ഷാര്‍ജയുടെ ആകാശത്ത് വെളിച്ചത്തിന്‍റെ വിസ്മയക്കാഴ്ചകള്‍; ലൈറ്റ്സ് ഫെസ്റ്റിവലിന് തുടക്കം

വെളിച്ചത്തിന്‍റെ വിസ്മയക്കാഴ്ചകളുമായി ഷാർജ ലൈറ്റ്സ് ഫെസ്റ്റിവൽ. പന്ത്രണ്ട് ഇടങ്ങളിലായി പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് മേള. എല്ലാദിവസം വൈകിട്ട് ആറിനെത്തിയാൽ ലൈറ്റ് വില്ലേജ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെളിച്ചോൽസവം കാണാം. ഫെസ്റ്റിന്‍റെ പതിമൂന്നാമത് എഡിഷനാണ് ഇത്തവണത്തേത്.

ഇക്കുറി പതിവിൽ നിന്ന് വ്യത്യസ്തമായി ഷാർജ പൊലീസ് ആസ്ഥാനമായിരുന്നു ഉദ്ഘാടനവേദി. വർണാഭമായ വെളിച്ച വിന്യാസവും ഡ്രോൺ ഷോയും  പൊലീസ് ആസ്ഥാനത്തിന്‍റെ ചുവരുകളിലും ആകാശത്തും വിസ്മയം തീർത്തു. യുഎഇയുടെ ചരിത്രവും സംസ്കാരവുമെല്ലാം വൈവിധ്യമാർന്ന നിറഭേദങ്ങളോടെ കാണികളിലേത്തിക്കാൻ ലൈറ്റ് ഷോയ്ക്കായി. ത്രീഡി ഇഫക്ടോടെയായിരുന്നു ഷോ.

ഷാർജ പൊലീസിന്‍റെ പ്രവർത്തനങ്ങളും നൂതന സാങ്കേതിക വിദ്യകളും എമിറേറ്റിലെ സുരക്ഷാക്രമീകരണങ്ങളുമെല്ലാം വിശദമായി അവതരിപ്പിക്കുന്നതായിരുന്നു ലൈറ്റ് ഷോ. ദേശീയ പതാകയും ദേശീയ പക്ഷിയുമെല്ലാം ഡ്രോൺ ഷോയായി ആകാശത്ത് മിന്നി മറഞ്ഞു.

പൊലീസ് ആസ്ഥാനം ഉൾപ്പെടെ 12 പൈതൃക- സാംസ്കാരിക കേന്ദ്രങ്ങളിലായാണ് ഇക്കുറി മേള നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കും. പതിന‍ഞ്ചിലേറെ ലോകോത്തര കലാകാരൻമാരാണ് ഷാ‍ർജയിലെ വിവിധ കേന്ദ്രങ്ങളിലായി ലൈറ്റ് ഷോ അവതരിപ്പിക്കുന്നത്. ഷാർജ പൊലീസ് ആസ്ഥാനം, അൽ ഹംരിയ ജനറൽ സൂക്ക്, കൽബ വാട്ടർ ഫ്രണ്ട് എന്നിവയാണ് ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ വേദികൾ.

ലൈറ്റ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഷാർജ യൂണിവേഴ്സിറ്റി ഹാളിന് സമീപം ലൈറ്റ് വില്ലേജും ഒരുക്കിയിട്ടുണ്ട്. ഈ മാസം ഒന്നിന് തന്നെ ലൈറ്റ് വില്ലേജ് പ്രവർത്തനം തുടങ്ങിയിരുന്നു.

ലോകത്തിലെ രുചിവൈവിധ്യങ്ങൾ വിളമ്പുന്ന 55ലേറെ വ്യാപാര സ്ഥാപനങ്ങളുണ്ട് ഇവിടെ. ജാപ്പനീസ് രുചിക്കൊപ്പം ഇറ്റാലിയനും കൂടി ചേരുമ്പോഴുള്ള കൊതിയൂറും വിഭവങ്ങളാണ് റെയർ കഫേയിലെ ആകർഷണം. യുഎഇയിലെ തണുത്ത കാലാവസ്ഥയിൽ ചുടേറിയ രുചിഭേദങ്ങൾ ആസ്വദിക്കാൻ ഒട്ടേറെപേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. കുട്ടികൾക്കായുള്ള ഗെയിം സോണും ലൈറ്റ് വില്ലേജിന്‍റെ ഭാഗമാണ്. എമിറേറ്റിലുടനീളം വർണവെളിച്ചം പകർന്ന് പതിനെട്ട് വരെ മേള തുടരും. ഞായർ മുതൽ ബുധൻ വരെ രാത്രി 11 മണിവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 12 മണി വരെയുമാണ് ആഘോഷം. ഷാര്‍ജയിലെ സാമ്പത്തിക, ടൂറിസം വളര്‍ച്ചയെ കൂടുതല്‍ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പാണ് ആഘോഷം സംഘടിപ്പിക്കുന്നത്.