പണക്കാരനാകട്ടെ, സാധാരണക്കാരനാകട്ടെ, വില്ലനാകട്ടെ, ഹീറോ ആകട്ടെ ഏറ്റവും വലിയ തിമിംഗലമാകട്ടെ, ഇത്തിരിക്കുഞ്ഞന്‍ ബാക്ടീരിയയുമാകട്ടെ, എല്ലാവര്‍ക്കും അവസാനം മരണമാണ്. മരണം എന്ന അന്ത്യം സത്യമാണ്. എന്നാല്‍ മരണമില്ലെങ്കിലോ.... മരണമില്ലാത്ത ലോകത്തേക്ക് ദിനംപ്രതി അടുക്കുകയാണ് ശാസ്ത്രം. ഒരുപക്ഷെ അത് ഇന്നാവില്ല. പക്ഷെ അത് ഉണ്ടാകുമെന്ന പ്രതീക്ഷയേകുന്നതാണ് റഷ്യയില്‍ നിന്ന് വരുന്ന വാര്‍ത്ത. അതാവട്ടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനെ ചുറ്റിപ്പറ്റിയാണെന്നതും കൗതുകം. 

റഷ്യന്‍ പ്രസിഡന്‍റിന്‍റെ ആസ്ഥാനമായ ക്രെംലിന്‍ പിന്തുണ നല്‍കുന്ന ഗവേഷകസംഘം ഏറെ നാളായി പരീക്ഷണങ്ങളിലായിരുന്നു. ന്യൂ ഹെല്‍ത്ത് പ്രിസര്‍വേഷന്‍ ടെക്നോളജീസ് എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി പന്നിക്കുഞ്ഞുങ്ങളില്‍ നിന്നും അവയവങ്ങള്‍ ഉപയോഗിക്കാനും, അവയവങ്ങള്‍ 3D പ്രിന്‍റ് ചെയ്യുന്നതിലും ജീന്‍ തെറാപ്പിയിലും പുതിയ നേട്ടങ്ങള്‍ കൈവരിച്ചെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുറത്തുവന്ന സംഭാഷണശകലത്തില്‍ പുട്ടിന്‍ അവയവമാറ്റത്തെക്കുറിച്ചും അമരത്വത്തെക്കുറിച്ചും ഏറെ താല്‍പര്യത്തോടെ സംസാരിക്കുന്നത് കേള്‍ക്കാം. എന്നാല്‍ അന്ന് ഇത് സാധാരണ ചര്‍ച്ചയെന്ന രീതിയ്ക്ക് തള്ളിക്കളയപ്പെടുകയായിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് പിന്നില്‍ അഗാധമായ എന്തോ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം കോശങ്ങളുടെ ആയുസ് വര്‍ധിപ്പിക്കുന്ന ഒരു ഗവേഷണം തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് കൂടാതെ തരുണാസ്ഥി 3D പ്രിന്‍റ് ചെയ്തതും ഒരു ചുണ്ടെലിയില്‍ തൈറോയ്ഡ് ഗ്രന്ഥി സമാനമായ രീതിയില്‍ ഉണ്ടാക്കി ഉപയോഗിച്ച് വിജയിച്ചതും 2030ഓടുകൂടി മനുഷ്യരിലും മുഴുവനായി 3D പ്രിന്‍റഡ് അവയവമാറ്റം സാധ്യമാക്കിയേക്കും എന്ന പ്രതീക്ഷയില്‍ നടത്തിയ ഗവേഷണങ്ങളായിരുന്നു. 

മുന്‍പ് ശതകോടീശ്വരന്‍മാരായ ജെഫ് ബേസോസും സാം ആള്‍ട്ട്മാനും സമാനമായ ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. എന്നാല്‍ ഇവ പിന്നീട് വെളിച്ചത്ത് വന്നില്ല. എന്നാല്‍ റഷ്യയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് വ്യക്തമായ അടിസ്ഥാനമുണ്ടെന്നതാണ് വിഷയത്തെക്കുറിച്ചുള്ള ഗൗരവം വര്‍ധിപ്പിക്കുന്നത്.

ENGLISH SUMMARY:

Immortality and life extension are being explored by science, with recent news from Russia focusing on President Vladimir Putin's involvement in groundbreaking research. This suggests a future where death might not be the ultimate end, as scientific advancements inch closer to achieving indefinite lifespans and overcoming biological limitations.