ഈ വര്‍ഷം ഫെബ്രുവരി. വടക്കുകിഴക്കന്‍ അമേരിക്ക. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം കണ്ടാണ് രണ്ടുപേര്‍ പുറത്തേക്ക് ഓടിവന്നത്. 

വീടിന് മുന്നില്‍ മുന്‍പെങ്ങും കാണാത്ത അത്ര ചുവന്ന പ്രകാശം. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു വസ്തുവില്‍ നിന്നാണ് പ്രകാശം പുറത്തുവരുന്നത്. അതിനാണെങ്കില്‍ മൂന്നടി നീളം കൃത്യം മധ്യത്തില്‍ ബാസ്കറ്റ് ബോള്‍ പോലെ സൂര്യനെപ്പോലെ മറ്റൊരു 

ഗോളം. രണ്ടുപേരും ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഗോളം ഒറ്റയ്ക്കല്ല അത് മറ്റൊന്നുമായി കൂട്ടിക്കെട്ടിയ നിലയില്‍. അന്നത് ഒറ്റപ്പെട്ട കാഴ്ചയായിരുന്നു. രണ്ടുപേരുടെയും ജീവിതത്തിലെ ആദ്യ സംഭവം. പക്ഷെ ആഴ്ചകള്‍ക്ക് ശേഷം ഇത്തരത്തിലുള്ള നിരവധി ഗോളങ്ങള്‍ ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്നു.  കളിയായാലും കഥയായാലും കാര്യമായാലും കഴിഞ്ഞദിവസം പെന്റഗണ്‍ പുറത്തുവിട്ട അന്യഗ്രഹ ജീവികളെ പറ്റിയുള്ള രേഖകളിലുള്ള മൊഴിയാണിത്. രേഖകള്‍ വായിക്കുംതോറും കൂടുതല്‍ വിചിത്രവും ഭീതിപ്പെടുത്തുന്നതുമായ കൂടുതല്‍ സാക്ഷ്യമൊഴികളാണ് ബാക്കി. 

കൃത്യം ഒരുവര്‍ഷം മുന്‍പ്. ആദ്യ സംഭവം നടന്നതിന്റ അത്ര ദൂരെയല്ലാത്ത മറ്റൊരു സ്ഥലത്ത് കണ്ടത് മൂന്ന് വിചിത്ര കാഴ്ചകളാണ്. വീടിന് പിന്നില്‍ അതിവേഗത്തില്‍ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന മൂന്ന് ഗോളങ്ങള്‍. ചുവന്ന, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള വലിയ മൂന്ന് ഗോളങ്ങള്‍. മറ്റൊന്ന് സ്വയം തിരിയുന്ന വലിയ മറ്റൊരു ചുവന്ന ഗോളം, വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന മറ്റൊരു രൂപം. ഈ നാല് സംഭവങ്ങളും കണ്ടതാകട്ടെ വെറും 25 മൈല്‍ ചുറ്റളവില്‍. 

രണ്ടുവര്‍ഷം മുന്‍പ് ഒക്ടോബറിലാണ് മറ്റൊന്ന്. വെള്ളം നിറഞ്ഞ കുളത്തിന് മുകളില്‍, അത്രയൊന്നും മുകളില്‍ അല്ലാതെ ആകൃതിയും പ്രകാശ തീവ്രതയും മാറുന്നൊരു ഗോളം. ഇടക്കിടക്കെ ചെറിയ പ്രകാശ ബിന്ദുക്കളായും, ചിലപ്പോഴൊക്കെ വീണ്ടും ഒന്നിക്കുകയും ചെയ്യുന്ന പ്ലാസ്മ പോലെ തോന്നുന്ന ഒന്ന്. 

അതീവ രഹസ്യമായ 72 രേഖകളാണ് മൂന്നാമത്തെ പെന്റഗണ്‍ ഫയലില്‍ ഉള്ളത്. അജ്ഞാത വിചിത്ര പ്രതിഭാസം എന്ന് തലക്കെട്ടിട്ട രേഖകളിൽ മൊഴികളും ദൃശ്യങ്ങളും ചിത്രീകരണങ്ങളും ഉൾപ്പെടുന്നു. പതിറ്റാണ്ടുകളായി ‌ചര്‍ച്ചയിലുള്ള അന്യഗ്രഹ ജീവികളും വാഹനങ്ങളും യാഥാര്‍ഥ്യമോയെന്ന ചര്‍ച്ച പുതിയ ദിശയിലേക്ക് വഴിതിരിച്ചുവിടുകയാണ് പെന്റഗണ്‍ ഫയല്‍സ്. അന്യഗ്രഹ ജീവികളെയും പേടകങ്ങളെയും പല സ്ഥലത്ത് വെച്ചും കണ്ടെന്ന് പലകും അവകാശവാദം മുഴക്കാറുണ്ടെങ്കിലും ഇതൊക്കെ  ഗൂഢാലോചനാ സിദ്ധാന്തമായി തള്ളുകയാണ് പതിവ്. എന്നാല്‍ പെന്റഗണ്‍ തന്നെ UFO രേഖകള്‍ പുറത്തുവിട്ടതോടെ അന്യഗ്രഹജീവികള്‍ കെട്ടുക്കഥകള്‍ അല്ലെന്നാണ് പുതിയ വാദം. അമേരിക്കയിലെ നെവാഡയിലെ 'ഏരിയ 51' അന്യഗ്രഹജീവികളെപ്പറ്റി പഠിക്കാനുള്ള രഹസ്യസങ്കേതമാണെന്ന് വാദിക്കുന്നവരും നിരവധി. 

ഇവിടെവെച്ച് അസാധാരണ ശബ്ദങ്ങളും രൂപങ്ങളും കേട്ടെന്നും കണ്ടെന്നും വാദിക്കുന്നവരുമുണ്ട്. അതീവ രഹസ്യമാക്കി വെച്ച ഈ UFO ഫയലുകള്‍ വലിയ ഊഹാപോഹങ്ങള്‍ക്കാണ് വഴിവെച്ചതെന്നും ഇപ്പോള്‍ അമേരിക്കന്‍ ജനത ഇത് സ്വയം കാണണമെന്നുമാണ് പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്സെത്ത് പറയുന്നത്. 

ENGLISH SUMMARY:

Pentagon UFO report details classified documents hinting at extraterrestrial phenomena, moving beyond conspiracy theories to present eyewitness accounts of strange objects and lights. These revelations are sparking renewed public interest and discussion about the possibility of alien life and advanced technology.