This undated photo provided by Centivax in 2025 shows Tim Friede, who is hyper-immune to the venom of various snakes, with a water cobra wrapped around his arm. (Centivax via AP)
രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറിലധികം തവണ പാമ്പിന്‍റെ കടിയേല്‍ക്കുക. അതും മനപ്പൂര്‍വം കടിയേല്‍ക്കാനായി നിന്നുകൊടുക്കുക. ഇന്ന് ആ മനുഷ്യന്‍റെ രക്തം പോലും ഒരു മറുമരുന്നാണ്. സമാനതകളില്ലാത്ത ‘ആന്‍റി വെനം’. കാലിഫോർണിയയിൽ താമസിക്കുന്ന പാമ്പ് വിദഗ്ദ്ധനായ ടിം ഫ്രീഡ് ആണ് മെഡിക്കല്‍ രംഗത്ത് താരമാകുന്നത്. ടിം ഫ്രീഡിന്‍റെ രക്തത്തിൽ കണ്ടെത്തിയ ആന്റിബോഡികൾ വിവിധ ജീവിവർഗങ്ങളിൽ നിന്നുള്ള മാരകമായ വിഷത്തില്‍ നിന്ന് സംരക്ഷണം നൽകുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞു. നിലവില്‍ പാമ്പുകടിയേറ്റാല്‍ ചികില്‍സയ്ക്കായി അതേപാമ്പിന്‍റെ തന്നെ ആന്‍റിവെനം ആവശ്യമാണ്. അതുകൊണ്ടാണ് കടിച്ച പാമ്പ് ഏതാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. എന്നാൽ ഫ്രീഡിന്‍റെ 18 വർഷത്തെ ദൗത്യം എല്ലാ പാമ്പുകടികൾക്കും ഉപയോഗിക്കാവുന്ന ഏക ആന്‍റിവെനം കണ്ടെത്തുന്നതില്‍ സുപ്രധാന ചുവടുവയ്പ്പായി മാറും.
ദൗത്യത്തിന്‍റെ ഭാഗമായി 200 ലധികം പാമ്പുകടിയേറ്റിട്ടുണ്ട് ടിം ഫ്രീഡിന്. ലോകത്തിലെ ഏറ്റവും മാരകമായ 700 ലധികം പാമ്പുകളുടെ വിഷം ശരീരത്തില്‍ കുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് പതുക്കെയും ക്രമാനുഗതമായുമാണ് ഫ്രീഡ് വിഷം തന്‍റെ ശരീരത്തില്‍ കുത്തിവച്ചത്. മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം ഇത്തരത്തില്‍ പാമ്പിന്‍വിഷം അദ്ദേഹം ശരീരത്തില്‍ കുത്തിവച്ചിട്ടുണ്ട്. പിന്നീടാണ് പാമ്പുകളെ തന്നെ കടിക്കാൻ അനുവദിക്കാന്‍ തുടങ്ങയത്. അല്ലെങ്കില്‍ ആ പാമ്പിന്‍ കടികളില്‍ ഫ്രീഡ് മരിച്ചിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഒന്നിലധികം ഇനം മാമ്പകൾ, മൂർഖൻ, തായ്പാൻ, ക്രെയ്റ്റുകൾ എന്നിങ്ങനെ നീളുന്നു ഫ്രീഡിനെ കടിച്ച വിഷപ്പാമ്പുകളുടെ ലിസ്റ്റ്. പാമ്പുകളെ കൈകാര്യം ചെയ്യുമ്പോൾ സ്വയം സംരക്ഷിക്കുന്നതിനായി പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു ഫ്രീഡിന്‍റെ പ്രഥമ ലക്ഷ്യം. എന്നാല്‍ തുടർച്ചയായി രണ്ട് മൂർഖൻ പാമ്പുകളുടെ കടിയേറ്റതോടെ ഫ്രീഡ് ശരീരം തളര്‍ന്ന് കോമയിലായി. എന്നാല്‍ തനിക്ക് മരിക്കാന്‍ പോയിട്ട് ഒരു വിരൽ പോലും ശരീരത്തില്‍ നിന്ന് നഷ്ടപ്പെടാന്‍ താന്‍ ആഗ്രച്ചിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. പിന്നീട് പാമ്പുകടിക്കായി മികച്ച ചികിത്സാരീതികൾ വികസിപ്പിക്കുക എന്നതായി ഫ്രീഡിന്‍റെ ലക്ഷ്യം. പാമ്പുകടിയേറ്റു മരിക്കുന്ന ആളുകൾക്ക് വേണ്ടി തനിക്ക് കഴിയുന്ന എന്തെങ്കിലും ചെയ്യാന്‍ താന്‍ ആഗ്രഹിച്ചതായി ഫ്രീഡ് പറയുന്നു.
In this photo provided by Centivax, Tim Friede, center, stands in a lab in South San Francisco, Calif., in 2023, that is using his blood to prepare an antivenom to the bites of various snakes. (Centivax via AP)
നിലവില്‍ കുതിരകളിലും മറ്റും ചെറിയ അളവിൽ പാമ്പിൻ വിഷം കുത്തിവച്ചാണ് ആന്‍റീവെനം നിര്‍മ്മിക്കുന്നത്. കുതിരകളില്‍ കുറഞ്ഞ അളവില്‍ വിഷം കുത്തിവയ്ക്കുന്നതോടെ അവയുടെ രോഗപ്രതിരോധ സംവിധാനം ആന്റിബോഡികൾ ഉത്പാദിപ്പിക്കാന്‍ ആരംഭിക്കും. ഇവയാണ് ശേഖരിച്ചാണ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഓരോ പാമ്പിന്‍റെ വിശഷത്തില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ വ്യത്യസ്തമാണ്. അതിനാല്‍ വിഷവും പ്രതിവിഷവും പരസ്പരം താരതമ്യം ചെയ്തുമാത്രമേ ഉയോഗിക്കാന്‍ സാധിക്കൂ. മാത്രമല്ല ഒരുപാമ്പ് വര്‍ഗത്തിനുള്ളില്‍ തന്നെ വീണ്ടും ഇനങ്ങളുണ്ടാകും. ഈ ഓരോ ഇനത്തിന്‍റെയും വിഷത്തിലും വ്യത്യസ്തമായ അളവിലായിരിക്കും ഘടകങ്ങള്‍ അടങ്ങഇയിരിക്കുന്നത്. മാത്രമല്ല ഭൂപ്രകൃതികള്‍ക്കനുസരിച്ച് ഒരോ വര്‍ഗത്തില്‍ തന്നെ വിഷത്തിന്‍റെ ഘടകങ്ങളില്‍ മാറ്റങ്ങളുണ്ടാകും. ഉദാഹരണത്തിന് ഇന്ത്യയിൽ പാമ്പുകളിൽ നിന്ന് നിർമ്മിക്കുന്ന ആന്റിവെനം ശ്രീലങ്കയിൽ അതേ ഇനത്തിനെതിരെ ഫലപ്രദമായിരിക്കില്ല.
ഇത്തരത്തില്‍ പല ആന്‍റിവെനം എന്നതില്‍ നിന്ന് ഒറ്റ ആന്‍റിവെനം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ് ഗവേഷകര്‍. 'ബ്രോഡ്‌ലി ന്യൂട്രലൈസിങ് ആന്റിബോഡികൾ' എന്ന് വിളിക്കപ്പെടുന്ന പ്രതിരോധ മാര്‍ഗം. ഒരു വിഷത്തിനു പകരം മുഴുവൻ തരം വിഷത്തെയും നിര്‍വീര്യമാക്കാന്‍ ഇതിന് സാധിക്കണം. ഈ അന്വേഷണത്തിനിടയിലാണ് ബയോടെക് കമ്പനിയായ സെന്റിവാക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജേക്കബ് ഗ്ലാൻവില്ലെ ടിം ഫ്രീഡിനെ കണ്ടുമുട്ടുന്നത്. ലോകത്തിലെ ആരെങ്കിലും ഇത്തരത്തില്‍ എല്ലാ വിഷത്തെയും നിര്‍വീര്യമാക്കുന്ന ആന്‍റിബോഡികള് നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് ടിം ഫ്രീഡായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. പിന്നെ ഫ്രീഡിന്‍റെ രക്തം ഉപയോഗിച്ചായികുന്നു പഠനം. ലോകാരോഗ്യ സംഘടന ഭൂമിയില്‍ വച്ച് ഏറ്റവും മാരമായി തരംതിരിച്ച 19 എലാപ്പിഡുകളുടെ വിഷത്തില്‍ ഫ്രീഡിന്‍റെ രക്തം പരിശോധിച്ചു. രണ്ട് തരം ന്യൂറോടോക്സിനുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ആന്റിബോഡികളെ പരീക്ഷണത്തില്‍ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നുള്ള പരീക്ഷണങ്ങളിലൂടെയും കൂട്ടിച്ചേര്‍ക്കലുകളിലൂടെയും ഒരും ‘ആന്റിവെനം കോക്ടെയ്ൽ’ ഗവേഷകര്‍ നിര്‍മ്മിച്ചെടുത്തു.
ഈ ആന്‍റിവെനം കോക്ടെയ്ൽ ഉപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ 19 ഇനം വിഷപ്പാമ്പുകളിൽ 13 എണ്ണത്തിന്റെയും മാരകമായ വിഷത്തെ എലികള്‍ക്ക് അതിജീവിക്കാന്‍ സാധിച്ചു. ബാക്കി ആറെണ്ണത്തിൽ നിന്ന് ഭാഗികമായ സംരക്ഷണവും ലഭിച്ചു. നിലവിൽ ആന്റിവെനം ഇല്ലാത്ത പാമ്പുകളുടെ വിഷത്തെപ്പോലും പ്രതിരോധിക്കാന്‍ ഈ ആന്റിവെനം കോക്ടെയിലിനാകുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ആന്റിബോഡികൾ കൂടുതൽ പരിഷ്കരിക്കാനും എല്ലാ പാമ്പുകളുടേയും വിഷത്തിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകുമോ എന്നറിയാനുമുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്. അടുത്ത 10 അല്ലെങ്കിൽ 15 വർഷത്തിനുള്ളിൽ ഫലപ്രദമായ ആന്‍റിവെന് നിര്‍മിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നിലവില്‍ പ്രതിവർഷം 140,000 ആളുകളോളം പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട് (വികസ്വര രാജ്യങ്ങളില്‍ 200 പേര്‍ ഒരു ദിവസം പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്). അതിന്‍റെ മൂന്നിരട്ടി ആളുകള്‍ക്ക് കടിയേറ്റതുമൂലം ശരീരഭാഗം മുറിച്ചുമാറ്റേണ്ടിവരികയോ മറ്റ് വൈകല്യങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ട്. 600 ലധികം ഇനം വിഷപ്പാമ്പുകളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഓരോന്നിനും ആന്റിവെനം സൃഷ്ടിക്കാനാകട്ടെ സമയവും പണവും ആവശ്യമാണ്. ഈ അവസ്ഥയിലാണ് ടിം ഫ്രീഡിന്‍റെ ആരോഗ്യരംഗത്ത് ‘രക്തം’ പുതിയ വാതിലുകള്‍ തുറക്കുന്നത്. ടിം ഫ്രീഡിന്‍റെ രക്തത്തിലുള്ള ആന്റിബോഡികൾ ശരിക്കും അസാധാരണമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഒടുവില്‍ മനുഷ്യരാശിക്ക് തനിക്ക് എന്തെങ്കിലും നല്ലത് ചെയ്യാന്‍ സാധിച്ചു, അതില്‍ അഭിമാനമുണ്ടെന്നുമാണ് ടിം ഫ്രീഡിന്‍റെ പ്രതികരണം. 2018 ഓടെ ടിം ഫ്രീഡ് തന്‍റെ പരീക്ഷണം അവസാനിപ്പിച്ചിരുന്നു. ഈ കാലയളവില്‍ 202 തവണ പാമ്പുകടിയേല്‍ക്കുകയും 654 തവണ വിഷം ശരീരത്തില്‍ കുത്തിവയ്ക്കുകയും ചെയ്തു. വിഷബാധകാരണം തന്‍റെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ പതിവായി കരൾ, വൃക്ക പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇന്നും പൂര്‍ണ ആരോഗ്യവാനായ വ്യക്തിയാണ് 57 കാരമായ ടിം ഫ്രീഡ്.