ozon-layer-n

രാജ്യന്തര ഓസോൺ ദിനത്തിൽ ആശ്വാസവും പ്രതീക്ഷയും പകരുന്ന റിപ്പോർട്ടുമായി ലോക കാലാവസ്ഥാ സംഘടന (WMO). ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളി ക്രമേണ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും അന്റാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ സുഷിരം ചുരുങ്ങിവരികയാണെന്നും ഏറ്റവും പുതിയ  ഓസോൺ & യുവി ബുള്ളറ്റിൻ വ്യക്തമാക്കുന്നു. തുടർച്ചയായി രണ്ടാം വർഷവും അന്റാർട്ടിക്കയിലെ ഓസോൺ ദ്വാരം സമീപ ദശകങ്ങളിലെ ഏറ്റവും ചെറിയ വ്യാപ്തിയിലാണ് രേഖപ്പെടുത്തിയത്.  

പ്രധാന കണ്ടെത്തലുകൾ

1992 ൽ കടുത്ത തോതിലുള്ള ഓസോൺ ശോഷണം നിരീക്ഷിക്കാൻ തുടങ്ങിയതിനു ശേഷമുള്ള കണക്കുകളിൽ, ഏറ്റവും ചെറിയ നാലാമത്തെയോ അഞ്ചാമത്തെയോ ഓസോൺ ദ്വാരമാണ് രേഖപ്പെടുത്തിയത്. ഓസോൺ ദ്വാരത്തിന്റെ ആഴവും വിസ്തൃതിയും 1990–2010 കാലഘട്ടത്തിലെ ശരാശരിയേക്കാൾ വളരെ താഴെയാണ്. അന്തരീക്ഷത്തിലെ വലിയ തോതിലുള്ള ചലനങ്ങളും താപനിലയും കാരണം വർഷം തോറും ഓസോൺ ശോഷണത്തിന്റെ തോതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. എന്നാൽദീർഘകാലാടിസ്ഥാനത്തിൽ ഓസോൺ പാളി സ്വന്തം ശേഷി വീണ്ടെടുക്കുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു .  

മോൺട്രിയൽ പ്രോട്ടോക്കോളിന്റെ വിജയം

ക്ലോറോഫ്ലൂറോ കാർബണുകൾ (CFCs) ഉൾപ്പെടെയുള്ള ഓസോൺ നശീകരണ വാതകങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിർത്തലാക്കിയ 'മോൺട്രിയൽ പ്രോട്ടോക്കോൾ' എന്ന രാജ്യന്തര ഉടമ്പടിയുടെ വിജയമാണ് ഈ നേട്ടം. ഓസോൺ പാളി സുഖപ്പെടുന്നുണ്ടെങ്കിലും, ഭൂമിയിലെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ കാര്യത്തിൽ പുതിയ വെല്ലുവിളികൾ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് വികിരണം അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

യൂറോപ്പ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ 1990-കളുടെ പകുതിക്ക് ശേഷം യുവി വികിരണത്തിൽ 20 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മേഘാവരണം കുറഞ്ഞതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സമയദൈർഘ്യം കൂടിയതുമാണ് ഇതിന് പ്രധാന കാരണം. യുവി വികിരണങ്ങൾ ദീർഘകാലം ഏൽക്കുന്നത് ത്വക്ക് കാൻസർ, തിമിരം, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവയ്ക്കും സമുദ്ര-ഭൗമ ആവാസവ്യവസ്ഥകൾക്കും ഗുരുതരമായ ഭീഷണിയുയർത്തുന്നു. ഓസോൺ പാളിയുടെ സ്വാഭാവിക സംരക്ഷണം പൂർണ്ണമാകാൻ ഇനിയും പതിറ്റാണ്ടുകൾ എടുക്കുമെന്നിരിക്കെ, അന്തരീക്ഷ നിരീക്ഷണവും രാസവസ്തുക്കളുടെ കർശന നിയന്ത്രണങ്ങളും വിട്ടുവീഴ്ചയില്ലാതെ തുടരണമെന്ന് ഡബ്ല്യു.എം.ഒ. ഓർമ്മിപ്പിക്കുന്നു.

ENGLISH SUMMARY:

On World Ozone Day, the World Meteorological Organization (WMO) released an encouraging update in its latest Ozone & UV Bulletin, revealing that the Earth's protective ozone layer is steadily recovering. For the second consecutive year, the Antarctic ozone hole recorded one of its smallest extents in recent decades—ranking as the 4th or 5th smallest since intense tracking began in 1992. Credit goes to the international implementation of the Montreal Protocol, which phased out ozone-depleting substances like chlorofluorocarbons (CFCs). However, the report cautions that UV radiation levels remain high—increasing by up to 20% in areas like Europe since the mid-1990s due to reduced cloud cover and prolonged sunshine—posing ongoing risks like skin cancer and cataract issues.