ലോകമെങ്ങും ഭീതിപടര്‍ത്തി ചൂട് വര്‍ധിക്കുകയാണ്. സമുദ്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. മനുഷ്യനെയും ജീവജാലങ്ങളെയുംപോലെ കാലാവസ്ഥാമാറ്റം പ്രകൃതിയിലും കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണ്. സമുദ്രതാപനില വര്‍ധിക്കുന്നതാണ് വലിയ തോതില്‍ കോറല്‍ ബ്ലീച്ചിങിന് കാരണമാകുന്നത്. ഇതിന്റെ ഫലമായി പവിഴപ്പുറ്റുകള്‍ വ്യാപകമായി നശിച്ചത് സമുദ്ര ജലപ്രവാഹങ്ങളെയും ബാധിക്കുന്നുവെന്ന് ഓക്സ്ഫഡ് ഓപണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
എന്താണ് പവിഴപ്പുറ്റുകള്‍?
കാൽസ്യം കാർബണേറ്റ് കൊണ്ട് നിർമിതമായ ബാഹ്യാസ്‌ഥികൂടത്തോടുകൂടിയ ചെറുസമുദ്ര ജീവികളാണു പവിഴങ്ങള്‍. ചെറിയ പൂക്കള്‍ പോലെയാണ് ഇവയെ കാണപ്പെടുന്നത്. പോളിപ് എന്നാണ് ഈ പവിഴപ്പുറ്റുകളിലെ ജീവിയെ പറയുന്നത്. ഉള്ള് പൊള്ളയായ സിലിണ്ടര്‍ ആകൃതിയാണ് പോളിപ്പിനുള്ളത്. മുട്ടയിട്ടും മുകുളനത്തിലൂടെയുമാണ് ഇവ പ്രജനനം നടത്തുന്നത്. ഇവയുടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനഫലമായാണ് കാല്‍സ്യം കാര്‍ബണേറ്റുകളും കടല്‍ വരമ്പുകളും കുഞ്ഞന്‍ കുന്നുകളുമായി പവിഴപ്പുറ്റുകള്‍ രൂപപ്പെടുന്നത്. മുപ്പതിനായിരത്തിലേറെ ജീവി വര്‍ഗങ്ങള്‍ പവിഴപ്പുറ്റുകളിലുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം. ഔഷധക്കലവറ കൂടിയാണ് പവിഴപ്പുറ്റുകളെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ലോകത്തെ ആദ്യത്തെ പവിഴപ്പുറ്റ് ഉടലെടുത്തത് 5000 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നാണ് കണക്ക്. എന്നാല്‍ ഇന്ന് ഭൂമിയിലുള്ള പവിഴപ്പുറ്റുകള്‍ക്ക് എണ്ണായിരം വര്‍ഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളൂവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സമുദ്രജല പ്രവാഹങ്ങളും പവിഴപ്പുറ്റുകളും
നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2023. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അമ്പരപ്പിക്കുന്ന തോതില്‍ സമുദ്രത്തില്‍ താപനില വര്‍ധിക്കുകയാണ്. സമുദ്രത്തിലെ നിശ്ചിത പാതകളിലൂടെ അണമുറിയാതെ ഒഴുകുന്ന ജലപ്രവാഹങ്ങളാണ് സമുദ്ര ജലപ്രവാഹങ്ങള്‍. കാറ്റ്, താപനിലയിലെ വ്യതിയാനങ്ങള്‍, ഭൂമിയുടെ ഭ്രമണം, ജലത്തിന്‍റെ സാന്ദ്രത എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സമുദ്രജല പ്രവാഹങ്ങളുടെ നില്‍പ്. ലോകമെങ്ങും താപനില ക്രമീകരിക്കുന്നതില്‍ സമുദ്രജല പ്രവാഹങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉഷ്ണ ജല പ്രവാഹങ്ങള്‍ ചൂടിനെ ഭൂമധ്യരേഖ പ്രദേശങ്ങളില്‍ നിന്ന് ഉത്തര–ദക്ഷിണ ധ്രുവങ്ങളിലേക്ക് എത്തിക്കുന്നു. ഇതിലൂടെ തീരപ്രദേശങ്ങളില്‍ സംതുലിതമായ കാലാവസ്ഥ ഉറപ്പാക്കുന്നു. കരയിലെ കാലാവസ്ഥയെ സംതുലിതമാക്കുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. ശീതജല പ്രവാഹങ്ങളാകട്ടെ ധ്രുവങ്ങളില്‍ നിന്നുള്ള തണുത്ത വെള്ളത്തെ ഭൂമധ്യ രേഖാപ്രദേശത്തേക്ക് എത്തിക്കുകയും താപനിലയെ ക്രമീകരിക്കുകയും ചെയ്യുന്നു.
വില്ലനായി ബ്ലീച്ചിങ്
കോറല്‍ ബ്ലീച്ചിങ് ഏറ്റവുമധികം സംഭവിച്ച വര്‍ഷങ്ങളിലൊന്നാണ് 2023 എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതേ നില തന്നെയാണ് 2024 ലും തുടരുന്നത്. ബ്ലീച്ചിങ് വന്‍തോതില്‍ സംഭവിക്കുന്ന ഹോട്സ്പോട്ടുകള്‍ കണ്ടെത്തി അവയില്‍ വിശദമായ പഠനങ്ങള്‍ നടത്തുകയാണ് ഗവേഷകര്‍ ഇപ്പോള്‍. ചൂടേറിയ മാസത്തിലെ ശരാശരി താപനിലയെക്കാള്‍ ഒരു ഡിഗ്രി സെല്‍സ്യസ് കൂടിയ താപനില ഉപരിതല ജലത്തില്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളെയാണ് ബ്ലീച്ചിങ് ഹോട്സ്പോട്ടായി കണക്കാക്കുന്നത്.
കരീബിയന്‍ മേഖല, മെക്സികോയുടെ കിഴക്കുപടിഞ്ഞാറന്‍ തീരം, മധ്യ അമേരിക്ക, കിരിബാത്തി, ഫിജി, കിഴക്കന്‍ ന്യൂഗിനിയ എന്നിവിടങ്ങളിലാണ് ബ്ലീച്ചിങ് രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിലെ പവിഴപ്പുറ്റുകള്‍ വലിയതോതില്‍ നശിച്ചുവെന്ന് ഗവേഷകര്‍ കണ്ടെത്തി. എല്ലാ പരിസ്ഥിതി വ്യവസ്ഥതികളിലും വച്ച് ഏറ്റവും ലോലമായതാണ് പവിഴപ്പുറ്റുകള്‍. 1980 കളിലാണ് ബ്ലീച്ചിങ് കാരണം വന്‍തോതില്‍ പവിഴപ്പുറ്റുകള്‍ നശിക്കുന്നത് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. വര്‍ധിച്ച താപനിലയോട് പൊരുത്തപ്പെടാനാവാതെ ലോകമെങ്ങുമുള്ള ഒട്ടേറെ പവിഴപ്പുറ്റുകള്‍ നശിച്ചു പോയി. ആഗോളതാപനം രൂക്ഷമായത് പവിഴപ്പുറ്റുകളെ കൂടുതല്‍ ദുര്‍ബലമാക്കിയെന്നും സംരക്ഷിക്കാന്‍ സത്വരനടപടികള്‍ വേണമെന്നും പരിസ്ഥിതി ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ പവിഴപ്പുറ്റുകള്‍ക്ക് അതിവേഗം വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.