മരണശേഷം മറ്റൊരു ലോകമുണ്ടോ? മറ്റൊരു ജന്മത്തിലേക്ക് മനുഷ്യൻ കടക്കുമോ? കാലങ്ങളായി ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണിവ. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്നും കൗതുകമുണർത്താറുണ്ട്. ഇപ്പോഴിതാ പുനർജന്മവുമായി ബന്ധപ്പെട്ട് പുതിയൊരു പഠനറിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കയിലെ വെർജീനിയ സർവകലാശാലയിലെ ഗവേഷകർ.
പൂർവജന്മസ്മരണകൾ അവകാശപ്പെടുന്ന കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ശ്രദ്ധേയമായ ഒരു പ്രവണതയാണ് ഗവേഷകർ കണ്ടെത്തിയത്. മുൻജന്മമെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ മരണം അപ്രതീക്ഷിതമായിരുന്നെങ്കിൽ, ആ മരണത്തിനും കുട്ടിയുടെ ജനനത്തിനും ഇടയിലുള്ള കാലയളവ് താരതമ്യേന കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
പതിറ്റാണ്ടുകളായി ശേഖരിച്ച 1,678 സംഭവങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. മുൻപ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന ഓർമകൾ കുട്ടികൾ പങ്കുവച്ച സംഭവങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഓരോ കേസിലും കുട്ടികൾ പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന മരിച്ച വ്യക്തിയെ ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഈ പൊരുത്തങ്ങൾ പുനർജന്മത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും പഠനം വ്യക്തമാക്കുന്നു.
മരണത്തിനും ജനനത്തിനുമിടയിൽ ശരാശരി 16 മാസം
മരിച്ച വ്യക്തിയുടെ പ്രായം, മരണത്തിന്റെ സാഹചര്യം, മരണം പ്രതീക്ഷിച്ചതാണോ അപ്രതീക്ഷിതമായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. രോഗം, വാർധക്യം എന്നിവ മൂലമുള്ള മരണങ്ങളെ സ്വാഭാവിക മരണങ്ങളായും അപകടങ്ങൾ, അക്രമങ്ങൾ, ആത്മഹത്യ എന്നിവ മൂലമുള്ള മരണങ്ങളെ അസ്വാഭാവിക മരണങ്ങളായും തരംതിരിച്ചു. പഠനത്തിൽ മരണത്തിനും പുനർജന്മമെന്ന് അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിനുമിടയിലെ കാലയളവിന്റെ മധ്യമൂല്യം (median) 16 മാസമായിരുന്നു. എന്നാൽ മരണം എത്രത്തോളം അപ്രതീക്ഷിതമായിരുന്നോ അത്രത്തോളം ഈ ഇടവേള കുറയുന്ന പ്രവണത ഗവേഷകർ കണ്ടെത്തി. ഏറ്റവും അപ്രതീക്ഷിതമായ മരണങ്ങൾ ഉൾപ്പെട്ട കേസുകളിൽ ഈ കാലയളവ് താരതമ്യേന 40 ശതമാനത്തോളം കുറഞ്ഞതായും പഠനം ചൂണ്ടിക്കാട്ടുന്നു. അതായത്, മരണം അപ്രതീക്ഷിതമായിരുന്ന കേസുകളിൽ അടുത്ത ജന്മമെന്ന് അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിലേക്കുള്ള ഇടവേള കുറവായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ ഈ ബന്ധത്തിന് പിന്നിലെ കാരണമെന്താണെന്ന് ഗവേഷകർക്ക് ഇതുവരെ വിശദീകരിക്കാനായിട്ടില്ല.
ഗവേഷകരെ അമ്പരപ്പിച്ച കണ്ടെത്തൽ
അപ്രതീക്ഷിത മരണങ്ങളും കുറഞ്ഞ ഇടവേളയും തമ്മിലുള്ള ബന്ധം സാംസ്കാരിക വിശ്വാസങ്ങളോ മാനസിക ഘടകങ്ങളോ കൊണ്ട് വിശദീകരിക്കാനാകുമോ എന്നറിയാനാണ് ഗവേഷകർ ശ്രമിച്ചത്. കുട്ടികൾ മറ്റുള്ളവരിൽനിന്ന് കേട്ട കഥകൾ സ്വന്തം ഓർമകളായി ആവർത്തിക്കുന്നുണ്ടോ എന്നതും പരിശോധിച്ചു. പുനർജന്മത്തിൽ വിശ്വസിക്കുന്ന കുടുംബങ്ങളുടെ മതപരമായ പശ്ചാത്തലം കുട്ടികളുടെ അവകാശവാദങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും വിലയിരുത്തി. എന്നാൽ പരിശോധിച്ച ഘടകങ്ങൾ കണക്കിലെടുത്തിട്ടും അപ്രതീക്ഷിത മരണങ്ങളും കുറഞ്ഞ ഇടവേളയും തമ്മിലുള്ള ബന്ധം നിലനിന്നു. പുനർജന്മത്തിൽ വിശ്വസിക്കാത്ത കുടുംബങ്ങളിൽ ഈ ബന്ധം കൂടുതൽ ശക്തമായി കണ്ടുവെന്നതാണ് ഗവേഷകരെ അമ്പരപ്പിച്ച മറ്റൊരു കണ്ടെത്തൽ. കുടുംബങ്ങളുടെ മതവിശ്വാസം മാത്രമാണ് ഈ പ്രവണതയ്ക്ക് പിന്നിലെന്ന വാദത്തെ ഇത് പിന്തുണയ്ക്കുന്നില്ല.
വെർജീനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിനിൽ പ്രവർത്തിക്കുന്ന ഡിവിഷൻ ഓഫ് പെർസെപ്ച്വൽ സ്റ്റഡീസിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രധാന ഗവേഷകയായ ഡോ. സയീദെ സാദേഗിയും സംഘവും മരണത്തിന്റെ സ്വഭാവവും കുട്ടികൾ അവകാശപ്പെടുന്ന പൂർവജന്മസ്മരണകളുമായി ബന്ധപ്പെട്ട കാലയളവും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ചത്.
പുനർജന്മത്തിന് തെളിവായോ?
ഈ കണ്ടെത്തലുകൾ പുനർജന്മം യാഥാർഥ്യമാണെന്ന് തെളിയിക്കുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. പകരം, നിലവിലുള്ള സാംസ്കാരികവും മാനസികവുമായ വിശദീകരണങ്ങൾകൊണ്ട് പൂർണമായി മനസ്സിലാക്കാനാകാത്ത ഒരു പ്രവണതയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും അവർ പറയുന്നു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ Psychology of Consciousness: Theory, Research, and Practice എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പുനർജന്മത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയൊരു മാനം നൽകുന്നതാണ് ഈ കണ്ടെത്തൽ. എങ്കിലും പൂർവജന്മസ്മരണകൾ യഥാർഥമാണെന്നോ മരണശേഷം പുനർജന്മം സംഭവിക്കുന്നുണ്ടെന്നോ ശാസ്ത്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പഠനത്തിലെ നിരീക്ഷണങ്ങൾ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രവണത കാണിക്കുന്നതെന്ന് മനസ്സിലാക്കുകയാണ് ഇനി ഗവേഷകർക്ക് മുന്നിലുള്ള വെല്ലുവിളി.