ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗെയിമേഴ്സിന് നവംബർ 19 വെറുമൊരു വ്യാഴാഴ്ചയല്ല. ഒരു പതിറ്റാണ്ടിലേറെയായി അവർ കാത്തിരിക്കുന്ന ദിവസം. ഓഫിസുകളിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ, ഗെയിം കളിക്കാനായി അവധിയെടുക്കുന്ന ജീവനക്കാർ, റെക്കോർഡ് തിരക്കിലേക്ക് നീങ്ങുന്ന ഇന്റർനെറ്റ് ശൃംഖലകൾ, ഈ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6നായി. 2013ൽ പുറത്തിറങ്ങിയ ജിടിഎ 5ന് ശേഷമുള്ള ആദ്യ ഗെയിമാണ്. ഇന്ത്യയില്‍ 19ാം തിയതി അര്‍ദ്ധരാത്രി 12 മുതല്‍ ഗെയിം കളിച്ചുതുടങ്ങാം.
ഗെയിമിനോടുള്ള ആവേശം ലോകമെമ്പാടുമുള്ള ജോലിസ്ഥലങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. യുകെയിൽ 70,000 സ്ഥാപനങ്ങളിലായി 12 ലക്ഷത്തിലധികം ജീവനക്കാരുടെ ഹാജർ വിവരങ്ങൾ വിശകലനം ചെയ്ത എച്ച്ആര്‍ സ്ഥാപനമായ ബ്രൈറ്റ് എച്ച്ആറിന്റെ കണക്കുകൾ പ്രകാരം, ജിടിഎ 6 കളിക്കാന്‍ നവംബര്‍– ഡിസംബര്‍ മാസങ്ങളിലായി ജീവനക്കാര്‍ അവധി എടുക്കുന്നതോടെ, സ്ഥാപനങ്ങൾക്ക് 1.24 കോടി പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.
ഗെയിമിങ് വിപണന പ്ലാറ്റ്ഫോമായ ജി2എ നടത്തിയ സർവേയിൽ പങ്കെടുത്ത 1,500ഓളം പേരിൽ 29 ശതമാനവും ജിടിഎ 6 കളിക്കുന്നതിനായി ജോലിയിൽ നിന്നോ പഠനത്തിൽ നിന്നോ അവധിയെടുക്കാൻ അപേക്ഷിച്ചതായി പറയുന്നു. വർക്ക്ഫോഴ്സ് പ്ലാറ്റ്ഫോമായ റിമോട്ടിന്റെ കണക്കുകൾ പ്രകാരം നവംബർ 19നുള്ള അവധി അപേക്ഷകളില്‍ കഴിഞ്ഞ വർഷത്തെ ഇതേ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 32 ശതമാനം വർധനയുണ്ടായി. ഇന്ത്യയിൽ ഇത് 60 ശതമാനവും യുകെയിൽ 42 ശതമാനവുമാണ്. 91 ശതമാനം വർധനയോടെ ഇറ്റലിയാണ് പട്ടികയിൽ ഒന്നാമത്. എല്ലാ ജീവനക്കാരുടെയും അവധി വിവരങ്ങൾ ഉൾപ്പെടുത്തിയ ഔദ്യോഗിക കണക്കുകളല്ല ഇവ.
1.25 കോടി അമേരിക്കക്കാർ ജോലി ക്രമീകരിക്കുന്നു
PCMagനുവേണ്ടി YouGov നടത്തിയ സർവേയിൽ 2,024 അമേരിക്കാരാണ് പങ്കെടുത്തത്. ഇതിൽ ഏകദേശം എട്ട് ശതമാനം പേര് ജിടിഎ 6 കളിക്കുന്നതിനായി ശമ്പളത്തോടെയുള്ള അവധിയെടുക്കാനോ, ജോലി-പഠന സമയക്രമങ്ങളിൽ മാറ്റം വരുത്താനോ പദ്ധതിയിടുന്നു. സർവേയിൽ പങ്കെടുത്ത ജെന്‍–സി തലമുറയില്‍പെട്ട 13 ശതമാനം പേരും ജിടിഎ 6നായി തങ്ങളുടെ ജോലിയുടെയോ പഠനത്തിന്റെയോ സമയക്രമം മാറ്റാൻ ഒരുങ്ങുന്നുണ്ട്.
പിഎസ്5ൽ ജിടിഎ 6 ഇൻസ്റ്റാൾ ചെയ്യാന്‍ കുറഞ്ഞത് 212 ജിബി സ്റ്റോറേജ് വേണം. എക്സ്ബോക്സ് ഉപയോക്താക്കൾക്ക് ഏകദേശം 190 ജിബി ആവശ്യമാണ്. അതായത് ലോകമെമ്പാടുമുള്ള ഒരു കോടി ആളുകള്‍ 212 ജിബി വീതമുള്ള ഗെയിം ഡൗൺലോഡ് ചെയ്താൽ, കൈമാറ്റം ചെയ്യപ്പെടുന്ന ഡേറ്റയുടെ ആകെ അളവ് ഏകദേശം 2.12 എക്സാബൈറ്റ് ആയിരിക്കും. യുകെയിൽ വിർജിൻ മീഡിയ O2ന്റെ കണക്കുകൾ പ്രകാരം ജിടിഎ 6ന്റെ പ്രീ ലോഡിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ ബ്രോഡ്ബാൻഡ് ട്രാഫിക്കിൽ കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 51.6 ശതമാനം വർധനയുണ്ടായി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റാ ഉപയോഗവും ഈ സമയത്ത് രേഖപ്പെടുത്തി. അമേരിക്കയിൽ കോംകാസ്റ്റിന്റെ ശൃംഖലയിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ജിടിഎ 6ന്റെ പ്രീലോഡിങ്ങിന്റെ ആദ്യ 48 മണിക്കൂറുകൾ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട നെറ്റ്വർക്ക് ഇവന്റായി മാറിയെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ഏറ്റവും തിരക്കേറിയ പത്ത് നെറ്റ്വർക്ക് ദിനങ്ങളിൽ രണ്ടും ഈ കാലയളവിലായിരുന്നു.
പുറത്തിറങ്ങും മുന്‍പേ ബില്യൺ ഡോളര്‍ ഗെയിം
അനലിറ്റിക്സ് സ്ഥാപനമായ സെന്‍സര്‍ ടവറിന്റെ കണക്കുകൾ പ്രകാരം ഗെയിമിന്റെ ഡിജിറ്റൽ പ്രീ ഓർഡറുകളിലൂടെ ഏകദേശം 100 കോടി ഡോളർ വരുമാനം ലഭിച്ചതായാണ് റിപ്പോർട്ട്. 1.03 കോടിയിലധികം കോപ്പികൾ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ വിറ്റുപോയതായും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ കണക്കുകൾ റോക്ക്സ്റ്റാർ ഗെയിംസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗെയിമിന്റെ വികസനത്തിനായി 100 കോടി മുതൽ 150 കോടി ഡോളർ വരെ ചെലവായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഈ തുകയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013ൽ പുറത്തിറങ്ങിയ ജിടിഎ 5 ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 100 കോടി ഡോളറിന്റെ വിൽപ്പനയാണ് നേടിയത്. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ പരമ്പരയുടെ ആകെ വിൽപ്പന 47 കോടിയിലധികം കോപ്പികൾ പിന്നിട്ടുകഴിഞ്ഞു.
സ്ട്രീമിങ് കാലഘട്ടത്തിലെ ആദ്യ ജിടിഎ
ജിടിഎ 6ന്റെ വരവിനെ സവിശേഷമാക്കുന്ന മറ്റൊരു കാര്യമുണ്ട്. അത് പുറത്തിറങ്ങുന്ന കാലഘട്ടമാണ്. ജിടിഎ 5 പുറത്തിറങ്ങിയത് 2013 സെപ്റ്റംബറിലാണ്. അന്ന് യൂട്യൂബ് ഗെയിമിങ്ങും ട്വിച്ച് പോലുള്ള ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും വളർന്നുവരുന്ന ഘട്ടത്തിലായിരുന്നു. ഇന്ന് ഗെയിമിങ് എന്നത് കൺസോളിലോ കമ്പ്യൂട്ടറിലോ ഗെയിം കളിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറ്റുള്ളവർ ഗെയിം കളിക്കുന്നത് കാണാനും ലൈവ് സ്ട്രീമിങ് പിന്തുടരാനും ഗെയിമിങ് താരങ്ങളുടെ വിഡിയോകൾ ആസ്വദിക്കാനും ദശലക്ഷക്കണക്കിന് ആളുകളുണ്ട്. ഇന്നത്തെ സ്ട്രീമിങ്, കണ്ടന്റ് ക്രിയേഷൻ കാലഘട്ടത്തിൽ പുറത്തിറങ്ങുന്ന ആദ്യ പ്രധാന ജിടിഎ ഗെയിമാണ് ജിടിഎ 6. ഗെയിമിലെ കഥാപാത്രങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ദൗത്യങ്ങളും തുറന്ന ലോകത്തെ അനുഭവങ്ങളുമെല്ലാം ദശലക്ഷക്കണക്കിന് മണിക്കൂറുകളുടെ ഓൺലൈൻ കണ്ടന്റായി മാറും. യൂട്യൂബിലെയും മറ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെയും ജനപ്രിയ ഗെയിമിങ് ക്രിയേറ്റർമാർക്ക് പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ, സബ്സ്ക്രിപ്ഷനുകൾ എന്നിവയിലൂടെ വലിയ വരുമാനമുണ്ടാക്കാനുള്ള അവസരമാണിത്.
ഗെയിമിന്റെ പശ്ചാത്തലവും ഏറെ സവിശേഷമാണ്. മയാമിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സാങ്കൽപ്പിക നഗരമായ വൈസ് സിറ്റിയിലേക്കാണ് ജിടിഎ 6 കളിക്കാരെ വീണ്ടും കൊണ്ടുപോകുന്നത്. ഫ്ലോറിഡയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ലിയോനിഡ എന്ന സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ജേസൺ ഡുവാലും ലൂസിയ കമിനോസുമാണ് പ്രധാന കഥാപാത്രങ്ങൾ. പരമ്പരയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ കഥാപാത്രം പ്രധാനകഥാപാത്രമായി എത്തുന്നു എന്ന സവിശേഷതയുമുണ്ട്.