നാസ–ഇസ്രോ കൂട്ടുകെട്ടിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ നൈസാറിന്‍റെ വിക്ഷേപണം വിജയകരം. ജിഎസ്എൽവി–എഫ് 16 റോക്കറ്റില്‍ വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു ചരിത്ര ദൗത്യത്തിന്‍റെ വിക്ഷേപണം. 2,396 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 748 കി.മി അകലെയുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ചെലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍.
12500 കോടി രൂപ ചെലവിട്ടായിരുന്നു ഉപഗ്രഹത്തിന്‍റെ നിര്‍മാണം. 24 മണിക്കൂറും ഭൂമിയെ നിരീക്ഷിച്ച് ഭൂകമ്പം, സുനാമി ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയുക, കാലാവസ്ഥ നിര്‍വചനം എന്നിവയാണ് നൈസാറിന്‍റെ പ്രധാന ദൗത്യം. ആഗോളതലത്തില്‍ തന്നെ നൈസാര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.