പുതിയ ജി മെയില്‍ അക്കൗണ്ട് ഉണ്ടാക്കുന്നവര്‍ക്ക് ഇനി മുതല്‍ 15 ജിബി സൗജന്യ സ്റ്റോറേജ് സൗകര്യം ലഭിക്കില്ല. ഗൂഗിളിന്‍റെ പുതിയ സ്റ്റോറേജ് പോളിസി പ്രകാരം അക്കൗണ്ട് ഉണ്ടാക്കുന്നവര്‍ക്ക് തുടക്കത്തില്‍ 5ജിബിയാണ് സൗജന്യ സ്റ്റോറേജായി ലഭിക്കുക. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കുകയാണെങ്കില്‍ അധിക ജിബി അനുവദിക്കും.
പുതുതായി അക്കൗണ്ട് ആരംഭിക്കുമ്പോള്‍ സാധാരണയായി ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കായി 15 ജിബി സൗജന്യ സ്റ്റോറേജാണാ സാധാരണ ലഭിക്കുക. പോളിസി മാറിയതോടെ ഉപയോക്താക്കൾക്ക് രണ്ട് ഓപ്ഷനുകളാണ് കാണിച്ചത്. അഞ്ച് ജിബി സൗജന്യ സ്റ്റോറേജ് ഉപയോഗിക്കുക അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കി 15 ജിബി സേവനം ഉപയോഗിക്കുക. പുതിയ സ്റ്റോറേജ് പോളിസി പരീക്ഷണ ഘട്ടത്തിലാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.
തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ പുതിയ അക്കൗണ്ടുകൾക്ക് പുതിയ സ്റ്റോറേജ് പോളിസി പരീക്ഷിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഉയർന്ന നിലവാരമുള്ള സ്റ്റോറേജ് സേവനം തുടർന്നും നൽകാൻ ഇത് സഹായിക്കും എന്ന് ഗൂഗിള്‍ വക്താവ് ആന്‍ഡ്രോയിഡ് അതോറിറ്റിയോട് പറഞ്ഞു. ഏതൊക്കെ ഭാഗങ്ങളിലാണ് പുതിയ പോളിസിയുടെ ട്രയല്‍ നടക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്ന് വിവിധ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് താല്‍ക്കാലിക പരീക്ഷണമാണോ എന്നതിലും കമ്പനി വ്യക്തത വരുത്തിയിട്ടില്ല.