ദിവസങ്ങളുടെ ദൈര്‍ഘ്യം കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ‘ഇല്ല’ എന്നായിരിക്കും എല്ലാവരുടെയും മറുപടി. ദിവസമൊക്കെ എത്ര വേഗമാ കടന്നുപോകുന്നത് എന്ന് പറയുന്നവരും കാണും. എന്നാല്‍ ദിനങ്ങളുടെയും രാത്രികളുടെയും ദൈര്‍ഘ്യം കൂടി എന്ന് പുതിയ കണ്ടെത്തല്‍. ഭൂമിയുടെ ഭ്രമണത്തിന്‍റെ വേഗത കുറഞ്ഞെന്നാണ് നിരീക്ഷണം. കാരണക്കാരനാകട്ടെ ചന്ദ്രനും.
24 മണിക്കൂറല്ല, യഥാര്‍ഥത്തില്‍ ഭൂമി ഒരു ഭ്രമണത്തിനെടുക്കുന്ന സമയം 23 മണിക്കൂറും 56 മിനുറ്റും നാല് സെക്കന്‍ഡുമാണ്. എന്നാല്‍ ഇതില്‍ നിന്നും മിലി സെക്കന്‍ഡുകള്‍ കൂടിയിട്ടുണ്ട്. ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ദൂരേയ്ക്ക് പോകുന്നതാണ് ഇതിന് കാരണം. നാസയുടെ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷം 3.8 സെന്‍റീമീറ്റര്‍ വരെ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നുണ്ട്. ഇതൊരു ചെറിയ കണക്കാണെങ്കിലും ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണത്തിന് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
ചന്ദ്രന്‍റെ അകല്‍ച്ചകൊണ്ട് മാത്രമല്ല ഭൂമിയുടെ കറക്കത്തിന്‍റെ വേഗത കുറയുന്നത് എന്നതാണ് കൗതുകമുള്ള മറ്റൊരു കാര്യം. ആഗോളതാപനം കാരണം ആര്‍ട്ടിക്കിലെയും അന്‍റാര്‍ട്ടിക്കയിലെയും മഞ്ഞുപാളികള്‍ ഉരുകുകയും, ഉരുകി കടലിലേക്കൊഴുകുന്ന ജലം ഭൂമിയുടെ കറക്കം കാരണം ഭൂമധ്യരേഖാ പ്രദേശത്ത് കുമിഞ്ഞുകൂടുന്നതും ഭൂമിയുടെ വ്യാപ്തി വര്‍ധിക്കുന്നതും ഭ്രമണത്തിന്‍റെ വേഗത കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. ക്രമേണ ചന്ദ്രന്‍ ഭൂമിയുെട ഭ്രമണപഥത്തില്‍ നിന്ന് കൂടുതല്‍ അകലുമെന്നത് പണ്ട് തന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ വിട്ടുപോകും മുന്‍പ് തന്നെ സൂര്യന്‍ കത്തിത്തീരുകയും ഭൂമി നശിക്കുകയും ചെയ്യും. 500 കോടി വര്‍ഷം കൂടിയേ സൂര്യന് ആയുസുള്ളു.