ഓഫീസ് ലാപ്ടോപ്പുകളിലും കംപ്യൂട്ടറുകളിലും സ്വന്തം വാട്സാപ്പ് ലോഗിന്‍ ചെയ്യുന്നവരാണോ? പണികിട്ടുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ലോഗിന്‍ ചെയ്തു വച്ച വാട്സാപ്പ് വെബ് സെഷനുകള്‍ സൈബര്‍ കുറ്റവാളികള്‍ ചൂഷണം ചെയ്യാമെന്നും അക്കൗണ്ട് കൈക്കലാക്കി തട്ടിപ്പ് നടത്താനും സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.
വാട്സാപ്പ് വെബ് സെഷൻ സജീവമായി തുടരുകയാണെങ്കില്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സന്ദേശങ്ങളിലേക്കും ഗ്രൂപ്പുകളിലേക്കും ആക്സസ് ലഭിക്കും. അക്കൗണ്ട് ഉടമയെന്ന വ്യാജേന സന്ദേശങ്ങൾ അയക്കാനും ഉപഭോക്താവിന്റെ വിശ്വാസ്യത ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധിക്കുമെന്നും സൈബര്‍ ക്രൈംവിഭാഗം വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ഉപയോഗ ശേഷം ബ്രൗസര്‍ ടാബ് ക്ലോസ് ചെയ്യുന്നതിനു പകരം വാട്സാപ് വെബ് ലോഗ്ഔട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
വാട്സാപ്പ് വെബ് വഴി സെന്‍സിറ്റീവായ വിവരങ്ങള്‍ കൈമാറുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ വിവരങ്ങളോ കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തികവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങളോ കൈമാറുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്. സ്വകാര്യ കംപ്യൂട്ടറുകളില്‍ നിന്നൊഴികെ വാട്സാപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സൈബർ കഫേകൾ, കിയോസ്‌ക്കുകൾ, ഹോട്ടലുകൾ, വാടകയ്ക്ക് എടുത്ത കംപ്യൂട്ടറുകൾ എന്നിവയിൽ നിന്ന് വാട്സാപ്പ് വെബ് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കണം. ഇത്തരം കംപ്യൂട്ടറുകളില്‍ നിന്ന് വാട്ട്‌സ്ആപ്പ് വെബ് ആക്‌സസ് ചെയ്യുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കാനാണ് കേന്ദ്ര ഏജന്‍സി ശുപാര്‍ശ ചെയ്യുന്നത്. സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് അപ്രതീക്ഷിതമായ സന്ദേശങ്ങള്‍ പോകുന്നതും ചാറ്റുകള്‍ക്ക് മറുപടി പോകുന്നതും അടക്കമുള്ള നീക്കങ്ങളെ പറ്റി ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.