പ്രഖ്യാപനങ്ങളുമായി കാലാവസ്ഥാ ഉച്ചകോടി; ദുബായിലേക്ക് കാതോര്‍ത്ത് ലോകം

കാലാവസ്ഥാ വ്യാതിയാനങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള വലിയ പ്രഖ്യാപനങ്ങൾ ദുബായിൽ നിന്ന് ഉണ്ടാകുമെന്നതിന് കാതോർക്കുകയാണ് ലോകം. ആദ്യദിവസം തന്നെ ചരിത്രനേട്ടം കോപ്പ് 28 സ്വന്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതം അനുഭവിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള നഷ്ടപരിഹാരത്തുക പ്രവർത്തനക്ഷമമമാക്കി. ഇതാദ്യമായാണ് ഒരു കോപ്പിൽ ആദ്യ ദിനം തന്നെ തീരുമാനമെടുക്കുന്നത്. അത് കൂടാതെ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാനുള്ള പദ്ധതികൾ തയ്യാറാക്കാൻ വേണ്ടി മൂവായിരം കോടി ഡോളറാണ് രണ്ടാംദിനം യുഎഇ മാറ്റിവച്ചത്. ഇനിയും വലിയ വലിയ പ്രഖ്യാപനങ്ങൾ വരാനിരിക്കുകയാണ്.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ ഒരു നിമിഷം മൗനം ആചരിച്ചുകൊണ്ടാണ് ഉച്ചക്കോടിക്ക് തുടക്കമായത്. മുൻഗാമിയായ സമേഹ് ഷൗക്രിയിൽ നിന്ന് പ്രസിഡന്റിന്റെ പ്രതീകമായ ചുറ്റിക ഡോ. സുൽത്താൻ അൽ ജാബർ ഏറ്റുവാങ്ങിയതോടെ ഔദ്യോഗിക ചർച്ചകൾ തുടങ്ങി.  പിന്നാലെ ചരിത്രംകുറിച്ച് നഷ്ടപരിഹാര ഫണ്ട് പ്രവർത്തനക്ഷമമാക്കാൻ ഐക്യകഠേണന തീരുമാനം.  കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന സമ്പന്ന രാജ്യങ്ങളാണ് ഈ കരാറിൽ ഉൾപ്പെടുക.  ആതിഥേയ രാജ്യമായ യുഎഇ 10 കോടി ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു.  പത്ത് കോടി ഡോളർ ജർമനിയും വാഗ്ദാനം ചെയ്തു. പിന്നാലെ അമേരിക്കയും ബ്രിട്ടനും ജപ്പാനും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളും വിഹിതം പ്രഖ്യാപിച്ചു. ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ആദ്യദിനം തന്നെ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്.

രണ്ടാം ദിനത്തിലേക്ക് കടന്നതോടെ കൂടുതൽ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമെത്തി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പരിഹാര പദ്ധതികൾക്കായുളള ഫണ്ടിലേക്ക് 3000 കോടി ഡോളർ നൽകുമെന്ന പ്രഖ്യാപനവുമായി യുഎഇയെത്തി.  ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ക്ളൈമറ്റ് ആക്ഷൻ സമ്മിറ്റിന് തുടക്കം കുറിച്ചാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക നേതാക്കളുടെ ആദ്യസെഷനിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ചേർന്നാണ് സ്വീകരിച്ചത്. നഷ്ടപരിഹാര ഫണ്ട് പ്രവർത്തനക്ഷമമാക്കാനുള്ള തീരുമാനത്തെ മോദി സ്വാഗതം ചെയ്ത മോദി ഹൈഡ്രജൻ ഉൾപ്പടെ പ്രകൃതി സൗഹൃദ ഊർജത്തെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന്  വ്യക്തമാക്കി . പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയ ജൈവ ഇന്ധനത്തിന്റെ ഉപയോഗം രാജ്യത്ത് 50 ശതമാനമാക്കി കുറയ്ക്കും. 2030ഓട് കൂടി കാർബൺബഹിർഗമനതോത് 45 ശതമാനമാക്കി കുറയ്ക്കുമെന്നും 2070 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

2028 ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. 150 ഓളം   ലോക നേതാക്കൾ പങ്കെടുത്ത പൊതു സമ്മേളനത്തിന് പിന്നാലെ മൂന്ന് ഉന്നതലയോഗങ്ങളിലും പങ്കെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.  അതേസമയം ഉച്ചകോടിയിലെ തീരുമാനങ്ങൾ നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥാ രംഗത്തെ വിദഗ്ധർ പറഞ്ഞു

പാരിസ് ഉടമ്പടി അനുസരിച്ച് ആഗോള താപനില 1.5 ഡിഗ്രി സെലസ്യസിലേക്ക് ഘട്ടംഘട്ടമായി എത്താൻ കഴിയുമെന്ന് പ്രതീക്ഷയും അവർ പങ്കുവച്ചു. അതേസമയം മനുഷ്യരാശിയുടെ ഭാവിയ്ക്കുള്ള പുതിയ പ്രതീക്ഷയായി കോപ് 28 നെ മാറ്റണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറന്‍സ് സമ്മിറ്റിൽ പറഞ്ഞു.  രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.