അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ നേട്ടമാക്കി മാറ്റി ഇന്ത്യയെ വാനോളം ഉയര്‍ത്തുകയാണ് ഐ.എസ്.ആര്‍.ഒ. നാളെ ഈ ഖ്യാതി വീണ്ടും വര്‍ധിക്കും. ശാസ്ത്രരംഗത്ത് മാത്രമല്ല, പ്രതിരോധമേഖലയെ കൂടി ശക്തിപ്പെടുത്താന്‍ ഇസ്രോ ഇന്ന് സജ്ജമാണ്. ഇതിന് തെളിവാണ് ഇന്ത്യ–പാക് യുദ്ധത്തിന് സഹായകരമായി പ്രവര്‍ത്തിച്ച ഇസ്രോയുടെ പത്ത് ഉപഗ്രഹങ്ങള്‍. ഈ പട്ടികയിലേക്ക് നാളെ മറ്റൊരു ഉപഗ്രഹത്തെ കൂടി വിക്ഷേപിക്കുകയാണ് ഇസ്രോ; EOS-09 അഥവ റിസാറ്റ്–1B.
എന്താണ് EOS-09 അഥവ റിസാറ്റ്–1B?
റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് ( Radar Imaging Satellite) എന്നതാണ് റിസാറ്റിന്‍റെ പൂര്‍ണരൂപം. പ്രതികൂലമായി എത്തുന്ന കാലാവസ്ഥയെ വകവയ്ക്കാതെ രാത്രിയിലും മഴയിലും മഞ്ഞിലും ഭൂമിയെ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കുന്ന ഉപഗ്രഹമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് നാളെ രാവിലെ 5.59ന് പി.എസ്.എല്‍.വി–C61 റോക്കറ്റിന്‍റെ സഹായത്തോടെയാണ് ഉപഗ്രഹം വിക്ഷേപിക്കുക.
പ്രതിരോധമേഖലയിലെ സ്വാധീനം
ഏത് സമയത്തും ഏത് രീതിയിലും ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയും എന്നതാണ് റിസാറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും ഉപയോഗവും. ഇതുവഴി രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ പ്രത്യേകിച്ച് ജമ്മു കശ്മീര്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ കഴിയും. അതിര്‍ത്തികളിലെ ഭീകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും തടയിടാനും സാധിക്കും. ഭീകരരുടെ താവളങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി അവ നശിപ്പിക്കാന്‍ റിസാറ്റ്-1B സഹായിക്കും.
തീരദേശ സുരക്ഷയ്ക്കും റിസാറ്റ്–1ബി വലിയ പങ്കുവഹിക്കും. രാജ്യത്തിന്‍റെ തീരദേശ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ശത്രുക്കളുടെ കപ്പലുകള്‍, ബോട്ടുകള്‍ എന്നിവ തീരത്തോട് അടുക്കുന്നതും എളുപ്പത്തില്‍ കണ്ടുപിടിക്കാം. കൂടാതെ അയല്‍ രാജ്യങ്ങളിലെ പ്രത്യേകിച്ച് പാക്കിസ്ഥാനിലെ സൈനിക വിന്യാസത്തെ കുറിച്ചുള്ള ചിത്രങ്ങളും റിസാറ്റ്-1B നല്‍കും.
ശത്രുക്കളുടെ സൈനിക ഉപകരണങ്ങള്‍, പുതിയ ആയുധങ്ങള്‍ എന്നിവയുടെ സാങ്കേതിക വിവരങ്ങള്‍ ചിത്രങ്ങളിലൂടെ വിശകലനം ചെയ്യാന്‍ റിസാറ്റ്-1B സഹായിക്കും. ചുരുക്കത്തില്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം റിസാറ്റ്-1B നിര്‍ണായക മുന്നേറ്റമാണ്. ഇതുവഴി രാജ്യത്തിന്‍റെ സുരക്ഷയും നിരീക്ഷണ ശേഷിയും ഇരട്ടിയായി വര്‍ധിക്കും.
മറ്റ് ലക്ഷ്യങ്ങള്‍
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍: പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാട്ടുതീ എന്നിവയല്ലാം പ്രാരംഭ സമയത്ത് തന്നെ കണ്ടെത്തി രാജ്യത്തെ ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ റിസാറ്റ്-1B ഉപകരിക്കും.
കൃഷി: രാജ്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ കാര്‍ഷിക മേഖലയിലും റിസാറ്റ് –1B സംഭാവന നല്‍കും. വിളകളുടെ വളര്‍ച്ച കണ്ടെത്തുക, കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം, തരിശ് ഭൂമി കണ്ടെത്തുക ഇവയെല്ലാം റിസാറ്റിന്‍റെ ഉപയോഗങ്ങളില്‍ ചിലതാണ്.
നഗരവികസനം: അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും രാജ്യത്തിന്‍റെ വികസനവും വിലയിരുത്തുന്നതില്‍ റിസാറ്റ് –1B വലിയ സംഭാവന നല്‍കും. അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍, വനനശീകരണം എന്നിവയും കണ്ടെത്താന്‍ കഴിയുംം.
മാത്രമല്ല, ഇസ്രോയുെട നൂറ്റി ഒന്നാമത്തെ ദൗത്യം കൂടിയാണിത്. പി.എസ്.എല്‍.വി റോക്കറ്റില്‍ നിന്ന് വിക്ഷേപിക്കുന്ന അറുപത്തി മൂന്നാമത്തെ ഉപഗ്രഹവും. 1696 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. സി ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ചാകും പ്രവര്‍ത്തനം. റിസാറ്റ് -1ബിയെ നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും പക്ഷേ റിസാറ്റിന്‍റെ കണ്ണുകള്‍ എപ്പോഴും ഓരോ പൗരനിലുമുണ്ട്. നമ്മെ കാണാനും കാക്കാനും.