Ai Generated Image
ഓണ്‍ലൈന്‍ ട്രേഡിങിലൂടെ ഒരു കോടി തട്ടിയ പ്രതിയെ പിടികൂടിയപ്പോള്‍ പൊലീസെത്തിയത് ഹവാല ഇടപാടിലും സ്വര്‍ണകടത്തിലും. ഒരുവര്‍ഷം മുമ്പ് രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടി രൂപയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. കാസര്‍ക്കോട് കുമ്പള സ്വദേശി അബ്ദുല്‍ റംഷീദിനെ കഴിഞ്ഞദിവസം പിടികൂടിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വര്‍ണകടത്തിലും കുഴല്‍പ്പണത്തിനുമായാണ് ഉപയോഗിക്കുന്നത്. പ്രമുഖ ധനകാര്യസ്ഥാപനത്തിന്‍റെ വ്യാജ വെബ് സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഇത് വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതും. ഉയര്‍ന്ന ലാഭമായിരുന്നു വാഗ്ദാനം. ടെലഗ്രാമിലൂടെയുടെയാണ് ദമ്പതികളുമായി പ്രതി ബന്ധപ്പെട്ടത്. കുറഞ്ഞപണം നിക്ഷേപിച്ചപ്പോള്‍ ലാഭം കിട്ടിതുടങ്ങി. പിന്നീട് വന്‍തുക നിക്ഷേപിച്ചതോടെയാണ് ചതി മനസിലായത്. ഇതോടെ സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
വിദേശത്തുള്ള അബ്ദുല്‍ റംഷീദിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രതിയെ പിടികൂടിയത്. സംസാരത്തിലും മറ്റും അസ്വാഭാവികത തോന്നി കസ്റ്റംസ് അബ്ദുല്‍ റംഷീദിനെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണം. സ്വകാര്യഭാഗത്ത് മറച്ചുവെച്ചായിരുന്നു സ്വര്‍ണകടത്ത്. ഓണ്‍ലൈന്‍ ട്രേഡിങിലൂടെ ലഭിക്കുന്ന പണം സ്വര്‍ണകടത്തിനും ഹവാല ഇടപാടുകള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് പ്രതിയുടെ മൊഴി. കാസര്‍ക്കോട് സ്വദേശിയായ മറ്റൊരാളാണ് തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.