രാജ്യത്തെ നാവിഗേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഐ.എസ്.ആര്.ഒയുടെ NVS-03 ഉപഗ്രഹ വിക്ഷേപണം ഇന്ന്. രാത്രി 11.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ജി.എസ്.എല്‍.വി –F-18 റോക്കറ്റിലാണ് വിക്ഷേപണം.
GISAT 1 A ഉപഗ്രഹ വിക്ഷേപണം വിജയത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുത്താണ് ഐ.എസ്.ആര്.ഒയുടെ ഇന്നത്തെ വിക്ഷേപണം. അമേരിക്ക വികസിപ്പിച്ച ജി.പി.എസ് സംവിധാനത്തിന് സമാനമായി അല്ലെങ്കില്‍ പകരമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ സംവിധാനമാണ് നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്സ്റ്റലേഷന്. ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനാണ് NVS-03 ഉപഗ്രഹം വിക്ഷേപിക്കുക. ഏകദേശം 2250 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം ജി.എസ്.എല്‍.വി മാര്‍ക് ടു റോക്കറ്റിലാണ് വിക്ഷേപിക്കുക. നാവിഗേഷന്‍ എന്നത് വഴികാണിക്കാനുള്ള സംവിധാനം മാത്രമല്ല. രാജ്യത്തിന്റെ സുരക്ഷയുമായും ഗതാഗത സംവിധാനങ്ങളുമായും നേരിട്ട് അവയ്ക്ക് ബന്ധമുണ്ട്. സൈനിക ആവശ്യങ്ങള്‍ക്കുള്ള നാവിഗേഷന്‍, കപ്പലുകളുടെയും വിമാനങ്ങളുടെയും സ്ഥാനം നിര്‍ണയിക്കാന്‍ സഹായകരമാകുമെന്നതിനാല്‍ പ്രതിരോധ മേഖലയില്‍ ഉപഗ്രഹം ഗുണം ചെയ്യും. വാഹനങ്ങളുടെ സ്ഥാനം കണ്ടെത്താനും ട്രെയിനുകളുടെ തല്‍സമയ നിരീക്ഷണം ഉള്‍പ്പെടെ നടത്താനും കഴിയുമെന്നതിനാല്‍ ഗതാഗത രംഗത്തും ഉപയോഗപ്രദമാണ്. കടലില്‍ പോകുന്ന മല്‍സ്യബന്ധന ബോട്ടുകളുടെ സ്ഥാനം കണ്ടെത്താനാകുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ കൂട്ടാന്‍ കഴിയും. ഒപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാവിഗേഷന്‍ സംവിധാനം വളരെയധികം സഹായിക്കും. 2025 ജനുവരിയില്‍ വിക്ഷേപിച്ച NVS –02 വിക്ഷേപണം പരാജയമായതോടെ രാജ്യത്തിന്റെ നാവിഗേഷന്‍ സംവിധാനം പ്രതിസന്ധിയിലായിരുന്നു. എന്‍.വി.എസ് 03 വിക്ഷേപണം വിജയകരമായാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ഐ.എസ്.ആര്.ഒയുടെ പ്രതീക്ഷ.