വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിന് ആശ്വാസം. ലാലിന്‍റെ വ്യാജ ചിത്രങ്ങള്‍ വിഡിയോകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ മെറ്റയ്ക്കും ഗൂഗിളിനുമടക്കം ഡൽഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ലിങ്കുകള്‍ നീക്കുന്നതില്‍ ഇന്ന് വൈകുന്നേരത്തിനകം പ്ലാറ്റ്‌ഫോമുകള്‍ വിവരം നല്‍കണം, ശേഷം ഇടക്കാല ഉത്തരവിറക്കും.
മോഹന്‍ലാലിന്‍റെ പേര്, അനുമതിയില്ലാതെ ഉപയോഗിച്ച ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, ശബ്ദം എന്നിവ നീക്കം ചെയ്യാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. മെറ്റ, ഗൂഗിള്‍, ഇ കൊമേഴ്സ് സ്ഥാനപങ്ങളുടേതടക്കമുള്ള വെബ്സൈറ്റുകള്‍ തുടങ്ങിയവയ്ക്കാണ് നിര്‍ദേശം. തന്‍റെ വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കണമെന്നും വ്യാജ സൃഷ്ടികളും പകർപ്പവകാശ ലംഘനവും തടയണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇടപെടല്‍. ലിങ്കുകള്‍ നീക്കുന്നതില്‍ പ്ലാറ്റ്ഫോമുകള്‍ വിവരം നല്‍കണം.
അനുവാദമില്ലാതെ ചിത്രവും പേരും ഉപയോഗിക്കുന്നതെന്തിനാണെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനത്തോട് ജസ്റ്റിസ് ജസ്റ്റിസ് ജ്യോതി സിങ് ചോദിച്ചു. നീക്കം ചെയ്യേണ്ട ഓണ്‍ലൈന്‍ പേജുകളുടെ ക്രോഡീകരിച്ച വിവരം സഹിതം മോഹന്‍ലാലിന്‍റെ അഭിഭാഷകര്‍ പുതിയ അപേക്ഷ നല്‍കി. വ്യാജ നിര്‍മിതികള്‍ അപ്‌ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് നിർദ്ദേശിച്ച കോടതി കേസിൽ കൂടുതൽ പേരെ എതിര്‍കക്ഷികളാക്കാനും അനുമതി നൽകി. തന്റെ പേരില്‍ അനധികൃത ഓണ്‍ലൈന്‍ വ്യാപാരം നടക്കുന്നതായും എ.ഐ നിര്‍മിത ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് ബോഡി ഷെയ്മിംഗ് നടത്തുന്നതായും മോഹൻലാൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അമിതാഭ് ബച്ചനട്കം ഒട്ടേറെ സിനിമ, ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് സമാന ഹർജിയിൽ അനുകൂല വിധി നേടിയിയിട്ടുണ്ട്.