Image Credit: Encyclopædia Britannica

Image Credit: Department of Foreign Affairs and Trade, Australia

മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യങ്ങളും നോക്കിയാണ് സാധാരണഗതിയില്‍ ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ ഒരു രാജ്യം തന്നെ മറ്റൊരു രാജ്യത്തേക്ക് കുടിയേറിയാലോ? റ്റുവാലുവെന്ന കുഞ്ഞന്‍ രാജ്യമാണ് ഓസ്‌ട്രേലിയയിലേക്ക് പറിച്ചു നടപ്പെടുന്നത്. എന്താവും കാരണം? പസഫിക് സമുദ്രത്തിലുള്ള കുഞ്ഞന്‍ ദ്വീപ് രാഷ്ട്രമാണ് റ്റുവാലു. വെറും 11000 പേര്‍ മാത്രമുള്ള ഈ രാജ്യം വാര്‍ത്തകളില്‍ നിറയാന്‍ ഒരു കാരണമുണ്ട്.രാജ്യം മുഴുവനായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നു...അതിജീവനം തന്നെയാണ് കാരണം. പുറത്തുവന്ന വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 വര്‍ഷത്തിനുള്ളില്‍ റ്റുവാലുവിലെ ഏകദേശം എല്ലാ സ്ഥലങ്ങളും സമുദ്രത്തിനടിയിലാകും. സമുദ്രനിരപ്പ് ഉയരുന്നതിനോട് പിടിച്ച് നില്‍ക്കാന്‍ കഴിയാത്തതാണ് ഇത്തരത്തിലൊരു കൂടുമാറ്റത്തിന് ജനങ്ങളെ പ്രേരിപ്പിച്ചത്. 

tuvalu-flag

Image Credit: Encyclopædia Britannica

ഒന്‍പത് കോറല്‍ ദ്വീപുകളടങ്ങിയ, സമുദ്രനിരപ്പില്‍ നിന്ന് വെറും രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള ഇത്തിരിക്കുഞ്ഞന്‍ ദ്വീപാണിവിടം. പ്രളയവും കൊടുങ്കാറ്റും ഒന്നും ദ്വീപുകാര്‍ക്ക് പുത്തരിയല്ലെന്ന് പറഞ്ഞ് റ്റുവാലുക്കാരെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ലല്ലോ. അടുത്ത 80 വര്‍ഷത്തിനുള്ളില്‍ റ്റുവാലു വാസയോഗ്യമല്ലാത്ത സ്ഥലമായി മാറുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ലോകം ഈ ദ്വീപിന്‍റെ പുനരധിവാസത്തെ കുറിച്ച് ആലോചന തുടങ്ങി. റ്റുവാലുവില്‍ ഒന്‍പത് പവിഴ ദ്വീപുകളുണ്ടെന്ന് പറഞ്ഞില്ലേ? അതില്‍ രണ്ടെണ്ണം ഇതിനകം തന്നെ സമുദ്രത്തിലാണ്ടുകഴിഞ്ഞു. 

കഴിഞ്ഞ 30 വര്‍ഷത്തെ അപേക്ഷിച്ച്  റ്റുവാലുവിലെ സമുദ്രനിരപ്പ് 15 സെന്റീമീറ്റര്‍ നിലവില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് നാസയുടെ സമുദ്രനിരപ്പ് ഉയരുന്നതിനെ കുറിച്ച് പഠിക്കുന്ന സംഘത്തിന്റെ റിപ്പോര്‍ട്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോള്‍ റ്റുവാലു പൂര്‍ണമായും മുങ്ങിപ്പോകുമെന്നാണ് അനുമാനം.

tuvalu-map

Image Credit: Encyclopædia Britannica

‌2023ലാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ണമായും ഓസ്‌ട്രേലിയയിലേക്ക് ചേക്കാറാമെന്ന തീരുമാനം റ്റുവാലു കൈക്കൊള്ളുന്നത്. ഫലേപിലി യൂണിയന്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതനുസരിച്ച് 280 വീതം റ്റുവാലുക്കാര്‍ക്ക് പ്രതിവര്‍ഷം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്ഥിരതാമസത്തിനുള്ള അവകാശം നല്‍കും. ആരോഗ്യ-വിദ്യാഭ്യാസ-താമസ-തൊഴില്‍ സൗകര്യങ്ങള്‍ എല്ലാം ഉള്‍പ്പടെയുള്ള പൗരത്വമാണ് ലഭിക്കുക. 25 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 1427 രൂപ) യാണ് അപേക്ഷ ഫീസ് ആയി ഇത്തവണ ഈടാക്കിയത്. 18 വയസായ ഏതൊരു റ്റുവാലുക്കാരനും, അവര്‍ നിലവില്‍ മറ്റേതെങ്കിലും രാജ്യത്താണെങ്കിലും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കാമെന്നും ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി എത്തുന്ന റ്റുവാലുക്കാര്‍ക്ക് അവരുടെ തനത് സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തി ജീവിക്കാനുള്ള അവകാശമുണ്ടായിരിക്കും. 

റ്റുവാലുവിനെ ഏറ്റെടുക്കാനായുള്ള ഈ പ്രൊജക്ടിനായി 38 മില്യന്‍ (3.8 കോടി)  ഓസ്‌ട്രേലിയന്‍ ഡോളറാണ് ഓസ്‌ട്രേലിയ നീക്കി വയ്ക്കുന്നത്. കുടിയേറ്റം പൂര്‍ത്തിയാകുന്ന കാലയളവിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ക്ഷോഭമോ, മഹാമാരികളോ, സൈനിക നടപടികളോ ദ്വീപിന് നേരെ ഉണ്ടായാല്‍ ഓസ്‌ട്രേലിയ സഹായത്തിനെത്തും. 15 മില്യന്‍ ഡോളര്‍ ചെലവഴിച്ച് റ്റുവാലുവില്‍ ദേശിയ സുരക്ഷാ ഏകോപന കേന്ദ്രം സ്ഥാപിക്കും. മാത്രവുമല്ല സമുദ്രാതിര്‍ത്തിക്ക് എല്ലാവിധ സംരക്ഷണവും നല്‍കും. 

ജൂണ്‍ 16 മുതല്‍ ജൂലൈ 18 വരെയാണ് ഉടമ്പടി പ്രകാരമുള്ള ആദ്യ ഘട്ട അപേക്ഷകള്‍ ഓസ്‌ട്രേലിയയിലേക്ക് സമര്‍പ്പിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ തന്നെ 8750 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷനും സ്ഥിരീകരിക്കുന്നു. ബാലറ്റിലൂടെ ആദ്യഘട്ടത്തിലെ 280 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. കാലാവസ്ഥാമാറ്റം ഭൂമിയെ ഇങ്ങനെ ഗ്രസിക്കുമ്പോള്‍ റ്റുവാലുവിനെ ഉപേക്ഷിക്കാനാവില്ലെന്നും അവിടെ നിന്ന് വരുന്നവര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് വ്യക്തമാക്കി. പുത്തന്‍കര പറ്റാനൊരുങ്ങുന്ന റ്റുവാലുക്കാരാവട്ടെ സമാന അവസ്ഥയിലുള്ള എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ഥനയും മുന്നോട്ട് വയ്ക്കുന്നുണ്ട്.  ഇതിനായി ആഗോള സഹകരണം വേണമെന്നും റ്റുവാലു അഭ്യര്‍ഥിക്കുന്നു. ഓരോ വര്‍ഷവും നാല് ശതമാനം വീതമാകും കുടിയേറ്റം നടക്കുക. പത്തുവര്‍ഷത്തിനുള്ളില്‍ 40 ശതമാനം ജനങ്ങളെയും പുനരധിവസിപ്പിക്കാനാകും.

ജനങ്ങളെ മുഴുവന്‍ ഓസ്‌ട്രേലിയയിലേക്ക് പറിച്ച് നട്ട് പ്രശ്‌നം പരിഹരിക്കാമെന്ന് കരുതി റ്റുവാലു ഭരണകൂടം കൈയും കെട്ടിയിരുന്നിട്ടില്ല. കൃത്രിമമായി നിലം കെട്ടിപ്പടുത്ത് 2100 വരെ സമുദ്ര ജലം ഉയരുന്നതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതെത്രത്തോളം ഫലവത്താകുമെന്ന ആശങ്ക നിലനില്‍ക്കുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ടാണ് സ്വന്തം മണ്ണുവിട്ട് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് ചേക്കേറാന്‍ റ്റുവാലുക്കാര്‍ മാനസികമായി തയാറെടുക്കുന്നതും. മുങ്ങിപ്പോകാന്‍ പോയൊരു രാജ്യത്തെ ചേര്‍ത്തുപിടിക്കാനൊരുങ്ങിയ ഓസ്‌ട്രേലിയന്‍ ജനത എക്കാലവും മനസിലുണ്ടാകുമെന്ന് ടുവാലുക്കാര്‍ പറയുന്നു.

ENGLISH SUMMARY:

Tuvalu relocation to Australia is driven by the existential threat of rising sea levels. The island nation is being relocated to Australia due to climate change, with an agreement ensuring residents can live with dignity, preserving their culture while seeking global cooperation for similar situations.