എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ ചെന്നൈയിലും സൈബര്‍ തട്ടിപ്പ്. ചെന്നൈയിലെ ഐടി ജീവനക്കാരനായ എറണാകുളം സ്വദേശിക്ക് നഷ്‌ടമായത് ഒന്നരലക്ഷത്തിലധികം രൂപ. വാഹനത്തിന്റെ പിഴ അടക്കാന്‍ വാട്‌സാപ്പ് വഴിയായിരുന്നു വ്യാജ സന്ദേശം. സൈബര്‍ തട്ടിപ്പില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരന്‍.
സെപ്റ്റംബറിലാണ് വാഹനത്തിന്റെ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റോജന്‍ ജോണിക്ക് വാട്‌സാപ്പ് സന്ദേശമെത്തുന്നത്. ഉള്ളടക്കത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എം പരിവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് പിഴ അടക്കാനായിരുന്നു നിര്‍ദേശം. ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തപ്പോള്‍ അസ്വാഭാവികത തോന്നിയ റോജന്‍ ഉടന്‍ സൈബര്‍ സെല്ലിനെ വിവരം അറിയിച്ചു. എന്നാല്‍, രണ്ടുദിവസത്തിനകം മൂന്നുതവണയായി ഒരുലക്ഷത്തി അറുപതിനായിരം രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടമായെന്ന് റോജന്‍.
പണം നഷ്ടമാകുന്നതിന് മുന്‍പേ സൈബര്‍ സെല്ലിന് വിവരം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്നും തട്ടിപ്പിന് ശേഷം ബാങ്കിനും പൊലീസിനും പരാതി നല്‍കിയിട്ടും അന്വേഷണം നടത്തിയില്ലെന്നും പരാതിയുണ്ട്. നീതി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനെരുങ്ങി റോജന്‍ ജോണ്‍.