലാണ് അസര്‍ സംഘം വിവരശേഖരണം നടത്തിയത്. 17,730 ഗ്രാമങ്ങളില്‍. 3,54,944 വീടുകളില്‍. 5,46,527 കുട്ടികള്‍ സര്‍വേയില്‍ പങ്കെടുത്തു. കേന്ദ്ര ആസൂത്രണക്കമ്മിഷന്‍ പതിെനാന്നാം പദ്ധതിയുടെ അപ്രോച്ച് പേപ്പറിന് ഉപയോഗിച്ച അടിസ്ഥാന രേഖകളില്‍ ഒന്ന് അസര്‍ ആയിരുന്നു. ലോകബാങ്കും ചില പഠനങ്ങള്‍ക്ക് അസര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ചിട്ടുണ്ട്. അത്രമാത്രം പ്രാധാന്യം ഒാരോ വര്‍ഷത്തെയും അസര്‍ റിപ്പോര്‍ട്ടിനുണ്ട്. 

വിദ്യാഭ്യാസാവകാശ നിയമം നടപ്പായതിന് ശേഷം സ്കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. 97.2 ശതമാനം കുട്ടികള്‍ സ്കൂളില്‍ പോകുന്നു. എണ്ണം കൂടിയെങ്കിലും പക്ഷെ നിലവാരം ഉയര്‍ന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാന്‍ പോലുമുള്ള അറിവില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും അടിസ്ഥാന ഗണിതക്രിയകള്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല. മൂന്ന അക്ക സംഖ്യയെ ഒറ്റയക്ക സംഖ്യകൊണ്ട് ഹരിക്കാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന 56 ശതമാനം കുട്ടികള്‍ക്കും കഴിഞ്ഞില്ല. അഞ്ചാം ക്ലാസിലെ 72 ശതമാനം കുട്ടികള്‍ക്കും ഹരിക്കാന്‍ അറിയില്ല. മൂന്നാംക്ലാസിലെ 70 ശതമാനം പേരും കുറയ്ക്കാന്‍ അറിയാതെ കുഴഞ്ഞു. 6.5 ശതമാനം സ്കൂളിലാണ് കംപ്യൂട്ടറുള്ളത്.  

മൂന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ 12.1 % പേര്‍ക്ക് അക്ഷരം തിരിച്ചറിയാന്‍ കഴിവില്ല. 22.6% കുട്ടികള്‍ക്ക് എഴുതിയത് അക്ഷരങ്ങളാണെന്ന് കണ്ടാല്‍ മനസിലാകും വായിക്കാന്‍ കഴിയില്ല. 20.8% കുട്ടികള്‍ക്ക് വാക്കുകള്‍ പെറുക്കി പെറുക്കി വായിക്കാന്‍ കഴിയും എന്നാല്‍ വാചകങ്ങള്‍ വായിക്കാന്‍ കഴിയില്ല 

മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട നിലയിലാണെങ്കിലും കേരളത്തില്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരം അത്രയൊന്നും മുന്നിലല്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വീകാര്യത വലിയതോതില്‍ ഏറിവരികയാണ്. കേരളത്തില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഇരുപത്തി മൂന്ന് ശതമാനം വിദ്യാര്‍ഥികള്‍ക്കും രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനുള്ള അറിവില്ല. 

കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിന് മികവുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. വീടുകളില്‍ അമ്മമാര്‍ പണം ചെലവാക്കുന്നകാര്യത്തില്‍ കാണിക്കുന്ന കാര്യക്ഷമത ഇക്കാര്യത്തില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്.