മത്തി പ്രേമികള്‍ക്ക് വീണ്ടും നിരാശ. വലനിറയെ മത്തി കിട്ടിത്തുടങ്ങിയെങ്കിലും കുഞ്ഞന്‍ മത്തിയായതിനാല്‍ വളത്തിനായി നല്‍കുകയാണ്. കാലാവസ്ഥ വ്യതിയാനം കാരണം ഭക്ഷണം കിട്ടാതെ വന്നതോടെയാണ് മത്തിയുടെ വലിപ്പം കുറഞ്ഞതെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്‍റെ കണ്ടെത്തല്‍.
കുറച്ചുനാളായി മത്തി കിട്ടാനില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ മത്തിചാകരയാണ്. തീരത്തടിയുന്നതിന് പുറമെ വല നിറയെ മത്തി. പക്ഷെ കാര്യമില്ലെന്ന് മാത്രം. മണ്‍സൂണ്‍കാലത്ത് മഴ കൂടിയതോടെ പുഴയിലെ പോഷകങ്ങള്‍ നിറഞ്ഞവെള്ളം കടലില്‍ ധാരാളമെത്തി. ഇത് മത്തികളുടെ പ്രധാനഭക്ഷണമായ സൂക്ഷമപ്ലവകം പെരുകാന്‍ കാരണമായി. അതിന് അനുസരിച്ച് മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയെങ്കിലും മഴ മാറിയതോടെ ഭക്ഷണം കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ വലുപ്പം കുറഞ്ഞു.
കൂട്ടത്തോടെ സഞ്ചരിക്കുന്ന മത്തികള്‍ ഇര തേടി തീരത്തേക്ക് എത്തുന്നതാണ് ചാകരയ്ക്ക് കാരണമെന്നും വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം മല്‍സ്യവളര്‍ച്ചയില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍ ഒാരോന്നിനേയും പിടിക്കുന്ന കാര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്നും പഠനം നടത്തിയവര്‍ പറയുന്നു.