എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ദിവസവും ചവിട്ടിക്കൊണ്ടിരുന്ന ചവിട്ടുപടികള്‍ക്കടിയില്‍ കാലം ഒളിപ്പിച്ചത് വലിയൊരു നിധിയാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും? എന്നാല്‍ അത്തരമൊരു സംഭവമാണ് ചൈനയില്‍ നടന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് സംഭവം. രണ്ട് സഹോദരന്‍മാര്‍ പതിറ്റാണ്ടുകളായി ചവിട്ടുപടികളായി ഉപയോഗിച്ചിരുന്ന പാറകളാണ് 190 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകളുള്ള ഫോസിലുകളാണെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞത്. സിചുവാൻ പ്രവിശ്യയിലെ വുലി ഗ്രാമത്തിലാണ് സംഭവം.
ഗുവാങ്മിങ് ഡെയ്‌ലി പറയുന്നതനുസരിച്ച്, 1998ലെ ഖനനത്തിനിടയിലാണ് സഹോദരന്മാർ ചില അടയാളങ്ങളുള്ള പാറകൾ കണ്ടെത്തിയത്. കോഴികളുടെ കാല് പതിഞ്ഞതുപോലെയുള്ള ചില അടയാളങ്ങളും അവയിലുണ്ടായിരുന്നു. അവര്‍ അത് വീട്ടിലെ ചവിട്ടുപടികളായി ഉപയോഗിച്ചു. പില്‍ക്കാലത്താണ് പ്രദേശത്ത് ഒരു ദിനോസര്‍ മ്യൂസിയം വരുന്നത്. അങ്ങിനെ 2017 ൽ ദിനോസറുകളുടെ ചരിത്രത്തില്‍ താല്‍പര്യം തോന്നിയ സഹോദരന്‍മാരില്‍ ഒരാളുടെ മകള്‍, അവയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓണ്‍ലൈനില്‍ തിരയാന്‍ ആരംഭിച്ചു. സമാനതകള്‍ തോന്നിയതിനാല്‍ തങ്ങലുടെ പക്കലുള്ള പാറകളുടെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.
ഈ പാറകളിലെ മൂർച്ചയുള്ള നഖങ്ങളുടെ അടയാളങ്ങൾ, വൃത്താകൃതിയിലും രേഖീയവുമായ അടയാളങ്ങൾ എന്നിവ മ്യൂസിയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് മ്യൂസിയം പാറകളില്‍ പഠനം നടത്തി. ഒരു മാസത്തിനുശേഷം, പാറകൾ ദിനോസറുകളുടെ കാൽപ്പാടുകളുള്ള ഫോസിലുകളാണെന്ന് ഗവേഷകർ സ്ഥിരീകരിക്കുകയായിരുന്നു. കുടുംബത്തിന്റെ അനുമതിയോടെ പാറകള്‍ വിശകലനത്തിനായി മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. അടുത്തിടെയാണ് ചൈനീസ് ഗവേഷകര്‍ വുലി ഗ്രാമത്തിലെ ഈ ഫോസിലുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾ ജേണൽ ഓഫ് പാലിയോജിയോഗ്രഫിയിൽ പ്രസിദ്ധീകരിച്ചത്. ഏകദേശം 180 ദശലക്ഷം മുതൽ 190 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല ജുറാസിക് കാലഘട്ടത്തിലെ 413 കാൽപ്പാടുകൾ അടങ്ങിയ എട്ട് ശിലാഫലകങ്ങളിലാണിവ. മൂന്നുവിരലുകളോടുള്ള കാല്‍പ്പാടുകളാണ് പാറകളിലുള്ളത്. അപൂർവമായി മാത്രം കാണാറുള്ള വാലിന്‍റെ അടയാളങ്ങളും പാറകളില്‍ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
'ചൈനീസ് ദിനോസറുകളുടെ വീട്' എന്നറിയപ്പെടുന്ന തെക്കൻ സിചുവാൻ ബേസിനിലാണ് സിഗോങ് നഗരത്തിലെ വുലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1970 കളിലും 1980 കളിലുമായുള്ള 'ദശാൻപു മിഡിൽ ജുറാസിക് ദിനോസർ ഫോസിൽ സൈറ്റിന്‍റെ കണ്ടെത്തല്‍ സിഗോങിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു. ഇരുന്നൂറോളം ദിനോസറുകളുടേയും മറ്റ് കശേരുക്കളുടെയും ഫോസിലുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ അപൂർവ ടെറോസോറുകളും ദിനോസർ തൊലിയും ഉൾപ്പെടുന്നു.