Image: www.whitehouse.gov/aliens/
‘അന്യഗ്രഹ ജീവികളെ’ക്കുറിച്ച് ഒരു വെബ്സൈറ്റോ? വൈറ്റ് ഹൗസിന്‍റെ പുതിയ വെബ്സൈറ്റാണ് ചര്‍ച്ചയാകുന്നത്. www.whitehouse.gov/aliens/ എന്നതാണ് വെബ്സൈറ്റ് വിലാസം. തുറന്നാല്‍ ഭീതിയുണർത്തുന്ന പച്ച നിറത്തിലുള്ള അക്ഷരങ്ങളിൽ ‘അവർ നമുക്കിടയിൽ ജീവിക്കുന്നു’ (They walk among us) എന്ന വാചകം കാണാം. വീണ്ടും സ്കോള്‍ ചെയ്താല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ‘60 വർഷമായി യു.എസ്. സർക്കാർ അതീവ രഹസ്യമായി സൂക്ഷിച്ച ഒരു കാര്യമുണ്ട്. അന്യഗ്രഹജീവികൾ നമുക്കിടയിലൂടെ നടക്കുന്നുണ്ട്, നമ്മുടെ അയൽപക്കങ്ങളിൽ ജീവിക്കുന്നുണ്ട്, ദൈനംദിന ജീവിതത്തിൽ നമ്മളോട് ഇടപഴകുന്നുമുണ്ട്. എന്നാൽ ഒരു വ്യത്യാസം മാത്രം, അവർ ഇവിടെയുള്ളവരല്ല’!
ഒറ്റ നോട്ടത്തിൽ യു.എസ്. സർക്കാരിന്റെ, അതീവ രഹസ്യമായ ‘ഡിക്ലാസിഫൈഡ്’ വിവരങ്ങൾ അടങ്ങിയ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വെബ്‌സൈറ്റാണെന്ന് തോന്നും. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് അന്യഗ്രഹ ജീവികളെ കുറിച്ചോ യുഎഫ്ഒകളെ കുറിച്ചോ ഉള്ള വെബ്സൈറ്റല്ല. മറിച്ച് പച്ചയായ മനുഷ്യരെ കുറിച്ചുള്ള വെബ്സൈറ്റാണ്. യുസിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശ പൗരന്മാരെക്കുറിച്ചാണ്. വെറും തമാശയായി കരുതാന്‍ വരട്ടെ! മനുഷ്യരെ അന്യഗ്രഹ ജീവികളാക്കി മാറ്റിയ വൈറ്റ് ഹൗസിന്‍റെ നടപടി രാജ്യാന്തര തലത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
പൂർണ്ണമായും അന്യഗ്രഹ അല്ലെങ്കില്‍ ബഹിരാകാശ തീമിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് വെബ്‌സൈറ്റ്. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു മാപ്പും ഇതിലുണ്ട്. ഈ ഡാറ്റ നിരന്തരം അപ്‌ഡേറ്റ് ചെയ്യുമെന്നും വൈറ്റ് ഹൗസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിൽ ഇത് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിന് പുറമെ, സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന കുടിയേറ്റക്കാരെക്കുറിച്ച് വിവരങ്ങൾ നൽകാൻ ഒരു 'ടിപ്പ് ബോക്സും' വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ വീണ്ടും എഴുത്തുകള്‍ കാണാം. നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പ്രകീർത്തിച്ചും മുന്‍പ് യുഎസ് പ്രസിഡന്‍റ്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയുമാണ് വാചകങ്ങള്‍. ‘ദശലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിന്റെ മറവിൽ ഇവിടെയെത്തുകയും നമ്മുടെ സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്തു. നിരവധി പ്രസിഡന്റുമാരും മുതിർന്ന ഉദ്യോഗസ്ഥരും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിരുന്നു. എന്നാൽ അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് പകരം, ഈ അധിനിവേശത്തെ മൂടിവെക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് അവർ ശ്രമിച്ചത്’– വെബ്‌സൈറ്റിൽ ആരോപിക്കുന്നു.
ഒടുവിൽ ഒരു വ്യക്തി മാത്രമാണ് സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ചതെന്നും, അമേരിക്കൻ പൗരന്മാർക്ക് ഈ ‘അന്യഗ്രഹജീവികൾ’ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സൈറ്റിൽ പറയുന്നു. സൈറ്റിന്റെ അവസാന ഭാഗത്ത് നൽകിയിരിക്കുന്ന വാചകം ഇങ്ങനെയാണ്: ‘ഈ അന്യഗ്രഹജീവികള്‍ സുരക്ഷിതമായ കൈകളിലാണ്. ഞങ്ങൾ അതിനെ പരിചരിക്കുകയും... സുരക്ഷിതമായി അതിന്റെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും’.
വൈറ്റ് ഹൗസിന്റെ ഈ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജനുവരി പകുതി വരെയുള്ള കണക്കുകളെടുത്താല്‍ യു.എസിലുടനീളമുള്ള ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കൽ കേന്ദ്രങ്ങളിൽ 73,000 ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. ഈ തടങ്കൽ കേന്ദ്രങ്ങളിൽ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്നും കൗണ്‍സില്‍ പറയുന്നു. പീഡനങ്ങളും അവഗണനയുമാണ് അവിടെ നടക്കുന്നതെന്നും ഭക്ഷണവും വെള്ളവും തുടങ്ങി ചികില്‍സ പോലും ഇവിടങ്ങളില്‍ നിഷേധിക്കുപ്പെടുന്നുണ്ടെന്നും കൗൺസിൽ ആരോപിച്ചു.
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനും നാടുകടത്തുന്നതിനുമെതിരെ യുഎസിലുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസിന്‍റെ പുതിയ വെബ്സൈറ്റ്. ഇത് അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം കൂടുതൽ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.