ഗൂഗിളിന് 1ബില്യൺ യൂറോ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍. വൻകിട ടെക് കമ്പനികളുടെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഇ.യുവിന്‍റെ നിയമങ്ങൾ ലംഘിച്ചതിനാണ് പിഴയെന്ന് യൂറോപ്യൻ കമ്മീഷന്‍ അറിയിച്ചു.
വൻകിട ടെക് കമ്പനികൾ മറ്റ് ചെറിയ കമ്പനികളെ അടിച്ചമർത്തുന്നത് തടയാൻ വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴ ചുമത്തിയത്. അമേരിക്ക ഈ നടപടിയെ എതിർക്കുകയും പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും യൂറോപ്യൻ യൂണിയൻ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല.
യൂറോപ്യൻ കമ്മീഷൻ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA) പ്രകാരമാണ് ആദ്യത്തെ പിഴയായ 460 മില്യൺ യൂറോ ചുമത്തിയത്. സേർച്ച് ഫലങ്ങളിൽ ഷോപ്പിംഗ്, ഹോട്ടലുകൾ, ഗതാഗതം, സ്പോർട്സ് ഫലങ്ങൾ എന്നിവയിൽ സ്വന്തം സേവനങ്ങൾക്ക് മുൻഗണന നൽകിയതിനാണ് ഈ പിഴ.
രണ്ടാമത്തെ പിഴയായ 430 മില്യൺ യൂറോ ഗൂഗിളിന്റെ ആപ്പ് സ്റ്റോർ നിയന്ത്രണങ്ങൾക്കാണ്. മറ്റ് ആപ്പ് സ്റ്റോറുകളിലെയും വെബ്സൈറ്റുകളിലെയും ലാഭകരമായ ഓഫറുകളിലേക്ക് ഉപഭോക്താക്കളെ ആപ്പ് ഡെവലപ്പർമാർ സൗജന്യമായി തിരിച്ചുവിടുന്നത് തടഞ്ഞതിനാണ് ഇത്.
ഡിഎംഎ നിയമപ്രകാരം ഗൂഗിൾ നേരിടുന്ന ആദ്യത്തെ പിഴകളാണിത്. എന്നാൽ മത്സരവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഗൂഗിളിന് ലഭിക്കുന്ന അഞ്ചാമത്തെയും ആറാമത്തെയും പിഴയാണിത്. ഇതോടെ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഗൂഗിൾ നൽകേണ്ടി വന്ന ആകെ പിഴത്തുക 10.38 ബില്യൺ യൂറോ ആയി.