വന്‍ മാറ്റങ്ങളുമായി ടാറ്റ ഹാരിയര്‍; പുത്തന്‍ ഫീച്ചറുകളറിയാം

2019ല്‍ ടാറ്റ ഇന്ത്യയില് അവതരിപ്പിച്ച എസ്യുവി ആണ് ഹാരിയര്‍. പിന്നീട് ചില മാറ്റങ്ങള്‍ വരുത്തി കറുപ്പ് നിറം നല്‍കി ഡാര്‍ക് എഡിഷനെ അവതരിപ്പിച്ചിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അഡാസ് ഉള്‍‌പ്പെടുത്തി ഒരു മോഡലിനേയും അവതരിപ്പിച്ചു. ഇപ്പോള്‍ പൂര്‍ണമായും പുതിയ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നു. കാഴ്ചയില്‍ മാത്രമല്ല ഉള്ളിലും പ്രകടനത്തിലും പുതുമകളുമായാണ് വാഹനം എത്തിയത്. 

രൂപശൈലിയില്‍ ഗ്രില്ലിനുള്ള പങ്ക് വലുതാണ്, ഹെഡ് ലാംപും, ഫോഗ് ലാംപും എല്‍ഇഡിയായി. വെല്‍ക്കവും, ഗുഡ്ബൈയും പറയുന്ന എല്‍ഇഡി ലൈറ്റുകള്‍. വലുപ്പത്തില്‍ വ്യത്യാസം വരുത്താതെയാണ് മാറ്റങ്ങള്‍ ഓരോന്നും. ഉള്‍‌ഭാഗത്തും മാറ്റങ്ങള്‍ പ്രകടം. നെക്സോണ്‍ ഇവിയില്‍ കണ്ട വലിയ ടച്ച് സ്ര്കീന്‍ ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ കഴിയുന്ന സീറ്റുകള്‍. ടച്ച്പാടിന് സമാനമാണ് സ്വിച്ചുകള്‍. മികച്ച ഡ്രൈവാണ് 2 ലിറ്റര്‍ ക്രെയോടെക് ഡീസല് എന്‍ജിന്‍ വാഗ്ദാനം ചെയ്യുന്നത്. 

170 പിഎസ് കരുത്തും, 350 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഏത് നിരത്തുകളിലൂടെയും കയറിപ്പോകാന്‍ കഴിയുന്ന ടെറൈന്‍ മാനേജ്മെന്റ് സംവിധാനവും, വ്യത്യസ്ത ഡ്രൈവ് മോഡുകളും ഒരുക്കിയിട്ടുണ്ട്. പതിനഞ്ച് ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുക.

Tata Harrier new features