എഐ നിര്‍മ്മിത ചിത്രം
പുരുഷന്‍റെ ആവശ്യമില്ലാതെ ഒരു സത്രീ ഗര്‍ഭം ധരിക്കുക, പ്രസവിക്കുക! കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ അങ്ങനെ ഒരു കാലം വന്നാലോ? മനുഷ്യരുടെ പ്രത്യുൽപ്പാദനത്തിൽ പുരുഷന്റെ പങ്കിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലം! യഥാർത്ഥത്തിൽ പ്രകൃതിയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ഇത്തരത്തിലുള്ള സ്വാഭാവികമായ അലൈംഗിക പ്രത്യുൽപ്പാദന രീതി അഥവാ 'പാർഥെനോജെനിസിസ്’. ബീജസങ്കലനം ചെയ്യപ്പെടാത്ത അണ്ഡത്തില്‍നിന്നും പുതിയ തലമുറ ഉണ്ടാകുന്ന പ്രക്രിയ. സ്രാവുകൾ, പാമ്പുകൾ, മുതലകൾ, ക്രസ്റ്റേഷ്യനുകൾ, തേളുകൾ, കടന്നലുകൾ തുടങ്ങി വിവിധ ജീവികളിൽ ഇത്തരത്തിലുള്ള ജനനം നടക്കുന്നുണ്ട്. ഇത് ഒരുപക്ഷേ മനുഷ്യരിലും ഇത് സാധ്യമായേക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിലവിൽ, മനുഷ്യരിൽ പാർഥെനോജെനിസിസ് ഒരിക്കലും സംഭവിച്ചിട്ടില്ലെങ്കിലും പല സസ്തനികളിലും ഇത് നടന്നിട്ടുണ്ട്.
മിക്ക ജീവികളിലുമുള്ളത് ലൈംഗിക പ്രത്യുൽപാദന രീതിയാണ്. അതായത് സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ചേര്‍ന്ന് ഭ്രൂണമുണ്ടാകുന്നു. എന്നാല്‍ ഇതിനു വിപരീതമായി, പാർഥെനോജെനിസിസില്‍ ഒരു രക്ഷിതാവിനെ മാത്രമേ ആവശ്യമുള്ളൂ. പുതിയ തലമുറയ്ക്ക് ജീവൻ നൽകാനും അവരുടെ ജീനുകൾ കൈമാറാനും സ്ത്രീ മാത്രം മതി. ഇതുവരെയും പാർഥെനോജെനിസിസ് സംഭവിച്ച സസ്യ- ജീവി വർഗങ്ങളിൽ എന്തുകൊണ്ടാണ് ഇത് നടന്നുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് പൂർണമായ വ്യക്തതയില്ല. എന്നിരുന്നാലും, പെൺ ജീവികള്‍ ഒറ്റപ്പെടുകയും ഇണയെ കണ്ടെത്താനുള്ള സാധ്യത കുറയുകയും ചെയ്യുമ്പോഴാണ് സാധാരണയായി പാർഥെനോജെനിസിസ് സംഭവിക്കുന്നത്. ഈ യുക്തി അനുസരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ പോലും ഗർഭിണിയാകാൻ കഴിയണം.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ, സസ്തനികളിൽ പാർഥെനോജെനിസിസ് അസാധ്യമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സമീപകാല പരീക്ഷണങ്ങൾ ഈ നിഗമനങ്ങളെ മാറ്റി മറച്ചു. ജീൻ എഡിറ്റിങ് വഴി എലികളിൽ പാർഥെനോജെനിസിസ് നേടിയെടുത്തതായി 2022 ൽ ചൈനയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്‍ ജനിച്ച എലി പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരുന്നതായും പ്രത്യുൽപാദനം നടത്തിയതായും ശാസ്ത്രജ്ഞര്‍ പറയുകയുണ്ടായി. കഴിഞ്ഞ മാസമാണ് ബർമിങ്ഹാമിലെ ഒരു മൃഗശാലയില്‍ ഒരു ആണ്‍ പല്ലിയുമായി ഒരിക്കലും സമ്പർക്കം പുലർത്തിയിട്ടില്ലാത്ത ഒരു പെൺ പല്ലി എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ജീവികളിലുണ്ടാകുന്ന ജനിതക മാറ്റങ്ങൾ പാർഥെനോജെനിസിസിലേക്ക് നയിച്ചേക്കാമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. സമാനമായ ജനിതക മാറ്റങ്ങൾ മനുഷ്യരിലുമുണ്ടായാല്‍ മനുഷ്യരിൽ പാർഥെനോജെനിസിസ് സാധ്യമാണെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ സുവോളജി ലക്ചററായ ഡോ. ലൂയി ജെന്റിൽ പറയുന്നത്.
സസ്തനികളിൽ പാർഥെനോജെനിക് ഭ്രൂണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണങ്ങള്‍ ലബോറട്ടറികളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം ജനിതകമാറ്റം വരുത്തിയവയാണ്. മ്യൂട്ടേഷനുകൾ പോലുള്ള സ്വാഭാവിക പ്രക്രിയകളിലൂടെ ഡിഎൻഎയിൽ മാറ്റം വരാമെങ്കിലും പാർഥെനോജെനിസിസിലേക്ക് നയിക്കുന്ന മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. മനുഷ്യരിൽ പാർഥെനോജെനിസിസ് ഉണ്ടാകണമെങ്കിൽ സമാനമായ ജനിതക മാറ്റങ്ങളോ മ്യൂട്ടേഷനുകളോ ഉള്ള മനുഷ്യർ ഒരുമിച്ച് പ്രജനനം നടത്തേണ്ടതുണ്ട്. ഇത് വളരെ നീണ്ട ഒരു ഷോട്ട് ആണ്, സാധ്യതയും കുറവാണ്. എങ്കിലും സാങ്കേതികമായി സാധ്യമാണെന്ന് ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ ജനിതകശാസ്ത്ര പ്രൊഫസറായ ടിയാഗോ കാമ്പോസ് പെരേര പറയുന്നു. പാർഥെനോജെനിസിസിനെ തടയുന്ന തടസ്സങ്ങള്‍ മനുഷ്യരുടെ ജനിതക ഘടനയിലുണ്ട്. എന്നാൽ ഈ ജനിതക ഘടന സ്വാഭാവിക മ്യൂട്ടേഷനുകൾ വഴി മാറിയേക്കാം എന്നും അദ്ദേഹം പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു സ്ത്രീയില്‍ ഇത്തരത്തില്‍ മ്യൂട്ടേഷനുകളെല്ലാം യാദൃശ്ചികമായി സംഭവിച്ചാൽ പുരുഷന്‍റെ ആവശ്യമില്ലാതെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സാധിക്കും.
പാർഥെനോജെനിസിസ് വഴി ജനിക്കുന്ന കുട്ടികളെ കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം കുട്ടികള്‍ അടിസ്ഥാനപരമായി അവരുടെ അമ്മയുടെ സമാന ജനിതക ക്ലോണുകളായിരിക്കും. ലിംഗഭേദം പോലും അമ്മയുടേതായിരിക്കാം. അങ്ങിനെയെങ്കില്‍ ജനിതക വൈവിധ്യത്തിന്റെ അഭാവം ഈ ജീവി വര്‍ഗത്തിന്‍റെ നിലനിൽപ്പിന് തന്നെ വിനാശകരമായി മാറാം, ഒരു കുട്ടി രോഗബാധിതനാണെങ്കിൽ, എല്ലാവരും രോഗബാധിതരാകും, ഇത് വംശനാശത്തിലേക്ക് നയിക്കും. അതുകൊണ്ടു തന്നെ മനുഷ്യരിൽ പാർഥെനോജെനിസിസ് പൂർണ്ണമായും അസാധ്യമല്ലെങ്കിലും, മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിനായി അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു.