ഒരു കാലമുണ്ടായിരുന്നു…ഗെയിമില്‍ തോൽക്കുമെന്ന പേടിയില്ലാതെ, മിഷനുകൾ പൂർത്തിയാക്കണമെന്ന നിർബന്ധമില്ലാതെ, തോന്നിയ വഴികളിലൂടെ കാറോടിച്ച്… പൊലീസിനെ വെട്ടിച്ച്… ഇഷ്ടമുള്ള സ്ഥലത്തൊക്കൊ കറങ്ങിനടന്നിരുന്ന കാലം. ഒരു ടാങ്ക് വേണമെങ്കിൽ, ഹെലികോപ്റ്റര്‍ വേണമെങ്കില്‍, പണം വേണമെങ്കിലൊക്കെ ഉപയോഗിക്കാനുള്ള ചീറ്റ് കോഡ് എഴുതിവച്ചിരുന്ന ഒരു നോട്ട് ബുക്ക് … പിന്നെ പിന്നെ ആ രഹസ്യ കോഡുകൾ നമ്മളില്‍ പലര്‍ക്കും കാണാപാഠമായി. സാങ്കല്പിക ലോകത്ത് എന്തും ചെയ്യാന്‍ സ്വാതന്ത്രം നല്കിയ ആ ഗെയിമിന്റെ പേരായിരുന്നു GTA –ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ.
കാലം ഒരുപാട് മാറി. അന്ന് ഗെയിമിന് മുന്നിലിരുന്ന കുട്ടികൾ ഇന്ന് ജോലിയും കുടുംബവും ഉത്തരവാദിത്തങ്ങളുമുള്ള മുതിർന്നവരായി. പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷ GTA VI എത്തുമ്പോള്‍ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു ഒരു ലോകത്തേക്ക് മുതിര്ന്നവരായുള്ള തിരിച്ചുപോക്കാണ്.
ഇന്ത്യയിൽ എത്ര രൂപയാകും?– പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S പ്ലാറ്റ്ഫോമുകളിലാണ് GTA VI ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഇതോടെ ഗെയിമിങ്ങ് കണ്‍സോളുകളുടെ വില്പനയും ഉയര്‍ന്നു. GTA 6ന്റെ പ്രീ ഓര്‍ഡര്‍ തുടങ്ങിയതിന് പിന്നാലെ പ്ലേ സ്റ്റേഷന് 5ന് ആവശ്യക്കാര്‍ ഏറി. പ്ലേസ്റ്റേഷൻ സ്റ്റോറിലെ ഇന്ത്യൻ ലിസ്റ്റിങ് പ്രകാരം GTA VIയുടെ സ്റ്റാൻഡേർഡ് എഡിഷന് 5,999 രൂപയാണ് വില. ഡിജിറ്റൽ പതിപ്പിന്റെ പ്രീ ഡിങ് നവംബർ 10ന് ആരംഭിച്ചു. പ്ലേസ്റ്റേഷൻ 5ൽ ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ ഏകദേശം 212 ജിബി വേണം. ആദ്യഘട്ടത്തില്‍
പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S കൺസോളുകളിൽ മാത്രമാണ് ഗെയിം ലഭ്യമാകുക. പിസി പതിപ്പിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
GTA ചരിത്രത്തിലെ ആദ്യ വനിതാ നായിക– ഗെയിമിന്റെ കഥയിലും കഥാപാത്രങ്ങളിലും പശ്ചാത്തലത്തിലും വലിയ മാറ്റങ്ങളുമായാണ് GTA VI എത്തുന്നത്. അമേരിക്കയിലെ ഫ്ലോറിഡയെ മാതൃകയാക്കിയ സാങ്കൽപ്പിക സംസ്ഥാനമായ ലിയോണിഡയാണ് ഇത്തവണത്തെ ഗെയിമിന്റെ പശ്ചാത്തലം. ഇതിന്റെ കേന്ദ്രമായി ആധുനിക വൈസ് സിറ്റിയും തിരിച്ചെത്തുന്നു.
കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് ലൂസിയ കമിനോസും ജേസൺ ഡുവാലുമാണ്. ജയിലിൽനിന്ന് പുറത്തിറങ്ങിയ ലൂസിയ ഇനിയെങ്കിലും നല്ലൊരു ജീവിതത്തിനായാണ് ശ്രമിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾ അവളെ വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിക്കുന്നു. മുൻ സൈനികനായ ജേസണും കുറ്റകൃത്യങ്ങളുടെ വഴിയിലാണ്. ഒരു കവർച്ചാ ശ്രമം പാളുന്നതോടെ ഇരുവരും ലിയോണിഡയിലെ വലിയൊരു ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാകുന്നു. പ്രധാന കഥാപാത്രമായി ഒരു സ്ത്രീയെ അവതരിപ്പിക്കുന്നതും ആദ്യം
വൈസ് സിറ്റിയിലേക്ക് തിരിച്ചുവരവ്– GTA ആരാധകർക്ക് പരിചിതമായ പേരാണ് വൈസ് സിറ്റി. 2002ൽ പുറത്തിറങ്ങിയ GTA: Vice Cityയിലൂടെ പ്രിയപ്പെട്ട ഗെയിമിങ് ലോകമായി മാറിയ ഈ നഗരം ഇത്തവണ മോഡേണ്‍ ലുക്കിലാണ് തിരിച്ചെത്തുന്നത്. എന്നാൽ GTA VIന്റെ ലോകം വൈസ് സിറ്റിയിൽ മാത്രം ഒതുങ്ങുന്നില്ല. ലിയോണിഡ എന്ന വിശാലമായ സാങ്കൽപ്പിക സംസ്ഥാനത്തിന്റെ ഭാഗമായി നഗരങ്ങൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ, ചതുപ്പുനിലങ്ങൾ, മലനിരകൾ എന്നിവയും ഉൾപ്പെടുന്നു. ലിയോണിഡ കീസ്, ഗ്രാസ്റിവേഴ്സ്, പോർട്ട് ഗെൽഹോൺ, അംബ്രോസിയ, മൗണ്ട് കലാഗ തുടങ്ങിയ സ്ഥലങ്ങളും റോക്ക്സ്റ്റാർ പുറത്തുവിട്ട വിവരങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ ഭൂമിശാസ്ത്രവും ജീവിതശൈലിയും പശ്ചാത്തലവുമാണ് ഒരുക്കിയിരിക്കുന്നത്.
ഗെയിമിന്റെ സംഗീതത്തിനും വലിയ പ്രാധാന്യമുണ്ട്. വിവിധ റേഡിയോ സ്റ്റേഷനുകൾ, ലൈസൻസുള്ള ഗാനങ്ങൾ, ഗെയിമിനായി പ്രത്യേകം ഒരുക്കിയ സംഗീതം എന്നിവയുമുണ്ട്. ഗ്രാമി പുരസ്കാര ജേതാക്കളായ ഫ്രഞ്ച് ഇലക്ട്രോണിക് സംഘം ജസ്റ്റിസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ സംഗീതസംവിധായകന് കെവിന് റിച്ചാര്‍ഡ് പാര്‍ക്കര്‍, അമേരിക്കന്‍ സംഗീതജ്ഞ SZA തുടങ്ങിയവരുെട സംഗീതവും ഇടംപിടിച്ചിട്ടുണ്ട്.
2013ൽ പുറത്തിറങ്ങിയ GTA V 230 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച ഗെയിമാണ്. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ പരമ്പരയുടെ ആകെ വിൽപ്പന 470 ദശലക്ഷം യൂണിറ്റുകൾ പിന്നിട്ടതായാണ് കണക്ക്. പുതിയ ഗെയിമിന്റെ പ്രഖ്യാപനത്തിനുശേഷം റിലീസ് പലതവണ മാറ്റിവെച്ചിരുന്നു. മികച്ച നിലവാരവും സാങ്കേതിക മികവും ഉറപ്പാക്കുന്നതിനാണ് കൂടുതൽ സമയം ആവശ്യമായതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഒടുവിൽ 2026 നവംബർ 19 എന്ന തീയതി കമ്പനി സ്ഥിരീകരിച്ചു.