ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗെയിമേഴ്സ് കാത്തിരിക്കുന്ന GTA 6 ഇന്നുരാത്രി റിലീസ് ചെയ്യും. റോക്ക്സ്റ്റാർ ഗെയിംസിന്റെ പുതിയ GTA പതിപ്പ് 13 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എത്തുന്നത്. പ്ലേ സ്റ്റേഷന്, എക്സ് ബോക്സ് കണ്സോളുകളില് മാത്രമാണ് ആദ്യഘട്ടത്തില്‍ ഗെയിം ലഭ്യമാകുക. ഇന്ത്യ ഉള്‍പ്പടെയുള്ള 25 രാജ്യങ്ങളില്‍ വിവിധ കമ്പനികള്‍ ഗെയിം റിലീസിനോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഫിസുകളിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ, ഗെയിം കളിക്കാനായി അവധിയെടുക്കുന്ന ജീവനക്കാർ, റെക്കോർഡ് തിരക്കിലേക്ക് നീങ്ങുന്ന ഇന്റര്‍നെറ്റ് ശൃംഖലകൾ, ലോകം ഒരുപോലെ കാത്തിരിക്കുന്നത് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6നായി. ഇന്നുരാത്രി 12മണിമുതല്‍ GTA 6 ഇന്ത്യയില്‍ കളിച്ചുതുടങ്ങാം. യുകെയിൽ 70,000 സ്ഥാപനങ്ങളിലായി 12 ലക്ഷത്തിലധികം ജീവനക്കാരുടെ ഹാജർ വിവരങ്ങൾ വിശകലനം ചെയ്ത HR സ്ഥാപനമായ Bright HRന്റെ കണക്കുകൾ പ്രകാരം, GTA 6 കളിക്കാന്‍ നവംബര്‍ –ഡിസംബര്‍ മാസങ്ങളിലായി ജീവനക്കാര്‍ അവധി എടുക്കുന്നതോടെ സ്ഥാപനങ്ങൾക്ക് 1.24 കോടി പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ ഏകദേശം എട്ട് ശതമാനം പേര് GTA 6 കളിക്കുന്നതിനായി ശമ്പളത്തോടെയുള്ള അവധിയെടുക്കാനോ ജോലി, പഠന സമയക്രമങ്ങളിൽ മാറ്റം വരുത്താനോ പദ്ധതിയിടുന്നു. പ്ലേ സ്റ്റേഷന് 5ല്‍ GTA 6 ഇൻസ്റ്റാൾ ചെയ്യാന്‍ കുറഞ്ഞത് 212 ജിബി സ്റ്റോറേജ് വേണം. അതായത് ഒരു കോടി ആളുകള്‍ 212 ജിബി വീതമുള്ള ഗെയിം ഡൗൺലോഡ് ചെയ്താൽ കൈമാറ്റം ചെയ്യപ്പെടുന്ന ഡേറ്റയുടെ ആകെ അളവ് ഏകദേശം 2.12 എക്സാബൈറ്റ് ആയിരിക്കും. ഗെയിമിന്റെ ഡിജിറ്റൽ പ്രീ ഓർഡറുകളിലൂടെ ഏകദേശം 100 കോടി ഡോളർ വരുമാനം ലഭിച്ചതായാണ് റിപ്പോർട്ട്. 1.03 കോടിയിലധികം കോപ്പികൾ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ വിറ്റുപോയി.കാത്തിരിപ്പിന് വിരാമം; 13 വർഷത്തെ ഇടവേളയ്ക്കുശേഷം GTA 6 റിലീസ് ഇന്ന്