18 ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം ശുഭാംശുവിന്‍റെയും സംഘത്തിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര തുടരുന്നു. വൈകീട്ട് മൂന്നിന് കലിഫോര്‍ണിയ തീരത്ത് ദൗത്യസംഘം സ്പ്ലാഷ് ഡൗണ്‍ ചെയ്യും.
41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്തിന് തിലകക്കുറി ചാര്‍ത്തി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയെ തൊടും. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുപ്പത്തി ഏഴിനാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിന്‍റെ ഹാച്ചിങ് ക്ലോഷര്‍ പ്രക്രിയ പൂര്‍ത്തിയായത് . നാല് അമ്പതിന് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ടു. ശുഭാംശുവിന് പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ മിഷന്‍ സ്പെഷലിസ്റ്റുകളായ ഉസ്നാന്‍സ്കി വിസ്നിയേവ്സ്കി, ടിബോര്‍ കപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ഭൂമിയെ ചുറ്റിക്കറങ്ങി പല ഘട്ടങ്ങളിലായി ഉയരം കുറച്ചുകൊണ്ടു വന്നാണ് യാത്ര . ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 350 കിമീ ഉയരത്തിലെത്തുന്ന ഘട്ടത്തില്‍ ഡീ ഓര്‍ബിറ്റ് ബേണ്‍ തുടങ്ങും.
പേടകത്തിലെ എന്‍ജിനുകള്‍ ജ്വലിച്ച് വിപരീതദിശയില്‍ ഊര്‍ജം നല്‍കുന്നതോടെ വേഗം കുറഞ്ഞ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് സ്പേസ് എക്സ് കപ്പലിലേറ്റി യാത്രികരെ തീരത്തേക്ക് കൊണ്ടുപോകും ഭൂമിയിലെത്തുന്ന സംഘം ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം റീഹാബിലിറ്റേഷന് വിധേയരാകും . ബഹിരാകാശ നിലയത്തിൽ വച്ച് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയെന്ന നേട്ടത്തോടെയാണ് സംഘം ഭൂമിയിൽ തിരികെ എത്തുന്നത്. 263 കിലോ കാര്‍ഗോയുമായാണ് ദൗത്യസംഘം തിരികെ എത്തുന്നത്.