എല്ലാ ബലങ്ങള്‍ക്കും തുല്യവും ദിശ വിപരീതവുമായ ഫലമുണ്ടാകുമെന്ന ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം പുരുഷ ബീജങ്ങള്‍ പാലിക്കുന്നില്ലെന്ന് ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തല്‍. ഭൗതികശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വത്തെ തന്നെ ബീജങ്ങള്‍ അപ്രസക്തമാക്കുന്നതെങ്ങനെയെന്ന കണ്ടെത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഗവേഷകര്‍. പരസ്പരം പ്രതിപ്രവര്‍ത്തിക്കാത്ത ആന്തരിക ശക്തികളാലാണ് ബീജങ്ങള്‍ മുന്നോട്ട് നീന്തുന്നത്. ഇത് അടിസ്ഥാന ഭൗതികശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത പ്രതിഭാസമാണെന്ന് ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകനായ കെന്‍റ ഇഷിമോട്ടോ പറയുന്നു.
ഗര്‍ഭാശയം പോലെ വഴുവഴുപ്പേറിയ പരിസ്ഥിതിയിലൂടെയാണ് ബീജങ്ങള്‍ സഞ്ചരിക്കുന്നത് എന്നതിനാല്‍ തന്നെ ബലം സംബന്ധിച്ച ധാരണകളെല്ലാം തന്നെ അപ്രസക്തമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ബീജങ്ങളുടെ ചലനമെങ്ങനെയെന്ന് അറിയുന്നതിനായി 'ഓഡ് ഇലാസ്റ്റോ ഹൈഡ്രോ ഡൈനാമിക്സ്' എന്ന പ്രത്യേക ചട്ടക്കൂട് തന്നെ കെന്‍റയും സംഘവും വികസിപ്പിച്ചെടുത്തു. ഈ സിദ്ധാന്തത്തിലൂടെ ഊര്‍ജം പ്രസരിപ്പിക്കുന്ന ജീവനുള്ള വസ്തുക്കളായ ബീജങ്ങളുടെ ദ്രവ്യചലനങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നു.
ചലിക്കുന്ന സമയത്തുള്ള ബീജത്തിന്‍റെ ഹൈ റെസല്യൂഷന്‍ ഡാറ്റകള്‍ പരിശോധിച്ചതില്‍ നിന്നും ചുറ്റുമുള്ള ദ്രാവകത്തിന്‍റെ സ്വാധീനം തെല്ലും ബീജങ്ങള്‍ക്കുണ്ടാകുന്നില്ലെന്നും ഇവ ആന്തരീകവും നേര്‍രേഖയിലുള്ളതുമായ ഊര്‍ജത്തിന്‍റെ ബലത്തില്‍ മുന്നോട്ട് പോകുകയാണ് ചെയ്യുന്നതെന്നും ഇവിടെ തുല്യവും വിപരീതവുമായ ഫലം ഉണ്ടാകുന്നില്ലെന്നും കണ്ടെത്തി. ബീജത്തിന്‍റെ വാല്‍ഭാഗത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഈ ഊര്‍ജം ദ്രാവകത്തിന്‍റെ സ്വാധീനത്തിന് വഴങ്ങാതെ സ്വന്തം സഞ്ചാരം തുടരാന്‍ ബീജത്തെ സഹായിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമായി. പഠനത്തിലെ ഫലം വന്ധ്യതാ ചികില്‍സയിലുള്‍പ്പടെ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഗവേഷകര്‍ പറയുന്നു.