Image: AI
രാജ്യത്തെ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎന്‍) സേവന ദാതാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിപിഎന്‍ കമ്പനികള്‍ രാജ്യത്തെ നിലവിലുള്ള സൈബര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കംപ്ലയൻസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കേന്ദ്രം പറയുന്നു. മാത്രമല്ല ഇതോടെ വിപിഎന്‍ ഉപയോഗിക്കുന്നവരുടെ, നിയമം അനുശാസിക്കുന്ന രേഖകൾ സൂക്ഷിക്കാനും കമ്പനികൾ നിർബന്ധിതരാകും.
ഡിജിറ്റല്‍ ഐഡന്റിറ്റി മറയ്ക്കാനും, പ്രാദേശിക നിയന്ത്രണങ്ങള്‍ മറികടക്കാനും, രാജ്യത്ത് നിരോധിച്ചിട്ടുള്ള വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനും വി.പി.എൻ സേവനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആശങ്കയെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നടപടി. സാധാരണ ഉപയോക്താക്കളെ നിരീക്ഷിക്കുകയല്ല, മറിച്ച് സൈബർ കുറ്റകൃത്യങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് അവസരമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
2021 ലെ ഐ.ടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ ഭീമന്‍മാര്‍ക്ക് ബാധകമായ സമാന സംവിധാനമാണ് വി.പി.എൻ ദാതാക്കൾക്കും സർക്കാർ ലക്ഷ്യമിടുന്നത്. എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെയും CERT-In-ന്റെയും ചോദ്യങ്ങളോട് പ്രതികരിക്കാനായി ഉത്തരവാദിത്തമുള്ള കംപ്ലയൻസ് ഓഫീസർമാരെയോ അംഗീകൃത പ്രതിനിധികളെയോ നിയമിക്കാന്‍ കേന്ദ്രം വി.പി.എൻ ദാതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. വി.പി.എൻ, ക്ലൗഡ് സേവന ദാതാക്കൾ, ഡാറ്റ സെന്ററുകൾ എന്നിവർ ഉപഭോക്താക്കളുടെ വിവരങ്ങൾ സേവനം അവസാനിപ്പിച്ചതിന് ശേഷവും കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണം. ഉപഭോക്താക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ, ഐ.പി അഡ്രസ്, സേവനം ഉപയോഗിച്ച കാലയളവ് തുടങ്ങിയവ കൃത്യമായി സൂക്ഷിക്കുകയും നിയമപരമായ അന്വേഷണങ്ങൾക്കായി ആവശ്യപ്പെടുമ്പോൾ നൽകുകയും വേണം.
സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ഫിഷിങ് തുടങ്ങിയവ അന്വേഷിക്കുന്നതിൽ ഏജന്‍സികളുടെ കഴിവ് വർദ്ധിപ്പിക്കാനാണ് ഈ ചട്ടക്കൂട് ലക്ഷ്യമിടുന്നത്. എന്നാൽ, ഉപഭോക്തൃ വിവരങ്ങൾ ശേഖരിക്കുന്നത് തങ്ങളുടെ 'നോ-ലോഗ്' നയങ്ങൾക്ക് വിരുദ്ധമാണെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പല വി.പി.എൻ കമ്പനികളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. എക്‌സ്‌പ്രസ് വി.പി.എൻ പോലുള്ള ചില പ്രമുഖ ദാതാക്കൾ ഇന്ത്യയിലെ തങ്ങളുടെ ഫിസിക്കൽ സെർവറുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.