ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുക എന്നതായിരുന്നു ഒരുകാലത്ത് ബഹിരാകാശ ഏജൻസികളുടെ ഏറ്റവും വലിയ ലക്ഷ്യം. എന്നാൽ ഇനി ലക്ഷ്യം മാറുകയാണ്. ചന്ദ്രനിലെത്തി മടങ്ങുക മാത്രമല്ല, അവിടെ മനുഷ്യർക്ക് ദീർഘകാലം താമസിക്കാനും ഗവേഷണം നടത്താനും കഴിയുന്ന കേന്ദ്രങ്ങൾ ഒരുക്കുകയാണ് അടുത്ത ഘട്ടം. എന്നാൽ അത്തരമൊരു മൂൺ ബേസ് യാഥാർഥ്യമാകണമെങ്കിൽ ആദ്യം പരിഹരിക്കേണ്ട പ്രധാന പ്രശ്നങ്ങളിലൊന്ന് വൈദ്യുതിയാണ്.ഇതിന് പുതിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ Blue Origin. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കും മൂൺ ബേസുകൾക്കും വൈദ്യുതി നൽകാൻ കഴിയുന്ന 20 മീറ്റർ ഉയരമുള്ള 'Power Tower' എന്ന സോളർ സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്.
Blue Origin-ന്റെ Blue Moon MK1 ചാന്ദ്ര ലാൻഡറിന്റെ മുകളിലാണ് ഈ സോളർ ടവർ സ്ഥാപിക്കുന്നത്. യാത്രയ്ക്കിടെ മടക്കിവച്ചിരിക്കുന്ന സംവിധാനം ചന്ദ്രനിലെത്തിയ ശേഷം മുകളിലേക്ക് തുറന്നുവരും. ടവർ പൂർണമായി വിന്യസിക്കുമ്പോൾ ലാൻഡറും സംവിധാനവും ചേർന്നുള്ള ഉയരം ഏകദേശം 26 മീറ്ററിലെത്തും.
എന്തിനാണ് ചന്ദ്രനിൽ ഇത്ര ഉയരമുള്ള സോളാർ ടവർ?
ഭൂമിയിൽ ഒരു സോളർ പാനൽ സ്ഥാപിക്കുന്നതുപോലെയല്ല ചന്ദ്രനിലെ സാഹചര്യം. ചന്ദ്രന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം രണ്ടാഴ്ചയോളം നീളുന്ന രാത്രികാലം അനുഭവപ്പെടാം. അതായത് ഇത്രയും സമയം നേരിട്ട് സൂര്യപ്രകാശം ലഭിക്കില്ല. എന്നാൽ ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. പ്രത്യേകിച്ച് ചില ഉയർന്ന പ്രദേശങ്ങളിൽ വളരെ ദീർഘസമയം സൂര്യപ്രകാശം ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്. ഈ പ്രകാശം പരമാവധി പ്രയോജനപ്പെടുത്തുകയാണ് Power Tower-ന്റെ ലക്ഷ്യം. സോളർ പാനലുകളെ ഉയരത്തിൽ വിന്യസിക്കുന്നതിലൂടെ സൂര്യപ്രകാശം സ്വീകരിച്ച് ചന്ദ്രനിലെ സംവിധാനങ്ങൾക്ക് തുടർച്ചയായി വൈദ്യുതി നൽകാനാണ് പദ്ധതി.
ഈ Power Tower-ന് 10 കിലോവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് Blue Origin പറയുന്നത്. ഭാവിയിൽ ലാൻഡറുകൾ, റോവറുകൾ, ശാസ്ത്രീയ ഉപകരണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ ഇത്തരം വൈദ്യുതി സംവിധാനങ്ങൾ ഉപയോഗിക്കാം. പിന്നീട് മനുഷ്യർ ചന്ദ്രനിൽ ദീർഘകാലം താമസിക്കുന്ന സാഹചര്യം വന്നാൽ താമസകേന്ദ്രങ്ങളിലെ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും സ്ഥിരമായ വൈദ്യുതി ആവശ്യമായി വരും. അതുകൊണ്ടുതന്നെ ചന്ദ്രനിൽ സ്വന്തമായി ഊർജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
Power Tower തുറന്നുവരുന്നതിന്റെ പരീക്ഷണവും Blue Origin നടത്തിയിട്ടുണ്ട്. ഭൂമിയിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രനിലെ യഥാർഥ സാഹചര്യത്തിൽ ഇത് എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നതാണ് ഇനി നിർണായകം.
Blue Moon MK1
Power Tower മാത്രമല്ല ഈ പദ്ധതിയിലെ താരം. അതിനെ ചന്ദ്രനിലെത്തിക്കുന്ന Blue Moon MK1 ലാൻഡറും നിർണായകമാണ്. NASA ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിവിധ ഉപകരണങ്ങൾ എത്തിക്കുന്നതിനായി Blue Moon MK1 ഉപയോഗിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.
ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകളിലും Blue Origin പ്രവർത്തിക്കുന്നുണ്ട്. Blue Alchemist എന്ന പദ്ധതിയിലൂടെ ചന്ദ്രന്റെ മണ്ണായ Regolith ഉപയോഗിച്ച് സോളർ സെല്ലുകളും മറ്റ് വസ്തുക്കളും നിർമ്മിക്കാനുള്ള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്.
ഒരുകാലത്ത് ചന്ദ്രനിൽ മനുഷ്യന്റെ കാൽപ്പാട് പതിപ്പിക്കുകയായിരുന്നു വലിയ നേട്ടം. ഇനി അവിടെ 'പവർ സ്റ്റേഷൻ' ഒരുക്കി മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് വഴിയൊരുക്കുകയാണ് പുതിയ ലക്ഷ്യം.