bepiColombo1

TOPICS COVERED

ഭൂമിയിൽ നിന്ന് പുറപ്പെട്ടിട്ട് എട്ട് വർഷം... കോടിക്കണക്കിന് കിലോമീറ്ററുകൾ നീണ്ട യാത്ര... സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തെ ലക്ഷ്യമാക്കി നടത്തിയ അതിസങ്കീർണമായ ബഹിരാകാശ ദൗത്യം ഒടുവിൽ ചരിത്രം കുറിച്ചിരിക്കുകയാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ജപ്പാനും സംയുക്തമായി വികസിപ്പിച്ച ബെപികൊളംബോ പേടകം ബുധന്റെ ഭ്രമണപഥത്തിലെത്തി. 2018ൽ ആരംഭിച്ച യാത്രയാണ് നിർണായക നാഴികക്കല്ല് പിന്നിട്ടത്. ബുധന്റെ രഹസ്യങ്ങൾ കണ്ടെത്താൻ രണ്ട് പേടകങ്ങളുമായി എത്തിയ ബെപികൊളംബോയുടെ നേട്ടം ബഹിരാകാശ ഗവേഷണത്തിൽ പുതിയ അധ്യായം തുറക്കുകയാണ്.

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹവും ബുധനാണ്. കടുത്ത ചൂടും സൂര്യന്റെ ശക്തമായ ഗുരുത്വാകർഷണവും കാരണം ബുധനെ അടുത്തറിയുക എന്നത് ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളിയാണ്.ഈ വെല്ലുവിളികളെ മറികടക്കാനാണ് ബെപികൊളംബോ ദൗത്യത്തിന് രൂപം നൽകിയത്.

2018 ഒക്ടോബർ 20നാണ് ബെപികൊളംബോ ബഹിരാകാശത്തേക്ക് കുതിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇസയും ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയും ചേർന്നാണ് ദൗത്യം നടപ്പാക്കുന്നത്.

ഭൂമിയിൽ നിന്ന് ബുധനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സൂര്യനോട് അടുക്കുന്തോറും പേടകത്തിന്റെ വേഗം കൂടും. അതുകൊണ്ടുതന്നെ ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ വേഗം കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായി ഭൂമിയുടെയും ശുക്രന്റെയും ബുധന്റെയും ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തുന്ന സങ്കീർണമായ യാത്രാമാർഗമാണ് ശാസ്ത്രജ്ഞർ സ്വീകരിച്ചത്. ഒമ്പത് ഗ്രഹസമീപനങ്ങളിലൂടെ വേഗവും സഞ്ചാരപഥവും ക്രമീകരിച്ചാണ് ബെപികൊളംബോ ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്ന് ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ എട്ടുവർഷം നീണ്ട യാത്രയിലെ ഏറ്റവും നിർണായക ഘട്ടമാണ് പൂർത്തിയായത്. ഇനി പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ക്രമീകരിക്കും

bepiColombo6

ബെപികൊളംബോയുടെ പ്രത്യേകത

ബെപികൊളംബോ എന്ന പേരിനു പിന്നിലും ഉണ്ട് ഒരു ശാസ്ത്ര ചരിത്രം. ബുധനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്  നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‌ ബെപി കൊളംബോയുടെ പേരാണ് ഈ ചരിത്രദൗത്യത്തിന് നല്‍കിയിരിക്കുന്നത്

bepiColombo3

ഒന്നല്ല, രണ്ട് ശാസ്ത്രീയ പേടകങ്ങളാണ് ഈ ദൗത്യത്തിലുള്ളത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മെർക്കുറി പ്ലാനറ്ററി ഓർബിറ്റർ അഥവാ MPO ആണ് ആദ്യത്തേത്. ബുധന്റെ ഉപരിതലം, ആന്തരിക ഘടന, ധാതുക്കൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയെക്കുറിച്ചാണ് ഈ പേടകം പഠിക്കുക.

രണ്ടാമത്തേത് ജപ്പാന്റെ മിയോ എന്ന മെർക്കുറി മാഗ്നറ്റോസ്ഫെറിക് ഓർബിറ്ററാണ്. ബുധന്റെ കാന്തികമണ്ഡലവും സൂര്യനിൽ നിന്നെത്തുന്ന ചാർജുള്ള കണങ്ങൾ അതുമായി നടത്തുന്ന പ്രതിപ്രവർത്തനങ്ങളുമാണ് മിയോയുടെ പ്രധാന പഠനവിഷയം. ഡിസംബർ 9, 10 തീയതികളിലായി രണ്ട് പേടകങ്ങളും വേർപെടാനാണ് പദ്ധതി. തുടർന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ സഞ്ചരിച്ച് ഒരേസമയം ബുധനെ നിരീക്ഷിക്കും. 2027 ഏപ്രിലിൽ പ്രധാന ശാസ്ത്രീയ പഠനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് ഈ ദൗത്യം നിർണായകം?

ബുധനെക്കുറിച്ച് ഇന്നും ശാസ്ത്രലോകത്തിന് നിരവധി ചോദ്യങ്ങളുണ്ട്. ഇത്ര ചെറിയ ഗ്രഹത്തിന് എങ്ങനെയാണ് താരതമ്യേന വലിയ ഇരുമ്പ് കാമ്പ് രൂപപ്പെട്ടത്? ബുധന്റെ കാന്തികക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഗ്രഹത്തിന്റെ ഉപരിതലത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്തെല്ലാം? ധ്രുവപ്രദേശങ്ങളിലെ സ്ഥിരമായി നിഴൽ വീഴുന്ന ഗർത്തങ്ങളിൽ ജലഹിമം എങ്ങനെ നിലനിൽക്കുന്നു?ഇത്തരം ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തമായ ഉത്തരങ്ങൾ കണ്ടെത്തുകയാണ് ബെപികൊളംബോയുടെ ലക്ഷ്യം.

ഇതിനുമുമ്പ് നാസയുടെ മെസഞ്ചർ പേടകമാണ് ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് വിശദമായ പഠനം നടത്തിയത്. 2011 മുതൽ 2015 വരെയായിരുന്നു ആ ദൗത്യം. ബുധനെ ഭ്രമണം ചെയ്യുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ബെപികൊളംബോ. എന്നാൽ ഒരേ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ശാസ്ത്രീയ പേടകങ്ങളെ ബുധന്റെ ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യമാണ്.

സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിലേക്കുള്ള യാത്ര മനുഷ്യന് മുന്നിൽ തുറന്നത് വെല്ലുവിളികളുടെ നീണ്ട നിരയാണ്. ഇനി ബുധന്റെ ഉപരിതലവും കാന്തികമണ്ഡലവും ആന്തരിക ഘടനയും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കപ്പെടും.ഭൂമിയിൽ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം, സൂര്യന്റെ തൊട്ടരികിൽ ഒരു പുതിയ ഗവേഷണ അധ്യായം ആരംഭിക്കുകയാണ്. ബുധന്റെ നിഗൂഢതകൾക്ക് ഉത്തരം തേടി ബെപികൊളംബോ ഇനി പുതിയ ചരിത്രം എഴുതും.

ENGLISH SUMMARY:

BepiColombo Mercury mission successfully enters orbit after an eight-year journey to unravel the deepest secrets of the solar system's innermost planet. This historic space exploration milestone by ESA and JAXA marks a groundbreaking new chapter in planetary science and space research.