140കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചാണ് ആക്സിയോം ദൗത്യത്തിലൂടെ ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഭാരതീയനായത്. 31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ശാസ്ത്രപരീക്ഷണങ്ങളാണ് ആക്സിയോം ദൗത്യത്തിലെ നാല്‍വര്‍ സംഘം അവിടെ ചെയ്തത്. പരിധിയില്ലാത്ത അവസരങ്ങളാണ് ഇന്ത്യ ആക്സിയം നാല് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമായിരുന്നു ആക്സിയം–4. ജൂണ്‍ 25ന് യാത്ര തിരിച്ച ശുഭാംശുവും സംഘാംഗങ്ങളും ജൂണ്‍ 26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരായിരുന്നു മറ്റു ദൗത്യസംഘാംഗങ്ങള്‍.
31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ശാസ്ത്രപരീക്ഷണങ്ങളാണ് നാല്‍വര്‍ സംഘം അവിടെ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒ നിര്‍ദേശിച്ച ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്തിട്ടുണ്ട് . സൂക്ഷമ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍,മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനവും, വിത്തുകള്‍ മുളപ്പിക്കലും അവയുടെ വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്.
ബഹിരാകശത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായും ശുഭാംശു സംവദിച്ചിരുന്നു. ഏഴ് തവണയായിരുന്നു വിവിധ കാരണങ്ങളാല്‍ ദൗത്യത്തിന്‍റെ വിക്ഷേപണം മാറ്റിയത്. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവിക്കും മുതല്‍കൂട്ടാകും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വലിയ പദ്ധതിയുടെ തുടക്കം മാത്രമാണ് ഈ യാത്ര.