ഒരു കമ്പ്യൂട്ടർ, ഒരു ഡയൽ-അപ്പ് ഇന്‍റര്‍നെറ്റ് കണക്ഷൻ, പിന്നെ ലോകം കീഴടക്കണമെന്നൊരു സ്വപ്നം. 1995-ൽ ബെംഗളൂരുവിലെ ഒരു വീട്ടിൽനിന്ന് രാജേഷ് റാവു തുടങ്ങിയ ചെറിയ സംരംഭത്തിന്‍റെ കഥ ഇന്ന് എത്തിനിൽക്കുന്നത് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിഡിയോ ഗെയിമിങ് ഫ്രാഞ്ചൈസികളിലൊന്നായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോയുടെ പുതിയ പതിപ്പിന് പിന്നിൽ.

ലോകമെമ്പാടുമുള്ള ഗെയിമർമാർ കാത്തിരുന്ന GTA 6-ന്‍റെ നിർമാണത്തിൽ ബെംഗളൂരുവിലെ 1,600-ലധികം ഡെവലപ്പർമാർ പങ്കാളികളായെന്ന വിവരമാണ് ഇപ്പോൾ നഗരത്തെ ആഗോള ഗെയിമിങ് ഭൂപടത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്.

സൈബർ കഫേകളിലെ GTA കാലത്തുനിന്ന് GTA 6-ന്‍റെ പിന്നാമ്പുറത്തേക്ക്

ഒരുകാലത്ത് ഇന്ത്യയിലെ സൈബർ കഫേകളിൽ മണിക്കൂറുകളോളം GTA Vice City കളിച്ചിരുന്ന ഒരു തലമുറയുണ്ട്. മിയാമിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സാങ്കൽപ്പിക നഗരത്തിലൂടെ കാറോടിച്ചും പൊലീസിനെ വെട്ടിച്ചും ഗെയിമിന്‍റെ ലോകത്ത് അലഞ്ഞുതിരിഞ്ഞവർ. എന്നാൽ പുതിയ പതിപ്പായ GTA 6-ന്‍റെ പിന്നിൽ ബെംഗളൂരുവിലെ സാങ്കേതികവിദഗ്ധരുടെ അധ്വാനവുമുണ്ടെന്നതാണ് കൗതുകകരം.

ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള റോക്സ്റ്റാര്‍ ഇന്ത്യാ സ്റ്റുഡിയോയിലെ 1,600-ലധികം ഡെവലപ്പർമാർ ഗെയിമിന്‍റെ വികസനത്തിൽ പങ്കാളികളായെന്നാണ് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ വ്യക്തമാക്കിയത്. ഗെയിമിലെ വിശാലമായ ലോകത്തിന്‍റെ രൂപകൽപ്പന, ഡിജിറ്റൽ ആസ്തികളുടെ നിർമാണം, പരിസ്ഥിതിയുടെ സൃഷ്ടി തുടങ്ങിയ മേഖലകളിലാണ് ബെംഗളൂരു ടീമിന്‍റെ സംഭാവനയെന്നാണ് റിപ്പോർട്ടുകൾ. ഗെയിമിലെ സാങ്കൽപ്പിക സംസ്ഥാനമായ ലിയോനിഡയിലെ വൈസ് ബീച്ചിന്‍റെ നിർമാണത്തിലും ഇന്ത്യൻ ടീമിന് പങ്കുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ.

ഒരു കമ്പ്യൂട്ടറിൽനിന്ന് ആഗോള ഗെയിമിങ് വ്യവസായത്തിലേക്ക്

ഈ നേട്ടത്തിന് പിന്നിലെ ചരിത്രം തുടങ്ങുന്നത് 1995-ലാണ്. അന്ന് രാജേഷ് റാവു എന്ന സംരംഭകൻ പിതാവിന്‍റെ സഹായത്തോടെ ഒരു കമ്പ്യൂട്ടറും ഡയൽ-അപ്പ് മോഡവും സ്വന്തമാക്കി ബെംഗളൂരുവിലെ വീട്ടിൽനിന്ന് മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ സംരംഭത്തിന് തുടക്കമിട്ടു. പിന്നീട് ഇതാണ്  ധ്രുവ ഇന്‍ട്രാക്ടിവ് എന്ന ഗെയിം ഡെവലപ്മെന്‍റ് സ്റ്റുഡിയോ ആയി വളർന്നത്.

1997-ൽ ഗെയിം വികസന മേഖലയിലേക്ക് കടന്ന സ്ഥാപനം രാജ്യാന്തര കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ Forza Motorsport പരമ്പരയ്ക്കായി കാറുകളുടെ രൂപകൽപ്പന ഉൾപ്പെടെയുള്ള ജോലികൾ ധ്രുവ ഏറ്റെടുത്തു. പിന്നീട് ഗെയിമുകളിലെ റേസിങ് ട്രാക്കുകൾ, കഥാപാത്രങ്ങൾ, പരിസ്ഥിതികൾ, വിവിധ ലെവലുകൾ എന്നിവയുടെ നിർമാണത്തിലും പങ്കാളികളായി.

2019-ലാണ് Rockstar Games ധ്രുവ ഇന്‍ററാക്ടീവിനെ  ഏറ്റെടുക്കുന്നത്. ഇതോടെ വർഷങ്ങളായി ഗെയിം നിർമാണ മേഖലയിൽ പരിചയസമ്പത്ത് നേടിയിരുന്ന ബെംഗളൂരുവിലെ കലാകാരന്മാരും ഡിസൈനർമാരും റോക്ക്സ്റ്റാറിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി.

ഐടി ഹബ്ബിനപ്പുറം ഗെയിമിങ് തലസ്ഥാനമാകുമോ?

GTA 6-ന്‍റെ ബെംഗളൂരു ബന്ധം പുറത്തുകൊണ്ടുവന്നത് തേജസ്വി സൂര്യയുടെ എക്സ് പോസ്റ്റാണ്. ഐടി മേഖലയ്ക്ക് പേരുകേട്ട ബെംഗളൂരുവിന്‍റെ മറ്റൊരു പ്രധാന മുഖമാണ് ഗെയിം ഡെവലപ്മെന്‍റ് വ്യവസായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2013-ൽ പുറത്തിറങ്ങിയ GTA 5 ലോകമെമ്പാടും 230 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഗെയിമാണ്. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ പരമ്പരയുടെ ആകെ വിൽപ്പന 470 ദശലക്ഷം കോപ്പികൾ പിന്നിട്ടതായാണ് പ്രസാധകരായ Take-Two Interactive വ്യക്തമാക്കുന്നത്.

അത്രയും വലിയ ആഗോള വിപണിയുള്ള ഗെയിമിന്‍റെ നിർമാണത്തിൽ ബെംഗളൂരുവിലെ ഡെവലപ്പർമാരും പങ്കാളികളാകുന്നുവെന്നത് ഇന്ത്യൻ ഗെയിമിങ് വ്യവസായത്തിന്‍റെ വളർച്ചയുടെ സൂചന കൂടിയാണ്. ഐടി നഗരമെന്ന വിശേഷണത്തിനപ്പുറം ആഗോള ഗെയിമിങ് വ്യവസായത്തിലും ബെംഗളൂരു സ്വന്തം അടയാളം പതിപ്പിക്കുകയാണ്.

ENGLISH SUMMARY:

Grand Theft Auto 6 features significant development contributions from over 1,600 tech professionals at Rockstar India in Bangalore. This milestone highlights India's rapidly growing presence in the global video game industry.