voyager-1

TOPICS COVERED

  • ഭൂമിയിൽ നിന്ന് പുറപ്പെട്ടിട്ട് അരനൂറ്റാണ്ടാകുന്നു. പിന്നിട്ടത് കോടാനുകോടി കിലോമീറ്ററുകൾ. സൂര്യനെയും ഗ്രഹങ്ങളെയും പിന്നിലാക്കി, നക്ഷത്രങ്ങൾക്കിടയിലെ അജ്ഞാതലോകത്തേക്ക് യാത്ര തുടരുകയാണ് മനുഷ്യൻ നിർമ്മിച്ച രണ്ട് ബഹിരാകാശ പേടകങ്ങൾ. വോയേജർ 1 ഉം വോയേജർ 2 ഉം.

ഭൂമിയിൽ നിന്ന് പുറപ്പെട്ടിട്ട് അരനൂറ്റാണ്ടാകുന്നു. പിന്നിട്ടത് കോടാനുകോടി കിലോമീറ്ററുകൾ. സൂര്യനെയും ഗ്രഹങ്ങളെയും പിന്നിലാക്കി, നക്ഷത്രങ്ങൾക്കിടയിലെ അജ്ഞാതലോകത്തേക്ക് യാത്ര തുടരുകയാണ് മനുഷ്യൻ നിർമ്മിച്ച രണ്ട് ബഹിരാകാശ പേടകങ്ങൾ. വോയേജർ 1 ഉം വോയേജർ 2 ഉം. ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയെത്തുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തു എന്ന ചരിത്രനാഴികക്കല്ല് പിന്നിട്ടിരിക്കുകകയാണ്  വോയേജർ 1. എന്നാൽ വോയേജർ 1-നേക്കാൾ മുമ്പ് ഭൂമിയിൽ നിന്ന് പുറപ്പെട്ട വോയേജർ 2 എവിടെയാണ്? ആദ്യം യാത്ര തുടങ്ങിയിട്ടും വോയേജർ 2 പിന്നിലായതെങ്ങനെ? ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ രണ്ട് യാത്രകളെക്കുറിച്ച് നോക്കാം.

ഒരു സെക്കൻഡിൽ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റർ. അതാണ് പ്രകാശത്തിന്റെ വേഗം. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് പ്രകാശമെത്താൻ വേണ്ടത് വെറും ഒന്നേകാൽ സെക്കൻഡ് മാത്രം മതി. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പ്രകാശമെത്താൻ ഏകദേശം എട്ട് മിനിറ്റ്. എന്നാൽ ഭൂമിയിൽ നിന്ന് പുറപ്പെട്ട ഒരു സന്ദേശം ബഹിരാകാശ പേടകത്തിലെത്താൻ ഒരു ദിവസം മുഴുവൻ വേണ്ടിവന്നാലോ? മനുഷ്യൻ നിർമ്മിച്ച ഒരു ബഹിരാകാശ പേടകം അത്രയും ദൂരത്തിലേക്ക് എത്തിയിരിക്കുകയാണ്. നാസയുടെ വോയേജർ 1. എന്നാൽ ഈ ചരിത്രയാത്രയിൽ വോയേജർ 1 തനിച്ചല്ല. മറ്റൊരു പേടകം കൂടി നക്ഷത്രാന്തര ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. അതാണ് വോയേജർ 2.

1977... ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രണ്ട് പേടകങ്ങളെ ബഹിരാകാശത്തേക്ക് അയച്ചു. സൗരയൂഥത്തിലെ വിദൂര ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. 1977 ഓഗസ്റ്റ് 20-ന് വോയേജർ 2 വിക്ഷേപിച്ചു. അതിന് പതിനാറ് ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ അഞ്ചിന് വോയേജർ 1 ഉം യാത്ര ആരംഭിച്ചു. പേരിൽ വോയേജർ 1 ആണെങ്കിലും ആദ്യം പുറപ്പെട്ടത് വോയേജർ 2 ആയിരുന്നു. എന്നാൽ ആദ്യം പുറപ്പെട്ട പേടകത്തെ മറികടന്ന് വോയേജർ 1 എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ചു? ഇതിന് പിന്നിൽ കൗതുകകരമായ ഒരു കാരണമുണ്ട്. രണ്ട് പേടകങ്ങളും തിരഞ്ഞെടുത്തത് വ്യത്യസ്ത സഞ്ചാരപാതകളായിരുന്നു.

voyager

വോയേജർ 1 വ്യാഴത്തെയും ശനിയെയും അടുത്തെത്തി പഠിച്ചു. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെക്കുറിച്ചും നിർണായക വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഗ്രഹങ്ങളുടെ സഞ്ചാരതലത്തിന് മുകളിലേക്കുള്ള പാതയിലൂടെ സൗരയൂഥത്തിന്റെ വിദൂര മേഖലകളിലേക്ക് നീങ്ങി. എന്നാൽ വോയേജർ 2-ന്റെ യാത്ര വ്യത്യസ്തമായിരുന്നു. വ്യാഴവും ശനിയും സന്ദർശിച്ച വോയേജർ 2 അവിടെ യാത്ര അവസാനിപ്പിച്ചില്ല.1986-ൽ യുറാനസിന് സമീപമെത്തി. പിന്നീട് 1989-ൽ നെപ്റ്റ്യൂണിനെയും സന്ദർശിച്ചു. ഇന്നും യുറാനസിനെയും നെപ്റ്റ്യൂണിനെയും അടുത്തെത്തി പഠിച്ച ഒരേയൊരു ബഹിരാകാശ പേടകമാണ് വോയേജർ 2. നാല് ഭീമൻ ഗ്രഹങ്ങളെയും സന്ദർശിച്ച ഏക പേടകമെന്ന നേട്ടവും ഇതിനുണ്ട്.

ഗ്രഹങ്ങളുടെ അന്തരീക്ഷം, കാന്തികമണ്ഡലം, വളയങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് അതുവരെ ലഭ്യമല്ലാതിരുന്ന നിരവധി വിവരങ്ങൾ വോയേജർ 2 ശാസ്ത്രലോകത്തിന് സമ്മാനിച്ചു. യുറാനസിന്റെ പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്താനും നെപ്റ്റ്യൂണിലെ ശക്തമായ കാറ്റുകളെക്കുറിച്ച് മനസ്സിലാക്കാനും ഈ ദൗത്യം സഹായിച്ചു. ഈ അധിക ഗ്രഹസന്ദർശനങ്ങൾക്കായി വോയേജർ 2 സ്വീകരിച്ച സഞ്ചാരപാതയും അതിന്റെ വേഗതയിലെ വ്യത്യാസവുമാണ് വോയേജർ 1-നെക്കാൾ പിന്നിലാകാൻ കാരണം. വോയേജർ 1 ഉം വോയേജർ 2 ഉം ഇപ്പോൾ നക്ഷത്രാന്തര ബഹിരാകാശത്തിലാണ്.

വോയേജർ 2 ഇപ്പോൾ എത്ര അകലെയാണ്?

2026 നവംബർ 19-ലെ ഏകദേശ കണക്കുകൾ

വോയേജർ 1 – 2,590 കോടി കിലോമീറ്റർ

വോയേജർ 2 – 2,170 കോടി കിലോമീറ്റർ

ദൂരവ്യത്യാസം – 420 കോടി കിലോമീറ്റർ

ഇത്രയും അകലെയായിട്ടും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുന്നു എന്നതാണ് ഈ പേടകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 49 വർഷം മുമ്പ് നിർമ്മിച്ച പേടകങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് തന്നെ അത്ഭുതമാണ്. വോയേജർ പേടകങ്ങളിലെ ശാസ്ത്രീയ ഉപകരണങ്ങൾ നക്ഷത്രാന്തര ബഹിരാകാശത്തിലെ കാന്തികക്ഷേത്രങ്ങൾ, പ്ലാസ്മ തരംഗങ്ങൾ, ഉയർന്ന ഊർജമുള്ള കണികകൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നു. വോയേജർ 1-ൽ ഇപ്പോൾ പ്രവർത്തിക്കുന്നത് പ്രധാനമായും രണ്ട് ശാസ്ത്രീയ ഉപകരണങ്ങളാണ്. വോയേജർ 2-ൽ കാന്തികക്ഷേത്രം, പ്ലാസ്മ തരംഗങ്ങൾ, കോസ്മിക് കിരണങ്ങൾ എന്നിവ പഠിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വോയേജർ 2 എപ്പോൾ ഒരു പ്രകാശദിനം അകലെയെത്തും?: വോയേജർ 1 ഈ ചരിത്രനേട്ടം കൈവരിച്ചത് 2026 നവംബർ 18-നാണ്. നാസയുടെ കണക്കുകൂട്ടലനുസരിച്ച് വോയേജർ 2 ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയെത്തുക 2035 നവംബർ ഒന്നിനായിരിക്കും. അതായത് വോയേജർ 1-നേക്കാൾ ഏകദേശം ഒമ്പത് വർഷങ്ങൾക്ക് ശേഷം. എന്നാൽ അന്നും വോയേജർ 2 ഭൂമിയിലേക്ക് സന്ദേശങ്ങൾ അയയ്ക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വൈദ്യുതി ഉൽപ്പാദനം കുറയുന്നതിനാൽ അതിനുമുമ്പ് ആശയവിനിമയം അവസാനിക്കാനുള്ള സാധ്യതയുണ്ട്.

1977-ൽ ഭൂമിയിൽ നിന്ന് പുറപ്പെട്ട രണ്ട് ചെറിയ പേടകങ്ങൾ. അന്ന് അവയുടെ ലക്ഷ്യം സൗരയൂഥത്തിലെ വിദൂര ഗ്രഹങ്ങളെ പഠിക്കുക എന്നതായിരുന്നു. എന്നാൽ ഇന്ന് ആ ദൗത്യം മനുഷ്യരാശിയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രകളിലൊന്നായി മാറിയിരിക്കുന്നു.

ENGLISH SUMMARY:

ASA's Voyager 1 has made history by becoming the first human-made object to reach a distance of one light-day from Earth on November 18, 2026. Meanwhile, Voyager 2, launched 16 days earlier, is approximately 21.7 billion kilometres from Earth. Although it trails Voyager 1 in distance, Voyager 2 achieved a unique milestone by visiting all four giant planets: Jupiter, Saturn, Uranus and Neptune. Both spacecraft continue to explore interstellar space and transmit scientific data despite being nearly 49 years old. Voyager 2 is expected to reach the one-light-day milestone around November 2035, although its declining power supply could end communications before then.