നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് ഒഴിവാക്കണോ? ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, വീട്ടു വിലാസങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, സർക്കാർ തിരിച്ചറിയൽ രേഖാ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ സെര്‍ച്ച് റിസള്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത് ചിലപ്പോള്‍ തട്ടിപ്പുകള്‍ക്ക് ഇടയാക്കിയേക്കാം.
Read Also: വാട്‌സ്ആപ്പില്‍ ഈ മെസേജുകള്‍ വന്നോ? ജാഗ്രത; തട്ടിപ്പില്‍ വീഴരുതേ
പലപ്പോഴും തേര്‍ഡ്പാര്‍ട്ടി വെബ്‌സൈറ്റുകളിൽ നിന്ന് വിവരങ്ങൾ നേരിട്ട് നീക്കം ചെയ്യാൻ ഗൂഗിളിന് കഴിയില്ല. എങ്കിലും ഗൂഗിൾ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാൻ ഉപയോക്താക്കൾക്ക് അഭ്യർത്ഥിക്കാവുന്നതാണ്. വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ (personally identifiable information - PII) ഓൺലൈനിൽ എപ്പോഴൊക്കെ വരുന്നു എന്ന് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഗൂഗിൾ ഒരുക്കുന്നുണ്ട്.
ഗൂഗിൾ തിരയലിൽ നിന്ന് നിങ്ങളുടെ പേഴ്സണല്‍ ഡീറ്റെയില്‍സ് എങ്ങനെ നീക്കം എന്ന് നോക്കാം. അതിനായി ആദ്യം ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ വരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഗൂഗിൾ സെർച്ച് ഫലങ്ങളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യുന്നത് എങ്ങനെ?
മൊബൈൽ അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് ബ്രൗസറുകളിലെ സെർച്ച് ഫലങ്ങളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാൻ ഗൂഗിൾ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇതിനായി ഇക്കാര്യങ്ങള്‍ ചെയ്യാം.
സെൻസിറ്റീവ് വിവരങ്ങൾ നീക്കം ചെയ്യാം
ചില വിഭാഗത്തിലുള്ള വിവരങ്ങൾ ഒഴിവാക്കുന്നതിന് ഗൂഗിളിന് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ കഴിയും.
സർക്കാർ തിരിച്ചറിയൽ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും, ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍, മെഡിക്കൽ രേഖകൾ തുടങ്ങിയവ ഒഴിവാക്കാന്‍ ഗൂഗിളിന് request നല്‍കാവുന്നതാണ്.
ഇതിനായി, ഗൂഗിളിന്‍റെ personal content removal support page സന്ദർശിക്കുക. നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വിഭാഗം തിരഞ്ഞെടുക്കുക. URL-കളും വിവരണങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങള്‍ നല്‍കുക.
നീക്കം ചെയ്യൽ റിക്വസ്റ്റ് സമർപ്പിച്ചാല്‍ Google ഒരു സ്ഥിരീകരണ ഇമെയിൽ അയയ്ക്കും. തുടർന്ന് ഗൂഗിള്‍ നിങ്ങള്‍ നല്‍കിയ റിക്വസ്റ്റ് പരിശോധിക്കുകയും ചിലപ്പോള്‍ കൂടുതൽ വിവരങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തേക്കാം. അതിനുശേഷം, നടപടി സ്വീകരിച്ചാലോ അഭ്യർത്ഥന നിരസിക്കപ്പെട്ടാലോ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും.