romina

യൂറോപ്യൻ യൂണിയന്‍ യോഗത്തില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞുമായെത്തി ചരിത്രം കുറിച്ച് സ്വീഡിഷ് കാലാവസ്ഥാ മന്ത്രി റൊമിന പൗർമോഖ്താരി. കാലാവസ്ഥാ വ്യതിയാന നയങ്ങളെക്കുറിച്ചുള്ള ലക്സംബർഗിൽ നടന്ന ഒരു ദിവസത്തെ കൗൺസിൽ യോഗത്തിനാണ് റൊമിന തന്റെ മകൻ ആദമുമായി എത്തിയത്. ആദ്യമായാണ് ഇത്തരത്തിൽ ഒരംഗം കുഞ്ഞുമായി എത്തുന്നതെന്ന് യൂറോപ്യന് യൂണിയൻ കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. 

ജോലിയും മാതൃത്വവും ഒന്നിച്ച് വരുമ്പോൾ അതിൽ ഒന്നിനെ മാത്രമായി തിരഞ്ഞെടുക്കേണ്ടതില്ല എന്നത് ലോകത്തെ കാണിക്കുക ആയിരുന്നു തന്റെ ഉദ്ദേശമെന്ന് റൊമിന പൗർമോഖ്താരി പ്രതികരിച്ചു. എന്നാൽ അതിന് ദിനോസറിന്റെ കാലത്തെ ചിന്താഗതികളുമായി നടക്കാത്ത ഒരു ജീവിതപങ്കാളി കൂടെ വേണം, പുരോഗമനപരമായി ചിന്തിക്കുന്നതും ഒപ്പം നിന്ന് ഉത്തരവാദിത്തം പങ്കിടാൻ തയാറുള്ളതുമായ ഒരാള്‍ വേണം എന്നായിരുന്നു റൊമിനയുടെ പ്രതികരണം. 

യോഗത്തിനിടയിൽ ഒരു തവണ മാത്രമാണ് കുഞ്ഞ് കരഞ്ഞത്. റൊമിന യോഗത്തിൽ സംസാരിക്കവെയാണ് ആദം കരഞ്ഞത്. ഉടൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട്, 'നല്ല ടൈമിങ്, ആദം' എന്ന് പറഞ്ഞുകൊണ്ട് റൊമിന  പ്രസംഗം തുടർന്നു.  2022-ൽ അധികാരമേറ്റപ്പോൾ 30 കാരിയായ പൗർമോഖ്താരി സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. പ്രസവാവധി കഴിഞ്ഞ് റോമിന ജോലിയിൽ തിരികെ പ്രവേശിച്ചതേയുള്ളൂ.  ഭർത്താവും റൊമിനയ്‌ക്കൊപ്പം ലക്‌സംബർഗിലെത്തിയിരുന്നു. സെപ്റ്റംബറിൽ സ്വീഡനിൽ നടക്കുന്ന തിരഞ്ഞെടുപ്പ് വരെ ഭർത്താവ് അവധിയിലാണ്.

ലോകത്ത് ഏറ്റവും ഉദാരമായി പ്രസവാവധി നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. മാതാപിതാക്കൾക്ക് ആകെ 16 മാസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഇതിൽ 90 ദിവസം കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രത്യേകമായുള്ളതാണ്. ഇത് പര്സപരം കൈമാറാൻ കഴിയില്ല. ഒരു രക്ഷിതാവ് ആ അവധി എടുത്തില്ലെങ്കിൽ അത് അവർക്ക് നഷ്ടമാകും. അച്ഛന്മാരെ കുഞ്ഞുങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കാനായാണ് കൈമാറാൻ കഴിയാത്ത തരത്തിലുള്ള അവധിയുള്ളത്. ഈ അവധി  കാലഘട്ടം 'ഡാഡ് മന്ത്‌സ്' എന്നാണ് അറിയപ്പെടുന്നത്.

ENGLISH SUMMARY:

Swedish Climate Minister Romina Pourmokhtari made history by attending an EU Council meeting with her three-month-old son, Adam. This event highlights the possibility of balancing motherhood and a demanding political career, challenging traditional notions of work and family roles.