ഇമെയിൽ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ നമ്മൾ കൊണ്ടുനടക്കുന്ന ആ മെയിൽ ഐഡി ഇല്ലേ.. അത് ഉപയോഗിച്ച് മടപ്പു തോന്നിയിട്ടുണ്ടോ.. കാലഹരണപ്പെട്ട ഇമെയിൽ വിലാസം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് പുതിയ ഫീച്ചർ എക്‌സ് പോസ്റ്റിൽ വിശദീകരിച്ചത്.
'2004 ഒരു നല്ല വർഷമായിരുന്നു. എന്നാൽ നിങ്ങളുടെ ജിമെയിൽ അഡ്രസ് അതിൽ കുടുങ്ങിക്കിടക്കേണ്ടതില്ല. ജിമെയിൽ അഡ്രസ് മാറ്റാം. v0t3f0rp3dr02004@gmail.com അല്ലെങ്കിൽ mrbrightside416@gmail.com അതുപോലെ ഉള്ളതിനോടൊക്കെ വിടപറയാൻ സമയമായി. നിലവിലെ അക്കൗണ്ട് നിലനിർത്തിക്കൊണ്ട് പുതിയ ജിമെയിൽ അഡ്രസ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ. ജിമെയിലിലെ സെറ്റിങ്സ് പേജിലേക്ക് പോയി ലഭ്യമായ പുതിയ അഡ്രസ് തിരഞ്ഞെടുക്കാം '-സുന്ദർ പിച്ചെ എക്‌സിൽ കുറിച്ചു.
പഴയ അഡ്രസിൽ നിങ്ങൾക്ക് വരുന്ന മെയിലുകളും പുതിയ അക്കൗണ്ടിൽ ലഭ്യമാകും. രണ്ട് അഡ്രസിലും ലഭിക്കുന്ന ഇമെയിലുകൾ ഒരേ ഇൻബോക്സിൽ വരും. പഴയ അഡ്രസ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. അത് മറ്റൊരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയില്ല. ഈ ഫീച്ചർ നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഇതുമാത്രമല്ല, ജിമെയിലിലേക്ക് ഗൂഗിൾ കൂടുതൽ എഐ ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. എഐ ഇൻബോക്‌സാണ് അതിൽ പ്രധാനം. എഐ ഇൻബോക്സിൽ ഗൂഗിൾ ജെമിനി പ്രധാനപ്പെട്ട ഇമെയിലുകൾക്ക് മുൻഗണന നൽകും. ഇൻബോക്സിലെ അനാവശ്യ സന്ദേശങ്ങൾ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യും. ബിൽ പേയ്മെൻ്റുകൾ പോലുള്ള മുൻഗണന നൽകേണ്ട ഇമെയിലുകൾ ശ്രദ്ധ ആകർഷിക്കുന്നതിനായി ഡ്യൂ ഡേറ്റോടെ ബോൾഡിൽ കാണിക്കും. എഐ ഇൻബോക്‌സ് നിലവിൽ യുഎസിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്.