റഷ്യ വികസിപ്പിച്ച എസ് 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം അഞ്ച് യൂണിറ്റ് കൂടി വാങ്ങാന്‍ ഇന്ത്യ. അടുത്തമാസം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ എസ് 400 വാങ്ങുന്നതില്‍ ധാരണയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഇന്ന് നിലവിലുള്ളവയില്‍ ഏറ്റവും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ് – 400. സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളെപ്പോലും വീഴ്ത്താന്‍ കഴിയുമെന്ന് റഷ്യ അവകാശപ്പെടുന്ന എസ് –400 അഞ്ച് യൂണിറ്റുകള്‍ക്കൂടെ വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകത്തെ ഏറ്റവും മികച്ച സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളായ അമേരിക്കയുടെ F-22, F-35 യുദ്ധവിമാനങ്ങളെ വീഴ്ത്തും എന്നാണ് റഷ്യക്കാര്‍ അവകാശപ്പെടുന്നത് (ഇതുവരെ വീഴ്ത്തിയിട്ടില്ല)
അഞ്ച് യൂണിറ്റ് എസ് – 400 എത്തുമ്പോള്‍ ഇനി ഇന്ത്യയുടെ ആകാശകോട്ട കാക്കാന്‍ ആകെ 10 എസ് – 400 യൂണിറ്റുകള്‍ ഉണ്ടാകും. പുതിയതായി അഞ്ച് യൂണിറ്റുകളും വാങ്ങാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇവ പൂര്‍ണമായും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുമോ, ഇന്ത്യയില്‍ നിര്‍മിക്കുമോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. എസ് - 400 മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിര്‍മിക്കണമെന്ന് ഇന്ത്യയ്ക്ക് ആഗ്രഹമുണ്ട്. 2018ലാണ് എസ് – 400 വ്യോമപ്രതിരോധ സംവിധാനം ആദ്യമായി ഇന്ത്യ വാങ്ങിയത്. അഞ്ച് യൂണിറ്റുകള്‍ അഞ്ച് ബില്യണ്‍ യുഎസ് ഡോളര്‍ ചെലവിട്ടാണ് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഇതുവരെ മൂന്ന് യൂണിറ്റുകള്‍ മാത്രമെ റഷ്യ ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളു. യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്നാണ് മറ്റ് രണ്ട് യൂണിറ്റുകളുടെ വിതരണം വൈകുന്നത്.
നിലവില്‍ പഞ്ചാബിലെ ആദംപൂര്‍, ഹല്‍വാര, ബംഗാളിലെ സിലിഗുഡി എന്നിവിടങ്ങളിലാണ് എസ് – 400 യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്നാണ് വിവരം. പാക്കിസ്ഥാനും ചൈനയും തന്നെയാണ് ലക്ഷ്യം. ഇവയുടെ വിന്യാസം അതീവരഹസ്യമാണ്. ഓപ്പറേഷന്‍ സിന്ദൂരിലെ എസ് – 400ന്‍റെ പ്രകടനം ഏറെ മികച്ചതായിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് എസ് – 400നെ വിശേഷിച്ചിപ്പത് ‘ഗെയിം ചേഞ്ചര്‍’ എന്നാണ്. കാരണം, ഓപ്പറേഷന്‍ സിന്ദൂരിനിടെ പത്തിലേറെ ഇന്ത്യന്‍ നഗരങ്ങളിലേക്കും നിര്‍ണായകമായ സൈനിക, വ്യോമ കേന്ദ്രങ്ങളിലേക്കുമുള്ള പാക്കിസ്ഥാന്‍റെ ആക്രമണത്തെ പ്രതിരോധിച്ചത് എസ് – 400 ഉപയോഗിച്ചാണ്.
ഏറ്റവും ദൂരയുള്ള ലക്ഷ്യത്തെ ഭേദിച്ച റെക്കോര്‍ഡും ഓപ്പറേഷന്‍ സിന്ദൂരിനിടെ എസ് – 400 കൈവരിച്ചിരുന്നു. പാക്കിസ്ഥാന്‍റെ J–10 യുദ്ധവിമാനങ്ങളെയും മറ്റ് പല യുദ്ധവിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും വീഴ്‍ത്താന്‍ എസ് – 400ന് കഴിഞ്ഞിരുന്നു. മേയ് ഏഴ് മുതല്‍ 10 വരെ ഏതാണ്ട് 88 മണിക്കൂര്‍ നീണ്ടുനിന്ന ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ ഇന്ത്യയെ അത്രയേറെ സഹായിച്ചിട്ടുണ്ട് റഷ്യന്‍ നിര്‍മിതമായ എസ് – 400 എന്ന ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര. റഷ്യ നിലവില്‍ ഉപയോഗിക്കുന്ന എസ് – 500 വാങ്ങാനുള്ള ആഗ്രഹവും ഇന്ത്യയ്ക്കുണ്ട്. സാങ്കേതികമായും ശേഷികൊണ്ടും എസ് – 400നെക്കാള്‍ മെച്ചപ്പെട്ടതാണ് എസ് – 500. റഷ്യന്‍ നിര്‍മിതമായ എസ് – 400, ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്