ഭാരത രത്നയുടെ രാഷ്ട്രീയം

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, സംഘപരിവാര്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപെന്‍ ഹസാരിക എന്നിവര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയുടെ തിളക്കത്തിലാണ്. നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്ക്കാരം നല്‍കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്ന പ്രണബ് മുഖര്‍ജിക്ക് ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് ഭാരതരത്ന നല്‍കിയത് പലര്‍ക്കും അമ്പരപ്പുണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച ഭാരതരത്നയുടെ രാഷ്ട്രീയമെന്താണ് ?

പ്രഥമ പൗരന്‍റെ പദവയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ വെറും സാധാരണ പൗരനായാണ് പ്രണബ് മുഖര്‍ജി സ്വയം അടയാളപ്പെടുത്തിയത്. രാഷ്ട്രപതിയായപ്പോള്‍ മുതല്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരുന്നു. എങ്കിലും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന് നേതാവായിരുന്ന വ്യക്തിയെന്ന പരിവേഷം പ്രണബ് ദായ്ക്ക് അപ്പോഴുമുണ്ടായിരുന്നു. രാഷ്ട്രപതിപദത്തില്‍ രണ്ടാമൂഴം ആഗ്രഹിച്ചിരുന്നെങ്കിലും റാംനാഥ് കോവിന്ദിന് വഴിമാറിക്കൊടുക്കേണ്ടിവന്നു. നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ പഴയതട്ടകമായ കോണ്‍ഗ്രസിലടക്കമുണ്ടായിരുന്നവര്‍ നെറ്റി ചുളിച്ചു. വിജയദശമി ദിനത്തിലെ പ്രണബിന്‍റെ നാഗ്പുര്‍ സന്ദര്‍ശനം ഒരുപാട് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. രാഷ്ട്രപതിയായിരുന്നപ്പോള്‍ പല നിര്‍ണായകഘട്ടകങ്ങളിലും മോദി സര്‍ക്കാരിനെ കൈയ്യൊഴിഞ്ഞില്ല. അസഹിഷ്ണുത വിവാദമായാലും ആവാര്‍ഡ് വാപ്സി പ്രതിഷേധമായാലും. അപ്രിയമായ നിലപാടുകള്‍ സ്വീകരിക്കാതെ തന്ത്രപരമായി നിലകൊണ്ടു. ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ ട്രബിള്‍ ഷൂട്ടറും സഖ്യസമവാക്യങ്ങളുടെ തലച്ചോറുമൊക്കെയായിരുന്ന നേതാവിന് ഭാരതരത്ന നല്‍കുന്നതിലൂടെ മോദി സര്‍ക്കാര്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. മോദിക്ക് മാത്രമല്ല, മമത ബാനര്‍ജിക്കും ഏറെ ഇഷ്ടപ്പെട്ട നേതാവാണ് പ്രണബ് ദാ. ബംഗാളില്‍ നിന്നുള്ള നേതാവിന് ഭാരതരത്നനല്‍കി കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും കെണിയിലാക്കുകയായിരുന്നോ ബിജെപി. 

ബിജെപിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവായ എല്‍.കെ അഡ്വാനിക്ക് നല്‍കാതെ പ്രണബ് ദായ്ക്ക് എന്തുകൊണ്ട് ഭാരതരത്ന നല്‍കി. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന പ്രണബ് മുഖര്‍ജി. എന്നാല്‍ പിന്നീടുണ്ടായ തലമുറ മാറ്റങ്ങളില്‍ പ്രണബിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന വിലയിരുത്തലുണ്ട്. രാജീവ് ഗാന്ധിയായാലും സോണിയ ഗാന്ധിയായാലും സര്‍ക്കാരിനെ നയിക്കാന്‍ അവസരം നല്‍കിയില്ല. രണ്ടാമനായി ഒതുക്കപ്പെട്ടു. നെഹ്റുവിന്‍റെ പാരമ്പര്യവും പുകഴും ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ പാടുപെടുന്ന മോദിക്ക് കിട്ടിയ ഒരവസരം കൂടിയായി പ്രണബിനുള്ള അംഗീകാരം.

രാഷ്ട്രീയത്തിനപ്പുറം പ്രണബിന്‍റെ ജീവതത്തിലുള്ള ചില അധ്യായങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കണം.ബ്രഹ്മപുത്രയുടെ ഗായകനായിരുന്നു ഭൂപേന്‍ ഹാസാരിക. സംഗീതത്തില്‍ കൈവെച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തി. 2004ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട് ഭുപേന്‍ ഹസാരിക. വടക്കുകിഴക്കന്‍ മേഖലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നേറ്റമെന്ന ബിജെപി സ്വപ്നം കൂടി ഭൂപേന്‍റെ മികവിനൊപ്പം ഭാരതരത്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രേരണയായിയെന്ന് വിലയിരുത്തലുണ്ട്.

രാഷ്ട്രീയ വിവാദങ്ങളുടെയും ഭരണകൂടതാല്‍പ്പര്യങ്ങളുടെയും വിവാദച്ചുഴിയില്‍ തന്നെയായിരുന്നു എക്കാലത്തും ഭാരതരത്നയും മറ്റ് പത്മ പുരസ്ക്കാരങ്ങളും. 1955 ല്‍ ജവഹര്‍ ലാല്‍ നെഹ്റുവും 1971ല്‍ ഇന്ദിരാ ഗാന്ധിയും പ്രധാനമന്ത്രിയായിരിക്കെ സ്വയം ശുപാര്‍ശ ചെയ്ത് ഭാരതരത്നം ഏറ്റുവാങ്ങി.