biosolids_to_biochar_concrete_triptych

മനുഷ്യ വിസർജ്യം പ്രകൃതിദത്തമായി സംസ്കരിച്ച് ഉറപ്പുള്ള കോൺക്രീറ്റ് നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് മണിപ്പാൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. സിവിൽ എൻജിനീയർ രഘുവേഷ് തിവാരിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. നിർമാണ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ കോൺക്രീറ്റിന്‍റെ വളയൽ ശേഷി (Flexural Strength) 42 ശതമാനത്തോളം വർധിപ്പിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

വാറങ്കലിലെ ഒരു സംസ്കരണ പ്ലാന്റിൽനിന്ന് ശേഖരിച്ച മനുഷ്യ വിസർജ്യം ഉപയോഗിച്ചാണ് ഇതിനായി ബയോചാർ നിർമിച്ചത്. കുറഞ്ഞ അളവിലുള്ള ഓക്സിജനിൽ ജൈവവസ്തുക്കളെ ചൂടാക്കി ഉത്പാദിപ്പിക്കുന്ന കാർബൺ സമ്പുഷ്ടമായ പദാര്‍ഥമാണ്  ബയോചാർ. ഉണക്കിയ മനുഷ്യ വിസർജ്യം ഏകദേശം 350 മുതൽ 450 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കി പൈറോളിസിസ് പ്രക്രിയയിലൂടെയാണ് കാർബൺ സമ്പുഷ്ടമായ ബയോചാറാക്കി മാറ്റിയത്.

തുടർന്ന് കോൺക്രീറ്റിലെ സിമന്റിന്‍റെ അളവ് കുറച്ച്, മാലിന്യത്തിൽനിന്ന് നിർമിച്ച ബയോചാർ ചേർത്തു. ഈ മിശ്രിതത്തിന്‍റെ കരുത്ത്, ജല ആഗിരണശേഷി, ചുരുങ്ങൽ, സുഷിരത തുടങ്ങിയ ഘടകങ്ങൾ ഗവേഷകർ പരിശോധിച്ചു.

91 ദിവസത്തെ ക്യൂറിങ് കാലയളവിന് ശേഷം കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് സ്ട്രെങ്ത് (ഞെരുക്കൽ ശക്തി) 21 ശതമാനവും വളയൽ ശക്തി 42 ശതമാനവും വർധിച്ചതായി കണ്ടെത്തിയെന്നാണ് Scientific Reports ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്.

സാധാരണ കോൺക്രീറ്റിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും ഉയർന്ന താപനിലയെ കൂടുതൽ പ്രതിരോധിക്കുന്നതുമാണ് ഈ മിശ്രിതമെന്നും ഗവേഷകർ പറയുന്നു. സിമന്റ് നിർമാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും മാലിന്യസംസ്കരണത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതിനും സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

എന്നാൽ കെട്ടിട നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ പരിശോധനകളും പഠനങ്ങളും ആവശ്യമാണ്. സുരക്ഷയും ദീർഘകാല സ്ഥിരതയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഗവേഷണം നടത്തിയ ശേഷമേ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയൂ.

ENGLISH SUMMARY:

Human waste can now be transformed into strong concrete using a groundbreaking technology developed by scientists. This innovative process not only enhances the concrete's strength but also offers a sustainable solution for waste management.