പാലക്കാട്ടെ ഒരു കര്‍ഷകന്‍ പാടത്ത് വിത്തെറിയുന്നത് മുതല്‍ കിളിര്‍ക്കുന്നതും നാമ്പുകള്‍ വിടരുന്നതും കതിരിടുന്നത് വരെയുള്ള ഓരോ ഘട്ടത്തിലെയും ഈര്‍പ്പവും വളത്തിന്റെയും മറ്റുഘടകങ്ങളുടെയും അളവുമെല്ലാം അപ്പപ്പോള്‍ കര്‍ഷകനു മൊബൈലില്‍ ലഭിച്ചാലോ. ഇനി മഴ തിമര്‍ത്തു പെയ്ത് പാടത്ത് വെള്ളം കയറാനോ, കാറ്റ് ആഞ്ഞുവീശി കതിരണിഞ്ഞ നെല്‍ചെടികള്‍ ഒടിഞ്ഞുവീഴാനോ ഉള്ള സാധ്യതകള്‍ പ്രവചനമായി കൈകളിലെത്തിയാലോ– ഭൂമിയുടെ പുറത്തും ഉള്ളിലുമുണ്ടാകുന്ന കുഞ്ഞന്‍ മാറ്റങ്ങള്‍ പോലും കണ്ടുപിടിച്ചു അറിയിക്കാന്‍ ഒരു സംവിധാനം ഒരുങ്ങുകയാണ്. ഇവിടെ ഭൂമിയില്ല ഏഴാകാശങ്ങള്‍ക്കപ്പുറത്ത് ബഹിരാകാശത്ത്- സണ്‍സിക്രോണസ് ഓര്‍ബിറ്റിലാണ് സദാസമയവും ഇലയനങ്ങിയാല്‍ പോലും അറിയിക്കാനുള്ള വമ്പന്‍ നിരീക്ഷണ കേന്ദ്രം ഒരുങ്ങുന്നത്. അതാണ് ഇസ്റോയും നാസയും സംയുക്തമായി വികസിപ്പിച്ച നീസര്‍ ഉപഗ്രഹം.
ചന്ദ്രയാന്റെ മൂന്നരിട്ടി
ചരിത്രത്തിലാദ്യമായി മനുഷ്യനിര്‍മിത വസ്തു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തിയതു നമ്മുടെ ചന്ദ്രയാന്‍ –3ആണ്. ചരിത്രദൗത്യത്തിന് രാജ്യത്തിനു ചിലവായത് ഏകദേശം അറുന്നൂറ്റിപതിനഞ്ച് കോടിയാണ്. 670 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചുള്ള ചൊവ്വാ ദൗത്യമായ മംഗള്‍യാന് 2013ല്‍ മുടക്കിയതാവട്ടെ വെറും 450 കോടി രൂപ. എന്നാല്‍ നീസര്‍ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ ചെലവായി കണക്കാക്കിയിരിക്കുന്നത് ഏതാണ്ട് പന്ത്രണ്ടായിരം കോടി രൂപയാണ്. 2014ല്‍ തുടങ്ങിയ പദ്ധതി അവസാന ഘട്ടത്തിലേക്കെത്തുകയാണ്. കാലാവസ്ഥയിലടക്കം തടസങ്ങളുണ്ടായില്ലെങ്കില്‍ ജൂലൈ 30നു ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ഇസ്റോയുടെ കരുത്തുറ്റ റോക്കറ്റായ ജി.എസ്.എല്‍.വി എഫ്16 റോക്കറ്റ് ഭൗമനിരീക്ഷണ കേന്ദ്രത്തെ ഭ്രമണപഥത്തിലെത്തിക്കും.
ഇത്തരത്തിലൊന്ന് ചരിത്രത്തിലാദ്യം
നീസര്‍ ഉപഗ്രഹത്തിന്റെ പ്രധാന ഭാഗം ഇന്ത്യയിലേക്കെത്തിക്കുന്നതിനായി നാസയുടെ ചരക്ക് വിമാനത്തില്‍ കയറ്റുന്നു. 24 ഒക്ടോബര്‍ ,2024
നാസ–ഇസ്റോ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍ സാറ്റലൈറ്റെന്ന പേരില്‍ തന്നെയുണ്ട് നീസറുടെ പ്രത്യേകത. ഭൂമിയെ നിരന്തരം നിരീക്ഷിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായുള്ള സിന്തറ്റിക് ആപ്പര്‍ച്ചര്‍ ക്യാമറകളാണു ഈ പ്രധാനഭാഗം. ദീര്‍ഘ, ഹ്രസ്വ തരംഗങ്ങളിലുള്ള റഡാറുകള്‍ ഒന്നിച്ചുള്ള ആദ്യ ഇരട്ട ഉപഗ്രഹം കൂടിയാണ്. (എല്‍, എസ് ബാന്‍ഡ് ആപ്പര്‍ച്ചര്‍ റഡാറുകള്‍) മൂന്നുവര്‍ഷം കാലാവധിയുള്ള നീസര്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ ഭൗമനിരീക്ഷണ ഉപഗ്രഹം കൂടിയാകുന്നത് ഇക്കാരണത്താലാണ്. 12 ദിവസം കൂടുമ്പോള്‍ ഭൂമിയെ പൂര്‍ണമായി പകര്‍ത്താന്‍ കഴിയുന്ന വിധത്തിലാണു ഉപഗ്രത്തിലെ എസ്, എല്‍ ബാന്‍ഡ് ആപ്പര്‍ച്ചര്‍ റഡാറുകള്‍ രൂപീകരിച്ചിരിക്കുന്നത്. അഞ്ചുമുതല്‍ 10 മീറ്റര്‍ റെസലൂഷനില്‍ ഭൂമിയെ തുടര്‍ച്ചയായി എച്ച്.ഡിയായി പകര്‍ത്തുന്നതിലൂടെ ഭൗമോപരിതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ തിരിച്ചറിയാനും അതിനനുസരിച്ചുള്ള മുന്‍കരുതലുകളെടുക്കാനും സഹായിക്കുമെന്നതാണു ഏറ്റവും വലിയ നേട്ടം. ഭൂമിയുടെ പുറന്തോടിലുണ്ടാകുന്ന (ക്രസ്റ്റില്‍) മാറ്റങ്ങള്‍, ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ( ഇക്കോസിസ്റ്റം), മഞ്ഞുപാളികളിലെ ചലനങ്ങള്‍, സമുദ്രജലനിരപ്പ് ഉയരല്‍, ഭൂഗര്‍ഭജലവിതാനത്തിലെ മാറ്റങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ കണ്ടെത്താനുള്ള ലോകത്തിന്റെ നവീന സംവിധാനമായാണ് ഉപഗ്രഹത്തെ ഇസ്റോയും നാസയും രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഉപഗ്രഹം ഇസ്റോയുടെ ആന്റിന ടെസ്റ്റിങ് കേന്ദ്രത്തില്‍ പരിശോധനയില്‍
തുടക്കം ഒരുപതിറ്റാണ്ട് മുന്‍പ്
2014 സെപ്റ്റംബര്‍ 30നാണ് അന്നത്തെ ഇസ്റോ മേധാവി കെ.രാധാകൃഷ്ണനും നാസ അഡ്മിനസ്ട്രേറ്റര്‍ ചാര്‍ള്‍സ് ബോള്‍ഡനും ടൊറന്റോയില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെയ്ക്കുന്നത്. ഇരു ഏജന്‍സികളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം നാസ ഉപഗ്രഹത്തിന് വേണ്ട എല്‍ ബാന്‍ഡ് സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍, പേയ്‌ലോഡ് ഡേറ്റ സബ് സിസ്റ്റം ,ഹൈ റേറ്റ് സയന്‍സ് ഡൗണ്‍ലിങ്ക് സിസ്റ്റം, ജി.പി.എസ്. റിസീവര്‍, സോളിഡ് സ്റ്റേറ്റ് റെക്കോര്‍ഡര്‍ എന്നീ നിര്‍ണായക ഭാഗങ്ങള്‍ നിര്‍മിക്കും. എസ് ബാന്‍ഡ് സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍ സംവിധാനം, 12 മീറ്റര്‍ നീളമുള്ള ആന്റിന ,വിക്ഷേപണ വാഹനം അടക്കം ഒരുക്കിയത് ഇസ്റോയാണ്. ഇവയെല്ലാം കൂടിചേര്‍ന്നതോടെ ബഹിരാകാശത്തുകൂടി ഒഴുകികൊണ്ടിരിക്കുന്ന പടുകൂറ്റന്‍ നിരീക്ഷണകേന്ദ്രമായി നീസര്‍ മാറി. 2024 മാര്‍ച്ചില്‍ വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാസയുടെ ജെറ്റ് പ്രോപ്പല്‍ഷന്‍ സെന്ററില്‍ നിന്നും ഉപഗ്രഹ ഭാഗങ്ങള്‍ ഇതിനായി ഇസ്റോയുടെ ബെംഗളുരുവിലെ യു.ആര്‍.റാവു സാറ്റലൈറ്റ് സെന്ററിലെത്തിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പരിശോധനയില്‍ ബഹിരാകാശത്തുകൂടി സഞ്ചരിക്കുമ്പോള്‍ ആന്റിനയുടെ റിഫ്ലക്ടര്‍ അമിതമായി ചൂടായേക്കുമെന്ന ആശങ്ക ഉയര്‍ന്നു. തുടര്‍ന്ന് ശക്തിയേറിയ റിഫ്ലക്ടര്‍ കോട്ടിങ് ചെയ്യുന്നതിനായി ഉപഗ്രഹം കാലിഫോര്‍ണിയയിലെ നാസ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുപോയി. ഹാര്‍ഡ്‌വെയറുകള്‍ പുതുക്കിയ ശേഷം നാസയുടെ സി–130 വിമാനത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 15 ന് ബെംഗളുരുവിലെ ഏച്ച്.എ.എല്‍ വിമാനത്താവളത്തില്‍ വീണ്ടുമെത്തിച്ചു. ഇസ്റോ കേന്ദ്രത്തിലെത്തിച്ച് പരിശോധനകളും തുടര്‍ നടപടികളും പൂര്‍ത്തിയാക്കി ഉപഗ്രഹം നിലവില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണുള്ളത്. ഉപഗ്രഹത്തെ റോക്കറ്റില്‍ ഘടിപ്പിക്കുന്നതടക്കമുള്ള അവസാന ഘട്ട ജോലികള്‍ തുടരുകയാണ്
.ഇസ്റോ ചെയര്‍മാന്‍ കെ. രാധാകൃഷ്ണനും നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡനും നീസര്‍ ഉപഗ്രഹം സംബന്ധിച്ച കരാര്‍ 2014 സെപ്റ്റംബര്‍ 30നു ടെറന്റോയില്‍ ഒപ്പുവെയ്ക്കുന്നു
നേട്ടം എല്ലാവര്‍ക്കും
ഇസ്റോയുടെ ബെംഗളുരുവിലുള്ള സാറ്റലൈറ്റ് ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റ് എസ്റ്റാബിഷ്മെന്റില്‍ നിന്നും ജൂണ്‍ 12ന് ശ്രീഹരിക്കോട്ടയിലേക്ക് നീസര്‍ ഉപഗ്രഹം കൊണ്ടുപോകുന്നു
പന്ത്രണ്ടായിരം കോടിയിലധികം രൂപ മുടക്കി നിര്‍മിച്ച ലോകത്തിലെ ആദ്യ ഡ്യൂവല്‍ ഫ്രീക്ക്വെന്‍സി ഉപഗ്രഹമായ നീസറില്‍ നിന്നും ലഭിക്കുന്ന ഡേറ്റകള്‍ ദിവസങ്ങള്‍ക്കുശേഷം ഇരു ഏജന്‍സികളും പുറത്തുവിടും. ഇതുവഴി നാസയ്ക്കും ഇസ്റോയ്ക്കും ഇവരുമായി സഹകരിക്കുന്ന ഏജന്‍സികള്‍ക്കുമപ്പുറമുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും തങ്ങളുടെ ഭൂമേഖലയില്‍ അനുദിനമെന്നോണം സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള കൃത്യമാര്‍ന്ന വിവരങ്ങള്‍ ശേഖരിക്കാനും പ്രകൃതി ദുരന്തമുള്‍പ്പെടെയുള്ള സഹചര്യങ്ങളെ മുന്‍കൂട്ടികണ്ടു മുന്നൊരുക്കങ്ങള്‍ നടത്താനും സാധിക്കും. നിലവില്‍ രണ്ട് ബഹിരാകാശ ഏജന്‍സികളും തമ്മിലുള്ള ധാരണ പ്രകാരം അടിയന്തര സാഹചര്യങ്ങളില്‍( പ്രകൃതി ദുരന്തം പോലുള്ളവ) ഡേറ്റകള്‍ മണിക്കൂറുകള്‍ക്കകം പുറത്തുവിടും. മൂന്നുവര്‍ഷം കാലാവധിയുള്ള നീസര്‍ ഉപഗ്രഹ വിക്ഷേപണത്തോടെ വന്‍കിട പ്രോജക്ടില്‍, നാസയുമായി നേരിട്ടുകൈകോര്‍ക്കുന്ന ലോകത്തിലെ മുന്‍നിര ബഹിരാകാശ ഏജന്‍സിയായി ഇസ്റോ മാറും.