സ്ഥിരമായി മോഷണം, കള്ളനെ പിടിക്കാന്‍ അവസാനം വീട്ടുടമ സിസിടിവി ക്യാമറ വച്ചു. ഒടുവില്‍ കുടുങ്ങിയപ്പോള്‍ വസ്ത്രം അഴിച്ച് പൊലീസിൽ പരാതി നൽകുമെന്നായി മോഷ്ടാവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. മുഹാന പ്രദേശത്തെ വീട്ടിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആഭരണങ്ങളും പണവും മോഷണം പോയിരുന്നു. തുടർന്നാണ് വീട്ടുടമ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം കുടുംബം ഒരു വിനോദയാത്രയ്ക്കായി പുറപ്പെട്ടു. ആ സമയം, വീട്ടുടമ മൊബൈലിലൂടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു യുവതി വീട്ടിലെ കിടപ്പുമുറിയിൽ കയറുന്നതായി കണ്ടത്. യുവതി മുറിയിലെ കയറി അലമാര കുത്തി തുറന്ന് ആഭരണപ്പെട്ടി പരിശോധിക്കുകയും വിലപിടിപ്പുള്ള ആഭരണങ്ങൾ എടുക്കുകയും ചെയ്തു. വീട്ടുടമ ഉടൻ തന്നെ അയൽവാസിയെ വിളിച്ച് വീടിന്റെ പ്രധാന ഗേറ്റ് പൂട്ടാൻ ആവശ്യപ്പെടുകയും വേഗത്തിൽ വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
വീട്ടിനുള്ളിൽ കുടുങ്ങിയ യുവതി പിടിക്കപ്പെട്ടതോടെ തന്റെ വസ്ത്രം അഴിച്ച് പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വീട്ടുടമ പകർത്തിയ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.