പ്ലാനറ്ററി പരേഡ് എന്ന അപൂര്‍വ ആകാശ വിസ്മയത്തിന് ഇനി ഒരുനാള്‍ മാത്രം. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങള്‍ സൂര്യന്‍റെ ദിശയില്‍ വിന്യസിക്കുന്ന ഈ പ്രതിഭാസം നാളെ സൂര്യാസ്തമയം മുതല്‍ ഇന്ത്യയില്‍ കാണാന്‍ കഴിയും. നാളത്തെ അവസരം നഷ്ടപ്പെട്ടാല്‍ ഇനി ഒരു അവസരമുണ്ടാകുമോ?
ബുധന്‍, ചൊവ്വ, വ്യാഴം,ശനി, ശുക്രന്‍, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നി ഏഴ് ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരേ വശത്ത് എത്തുന്നു. ഈ അപൂര്‍വ വിന്യാസം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നതിനെയാണ് പ്ലാനറ്റ് പരേഡ് എന്നറിയപ്പെടുന്നത്. ഈ ഏഴ് ഗ്രഹങ്ങളുടെയും ക്രമീകരണം ഫെബ്രുവരി 28ന് പൂര്‍ത്തിയാകുന്നു. അന്ന് സൂര്യാസ്തമയത്തിനുശേഷം 30 മിനുട്ടിന് ശേഷം ഈ വിന്യാസം ഭൂമിയിന്‍ നിന്ന് വീക്ഷിക്കാന്‍ സാധിക്കുന്നു. ബുധന്‍ ഒഴികെ മറ്റു ആറ് ഗ്രഹങ്ങള്‍ ഈ രീതിയില്‍ വിന്യസിക്കപ്പെടാറുണ്ടെങ്കിലും സൂര്യന്‍റെ അടുത്ത് കിടക്കുന്നതിനാല്‍ ബുധനെ ഈ വിന്യാസത്തില്‍ കാണാന്‍ കഴിയാറില്ല.
എന്നാല്‍ ഫെബ്രുവരി 28ന് ബുധന്‍ കൂടി മറ്റു ആറ് ഗ്രഹങ്ങള്‍ക്കൊപ്പം ചേരുന്നതിനാലാണ് ഈ വിന്യാസം അപൂര്‍വമാകുന്നത്. പരമാവധി കാഴ്ച സാധ്യമാകാന്‍ പ്രകാശം കുറഞ്ഞിടത്ത് നിന്ന് നോക്കുന്നതാകും ഉചിതം. ബുധന്‍, ചൊവ്വ, വ്യാഴം,ശനി, ശുക്രന്‍ എന്നി അഞ്ച് ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും. എന്നാല്‍ യുറാനസ്, നെപ്റ്റ്യൂണ്‍ എന്നിവ വളരെ ദൂരെയായതിനാല്‍ ബൈനോക്കുലര്‍, ടെലിസ്കോപ്പ് എന്നിവ ഉപയോഗിക്കേണ്ടി വരും. സൂര്യൻ പൂർണ്ണമായി അസ്തമിച്ചതിനു ശേഷം മാത്രം ഗ്രഹങ്ങളെ നിരീക്ഷിക്കുക. സൂര്യനെ നേരിട്ട് നോക്കുന്നത് കാഴ്ചശക്തിക്ക് ഗുരുതരമായ തകരാറുണ്ടാക്കും. 2026 ഏപ്രിൽ 18ന് പുലർച്ചെ ശനി, ചൊവ്വ, ബുധൻ, നെപ്ട്യൂൺ എന്നിവയുടെ ഒരു ചെറിയ സംഗമവും 2026 ഓഗസ്റ്റ് 12ന് വ്യാഴം, ബുധൻ, ചൊവ്വ, യുറാനസ്, ശനി, നെപ്ട്യൂൺ എന്നിവയുടെ വലിയൊരു സംഗമവും നടക്കും. എന്നാൽ, സന്ധ്യാസമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഇത്രയും വിപുലമായ ഒരു പരേഡ് നാളെയായിരിക്കും.